വീണ്ടും പരസ്യ പ്രസ്താവനയുമായി എം ഐ ഷാനവാസിനെതിരെ യൂത്ത് ലീഗ്‌

Posted on: August 13, 2013 2:21 pm | Last updated: August 13, 2013 at 2:21 pm
SHARE

കല്‍പറ്റ: വീണ്ടും എം ഐ ഷാനവാസ് എം പി നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പരസ്യ പ്രസ്താവനയുമായി യൂത്ത് ലീഗ് രംഗത്ത്. പാട്ടക്കരാര്‍ പ്രകാരം ഇപ്പോഴത്തെ ഉടമകള്‍ കൈവശം വെയ്കുന്ന പേര്യ ഗ്ലന്‍ലെവന്‍ എസ്റ്റേറ്റ് ഏറ്റെടുക്കാനാണ് ഷാനവാസ് ആദ്യം മുതല്‍ കരുക്കള്‍ നീക്കിയത്.
റിയല്‍എസ്റ്റേറ്റ് ലോബിയുടെ കൈവശമുള്ള ഈ ഭൂമി ഏറ്റെടുക്കുന്നതിന് എതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ട് മൗനം പാലിക്കുന്ന എം ഐ ഷാനവാസിന്റെ നിലപാട് സംശയം വര്‍ധിപ്പിക്കുന്നതായി യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ഭൂമി കച്ചവട താല്‍പര്യത്തിന്റെ പേരില്‍ ശ്രീചിത്തിര സെന്റര്‍ വയനാടിന് നഷ്ടപ്പെട്ടാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഷാനവാസിനായിരിക്കുമെന്നും യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
എം ഐ ഷാനവാസിന്റെ കച്ചവട താല്‍പര്യത്തോടെയുള്ള ഇടപെടലുകലെ ചൊല്ലും മുന്‍പും യൂത്ത് ലീഗ് രംഗത്തെത്തിയിരുന്നു. ഗ്ലെന്‍ലെവന്‍ ഭൂമി കച്ചവടമായി ബന്ധപ്പെട്ട് നേരത്തെ തന്നെ എം പിയുണ്ടാക്കിയ ധാരണ ഏറെക്കുറെ വയനാട്ടില്‍ അങ്ങാടിപ്പാട്ടാണ്. പാട്ടക്കരാര്‍ പ്രകാരമുള്ള ഭൂമി ഏറ്റെടുക്കാനുള്ള നിയമ തടസം ചൂണ്ടിക്കാട്ടി മുന്‍ കലക്ടര്‍ കെ ഗോപാലകൃഷ്ണഭട്ട് രണ്ട് തവണ ബന്ധപ്പെട്ട ഫയല്‍ മടക്കിയിരുന്നു, ഇത് എം പിയെ ചൊടിപ്പിച്ചു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ തസ്തിക പോലും അനുവദിക്കാതെ സ്ഥലംമാറ്റിയത്.
ഭൂമിയുടെ ഇപ്പോഴത്തെ ഉടമസ്ഥരും ഇടനിലക്കാരായ യു ഡി എഫ് നേതാക്കളും കഴിഞ്ഞ ദിവസം ജില്ലാ കലക്ടറുടെ ചേമ്പറില്‍ വെച്ച് ചര്‍ച്ച നടത്തിയിരുന്നു. ഒരു കാരണവശാലും ഏറ്റെടുക്കാന്‍ കഴിയാത്ത ഉടമസ്ഥാവകാശ രേഖ സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്ന ഭൂമി നിയമം മറികടനും ഏറ്റെടുക്കാനുള്ള തന്ത്രങ്ങളാണ് ഷാനവാസിന് വേണ്ടി ഉദ്യോഗസ്ഥര്‍ പരീക്ഷിക്കാനൊരുങ്ങുന്നത്. മുന്‍പ് വയനാട്ടില്‍ സേവനം അനുഷ്ഠിച്ചൊരു എ ഡി എമ്മിനെ നിയമിച്ചത് തന്നെ ഈ ഭൂമി കച്ചവടത്തിലെ സാങ്കേതിക തടസങ്ങള്‍ നീക്കണമെന്ന ഉപാധിയോടെയായിരുന്നു. 2010 മുതല്‍ ശ്രീചിത്തിര സെന്ററിന്റെ പേരില്‍ നോട്ടമിട്ടതായിരുന്നു ഭൂമി കച്ചവടം.
ഏറ്റവും ഒടുക്കം ശ്രീചിത്തിര ഡയറക്ടര്‍ തന്നെ വയനാട്ടില്‍ എത്തി പ്രിയദര്‍ശിനി സഹകരണ സംഘത്തിന്റെ പക്കല്‍ കുന്നത്തിടവക വില്ലേജിലെ ലക്കിടിയിലുള്ള ഭൂമി സെന്ററിന് അനുയോജ്യമെന്ന് കണ്ടെത്തിയിരുന്നു. വയനാട് പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വെറ്ററിനറി സര്‍വകലാശാലയോട് ചേര്‍ന്ന ഈ ഭൂമിയില്‍ തന്നെയാവും ശ്രീചിത്തിര സെന്റര്‍ വരികയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ പിന്നീട് കണ്ടത് ഗൂഡമായ ഇടപെടലാണ്. ഈ ഭൂമി ഏറ്റെടുപ്പിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് അനുകൂല ആദിവാസി നേതാവിനെ കൊണ്ട് മുഖ്യമന്ത്രിക്ക് പരാതി അയപ്പിച്ചു. ഇത്തരം ഒന്നോ രണ്ടോ പരാതിയുടെ പേരില്‍ മുഖ്യമന്ത്രി ആദിവാസി സംഘടനാ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്ത് പൂക്കോട് ഭൂമി ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.