Connect with us

Malappuram

അസൗകര്യങ്ങള്‍ക്ക് നടുവില്‍ വീര്‍പ്പുമുട്ടി പൊന്മുണ്ടം വൈദ്യുതി സെക്ഷന്‍ ഓഫീസ്

Published

|

Last Updated

കല്‍പകഞ്ചേരി: പൊന്മുണ്ടം കെ എസ് ഇ ബി സെക്ഷന്‍ ഓഫീസ് അസൗകര്യങ്ങള്‍ക്ക് നടുവില്‍ വീര്‍പ്പ് മുട്ടുന്നു. 15000 ത്തില്‍ പരം ഉപഭോക്താക്കളുള്ള സെക്ഷന്‍ ഓഫീസില്‍ ആവശ്യത്തിന് ജീവനക്കാരും ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സ്ഥല സൗകര്യങ്ങളോ ഇല്ല. പത്ത് വര്‍ഷം മുമ്പ് വൈലത്തൂര്‍ ടൗണിലെ മലപ്പുറം റോഡില്‍ പ്രവര്‍ത്തനമാരംഭിച്ച സെക്ഷന്‍ ഓഫീസിന് ഇനിയും വാടക കെട്ടിടത്തില്‍ നിന്നും മോചനമായിട്ടില്ല. ജീവനക്കാര്‍ വിശ്രമിക്കുന്നതും പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതും ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതും ഓഫീസ് പ്രവര്‍ത്തിക്കുന്നതുമെല്ലാം ഈ ഇടുങ്ങിയ മുറിക്കകത്ത് തന്നെയാണ്.
ഇതിന്റെ തൊട്ടടുത്തുള്ള മറ്റൊരു ചെറിയ മുറിയിലാണ് ബില്‍ കൗണ്ടറുമുള്ളത്. പൊന്മുണ്ടം, ചെറിയമുണ്ടം, ഒഴൂര്‍, വളവന്നൂര്‍ എന്നീ പഞ്ചായത്ത് പരിധിയിലുള്ളവരാണ് ഉപഭോക്താക്കള്‍. ഒരുമാസത്തോളമായി അസിസ്റ്റന്‍ഡ് എന്‍ജിനീയറുടെ തസ്തിക ഇവിടെ ഒഴിഞ്ഞ് കിടക്കുകയാണ് . ഇതിനാല്‍ സബ് എന്‍ജിനീയര്‍ക്ക് താല്‍കാലിക ചുമതല നല്‍കിയാണ് പ്രവര്‍ത്തനം മുന്നോട്ട് നീക്കുന്നത്. മൂന്ന് സബ് എന്‍ജിനീയര്‍ വേണ്ടിടത്ത് രണ്ട് പേരും 12 ലൈന്‍മാന്‍മാര്‍ വേണ്ടിടത്ത് എട്ട് പേര്‍ മാത്രമാണുള്ളത്. ആര്‍ വര്‍ക്കര്‍മാര്‍ വേണ്ടിടത്ത് മൂന്ന് പേര്‍ മാത്രമേ ഉള്ളൂ.
ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയിലുള്ള അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ എത്തിച്ചേരാന്‍ പ്രായമേറിയവര്‍ക്ക് കോണി കയറി എത്തിപ്പെടാന്‍ പ്രയാസം ഏറെയാണ്. ജീവനക്കാരുടെ കുറവ് മൂലം വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ കാലതാമസമെടുക്കുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.
ഓഫീസിനകത്ത് സ്ഥലമില്ലാത്തത് പോലെ തന്നെ പുറത്തും ഉപകരണങ്ങളും വാഹനങ്ങളും സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തതും ജീവനക്കാരെ വലക്കുന്നു. ഇക്കാരണത്താല്‍ ഓഫീസിന് മുന്‍ വശത്തും പരിസരത്തും റോഡരികിലെ വീതികുറഞ്ഞ ഭാഗത്തുമാണ് ഇപ്പോള്‍ ഉപകരണങ്ങള്‍ കൊണ്ടുവന്നിട്ടിട്ടുള്ളതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുമെല്ലാം. ഓഫീസ് പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ജീവനക്കാരുടെ കുറവ് നികത്താനും നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിലപാടിനെതിരെ ഉപഭോക്താക്കള്‍ക്ക് പ്രതിഷേധമുണ്ട്.

Latest