വിദ്യാര്‍ഥിയായി എത്തിയ ഭരതന്‍ മാസ്റ്റര്‍ മടങ്ങിയത് എണ്ണമറ്റ ശിഷ്യ സമ്പത്തോടെ

Posted on: August 13, 2013 10:01 am | Last updated: August 13, 2013 at 10:01 am
SHARE

മഞ്ചേരി: നാല്‍പത് വര്‍ഷം മുമ്പ് വടകര വില്യാപള്ളിയില്‍ നിന്നും മഞ്ചേരി എന്‍ എസ് എസ് കോളജില്‍ വിദ്യാര്‍ഥിയായെത്തിയ എം കെ ഭരതന്‍ വിടപറയുന്നത് എണ്ണമറ്റ ശിഷ്യ സമ്പത്തുമായാണ്. വിദ്യാര്‍ഥിയായിരിക്കെ കെ എസ് യുവിലൂടെ പൊതു പ്രവര്‍ത്തനമാരംഭിച്ച ഭരതന്‍ ക്രമേണ മഞ്ചേരിയുടെ രാഷ്ട്രീയ സാംസ്‌ക്കാരിക സഹകരണ വിദ്യാഭ്യാസ മേഖലകളുടെ ഭാഗമാവുകയായിരുന്നു. ബിരുദാനന്തരം മഞ്ചേരി യത്തീംഖാന ഹൈസ്‌ക്കൂളില്‍ ഹിന്ദി അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ഹിന്ദി അദ്ധ്യാപികയായ പുഷ്പവല്ലിയെ ജീവിതസഖിയാക്കിയ മാസ്റ്റര്‍ മഞ്ചേരി മേലാക്കത്ത് വീടും സ്ഥലവും വാങ്ങി പൂര്‍ണ്ണമായും മഞ്ചേരിക്കാരനാവുകയായിരുന്നു. എം എം ഹസ്സന്‍ സംസ്ഥാന പ്രസിഡണ്ടായിരിക്കെ കെ എസ് യു സംസ്ഥാനഎക്‌സിക്യൂട്ടീവ് അംഗമായി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, മഞ്ചേരി ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ്, കെ എ പി ടി യു, പി എസ് ടി എ ജില്ലാ സെക്രട്ടറി, മഞ്ചേരി ഹൗസിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക ഡയറക്ടര്‍, കെ എസ് എസ് പി എ നിയോജക മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. യത്തീംഖാന ഹൈസ്‌ക്കുളില്‍ നിന്നും വിരമിച്ച ശേഷം നറുകര എച്ച് എം കോളജ്, മേല്‍മുറി മഅ്ദിന്‍ എജ്യൂക്കേഷന്‍ സെന്റര്‍ എന്നിവിടങ്ങളിലും അധ്യാപകനായി സേവനമനുഷ്ടിച്ചു.വീക്ഷണം ദിനപത്രം പ്രാദേശിക ലേഖകനും ഏജന്റുമായ ഭരതന്‍ മാസ്റ്റര്‍ മഞ്ചേരി പ്രസ്‌ഫോറം പ്രസിഡണ്ടും സെക്രട്ടറിയുമായിട്ടുണ്ട്.
ഭരതന്‍മാസ്റ്ററുടെ നിര്യാണത്തില്‍ കെ എസ് എസ് പി എ ജില്ലാ കമ്മറ്റി അനുശോചിച്ചു. പി സി വേലായുധന്‍ കുട്ടി, വി സി നാരായണന്‍ കുട്ടി, ഡി എ ഹരിഹരന്‍, എന്‍ പി പത്മനാഭന്‍, പി രവീന്ദ്രന്‍ നായര്‍ പ്രസംഗിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് അഡ്വ. പി വി അഹമ്മദ്കുട്ടി, ഐ എന്‍ ടി യു സി ജില്ലാ വൈസ് പ്രസിഡണ്ട് വി പി ഫിറോസ്, ഡി സി സി സെക്രട്ടറിമാരായ റഷീദ് പറമ്പന്‍, ടി പി വിജയകുമാര്‍ അനുശോചിച്ചു. മൃതദേഹം വടകര വില്ല്യാപള്ളിയിലെ വീട്ടു വളപ്പില്‍ സംസ്‌ക്കരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here