സോളാര്‍: ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

Posted on: August 13, 2013 11:58 am | Last updated: August 13, 2013 at 6:45 pm
SHARE

Oommen Chandyതിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഹൈക്കോടത് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കും. ഇതു സംബന്ധിച്ച് ടേംസ് ഓഫ് റഫറന്‍സ് പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

യു ഡി എഫ് യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ അവസരം പ്രതിപക്ഷം ഉപയോഗിക്കണമെന്നും സമരം പിന്‍വലിച്ച് സര്‍ക്കാറുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

അതേ സമയം ഇന്നലെ ആരംഭിച്ച സെക്രട്ടേറിയേറ്റ് ഉപരോധം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. ചില ചെറിയ സംഘര്‍ഷങ്ങള്‍ ഒഴിച്ചാല്‍ ഇന്നലെ സമാധാനപരമായിരുന്നു സമരം. ഇന്നും സമാധാനപരമായി തുടങ്ങിയ സമരത്തില്‍ പക്ഷേ പോലീസിന് നേരെ കല്ലേറുണ്ടായി. ബേക്കറി ജംഗ്ഷനില്‍ നടന്ന സംഭവത്തില്‍ പോലീസ് വാഹനത്തിന്റെ ചില്ല് തകര്‍ന്നു.

ഇന്ന് കൂടുതല്‍ പ്രവര്‍ത്തകര്‍ സമരത്തിലേക്ക് എത്തും എന്നാണ് നേതാക്കള്‍ അറിയിച്ചത്. മലബാര്‍ ഭാഗത്തുനിന്നുമായിരിക്കും കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തുക. ഇപ്പോഴും പ്രവര്‍ത്തകര്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്.

അതേ സമയം ഇന്ന് പതിനായിരക്കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡി വൈ എഫ് ഐ പ്രകടനം നടത്തും.