ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ മുട്ടിച്ചിറ ശുഹദാക്കളുടെ ഓര്‍മകള്‍ക്ക് 177 ആണ്ട്‌

Posted on: August 13, 2013 10:33 am | Last updated: August 13, 2013 at 10:33 am
SHARE

muttichiraതിരൂരങ്ങാടി: മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ട്‌നേര്‍ച്ച ഇന്ന് തുടങ്ങും. ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന യുദ്ധത്തില്‍ വീരമൃത്യു വരിച്ച ശുഹദാക്കളുടെ സ്മരണാര്‍ഥമാണ് നേര്‍ച്ച. മമ്പുറം തങ്ങളുടെ നിര്‍ദേശപ്രകാരം നിര്‍മിക്കപ്പെട്ടതാണ് മുട്ടിച്ചിറ പള്ളി.
ഒരു വെള്ളിയാഴ്ച പ്രദേശത്തെ വിശ്വാസികള്‍ ജുമുഅക്ക് പോവാനായി അലക്കി ഉണക്കാന്‍ ഇട്ട വസ്ത്രത്തില്‍ ബ്രിട്ടീഷുകാരുടെ പ്രലോഭനത്തിന് വഴങ്ങി ചില സാമൂഹ്യ ദ്രോഹികള്‍ ചവിട്ടി വൃത്തികേടാക്കുകയും മുറുക്കി തുപ്പുകയും ചെയ്തു. ഇത് വിശ്വാസികളെ വേദനിപ്പിച്ചു. ഈ നീച കൃത്യം ചെയ്തവരോട് പ്രതികാരം ചോദിക്കാന്‍ മുസ്‌ലിംകള്‍ ഒരുങ്ങിയെങ്കിലും മമ്പുറം തങ്ങള്‍ അവരെ ശാന്തരാക്കുകയായിരുന്നു.
എന്നാല്‍ ഈസംഭവത്തിന്റെ പേരില്‍ പാവപ്പെട്ട മുസ്‌ലിംകളെ ദ്രോഹിക്കാന്‍ സമയം കണ്ടെത്തുകയായിരുന്നു ബ്രിട്ടീഷുകാര്‍. മുസ്‌ലിംകള്‍ വര്‍ഗീയ സംഘട്ടനത്തില്‍ ഏര്‍പ്പെട്ടുവെന്നും കുഴപ്പങ്ങളുണ്ടാക്കുന്നുവെന്നുമുള്ള കള്ളക്കഥകള്‍ പറഞ്ഞ് ബ്രിട്ടീഷുകാര്‍ മുസ്‌ലിംകളെ ആക്രമിക്കാന്‍ ഒരുങ്ങിയിട്ടും മുസ്‌ലിംകള്‍ ആത്മസംയമനം പാലിച്ചു. കലിയടങ്ങാത്ത ബ്രിട്ടീഷുകാര്‍ മലപ്പുറത്ത് നിന്ന് ഷേക്‌സ്പിയര്‍ എന്ന പട്ടാള മേധാവിയുടെ കീഴില്‍ മുട്ടിച്ചിറ പള്ളിയിലേക്ക് മാര്‍ച്ച് ചെയ്തു. ശവ്വാല്‍ ആറിന് സുന്നത്ത് നോമ്പ് അനുഷ്ഠിച്ച് ആരാധനയില്‍ കഴിയുകയായിരുന്ന ഏതാനും വിശ്വാസികള്‍ മാത്രമായിരുന്നു ഈസമയം പള്ളിയില്‍ ഉണ്ടായിരുന്നത്. ഷൂപോലും അഴിക്കാതെ പട്ടാളക്കാര്‍ പള്ളിയില്‍ കയറി മലിനമാക്കി.
ഈസമയം പള്ളിക്കകത്തുണ്ടായിരുന്ന കൈതകത്ത് മരക്കാരുട്ടി സാഹിബിന്റെ നേതൃത്വത്തില്‍ പതിനൊന്ന് പേരും പട്ടാളക്കാരോട് ഏറ്റുമുട്ടി രക്തസാക്ഷികളായി. പള്ളിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അവരെ മറവ് ചെയ്തു.1841 നവംബര്‍ 13നാണ് ഈ സംഭവമെന്നാണ് ചരിത്രം. മതസൗഹാര്‍ദത്തിന് പേരുകേട്ടതാണ് മുട്ടിച്ചിറ നേര്‍ച്ച. പ്രസിദ്ധമായ മൂന്നിയൂര്‍ കളിയാട്ട ഉത്സവത്തിനെത്തുന്ന ഹൈന്ദവ വിശ്വാസികള്‍ മുട്ടിച്ചറ പള്ളിയില്‍ കാണിക്ക സമര്‍പ്പിച്ച ശേഷമാണ് കളിയാട്ടക്കാവിലേക്ക് പോകാറുള്ളത്. പത്തിരിയാണ് ഇവിടത്തെ നേര്‍ച്ചവസ്തു. പതിനൊന്ന് പേരടങ്ങുന്ന ശുഹദാക്കളുടേയും മമ്പുറം തങ്ങളുടേയും സ്മരണ അറിയിക്കുന്നതിന് പന്ത്രണ്ട് പത്തിരി ഉള്‍ക്കൊള്ളുന്ന ഒരുപെട്ടി പത്തിരിയാണ് കൊണ്ട് വരിക. ബറക്കത്തിനായി പള്ളിയില്‍ നിന്ന് പത്തരി നല്‍കും. മമ്പുറം മഖാമില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ ദേശീയപാതയില്‍ തലപ്പാറക്ക് സമീപമാണ് മുട്ടിച്ചറി ശുഹദാക്കളുടെ മഖ്ബറയും പള്ളിയും. ഇന്ന് വൈകുന്നേരം ഏഴിന് പ്രഭാഷണം നടക്കും. നാളെ കാലത്ത് മഖ്ബറയില്‍ കൂട്ടസിയാറത്തും രാത്രി ഒമ്പതിന് മൗലിദ് പാരായണത്തോടേയും ദുആയോടെയും പരിപാടി സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പൂക്കാടന്‍ കുഞ്ഞിമോന്‍ഹാജി, കൈതകത്ത് അലവി ഹാജി,ഹനീഫ മൂന്നിയൂര്‍,കൈതകത്ത് മുഹമ്മദ്ഹാജി,പൂക്കാടന്‍ മുസ്തഫ പങ്കെടുത്തു.