Connect with us

Eranakulam

മദ്യശാലകളുടെ നിരോധം: കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി

Published

|

Last Updated

കൊച്ചി: സെക്രട്ടേറിയറ്റ് ഉപരോധ സമരത്തിന്റെ പാശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തിലെ മദ്യശാലകളുടെ പ്രവര്‍ത്തനം തടഞ്ഞത് ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. സംസ്ഥാന പോലിസ് മേധാവിയുടെ കത്തിന്റെയടിസ്ഥാനത്തില്‍ മദ്യശാലകളുടെ പ്രവര്‍ത്തനം അനിശ്ചിത കാലത്തേക്ക് നിരേധിച്ചതിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികളാണ് ജസ്റ്റിസ് കെ സുരേന്ദ്ര മോഹന്‍ പരിഗണിച്ചത്. നിരോധം നിയമപരമല്ലെന്നും പോലിസ് ആക്ടിലെ അധികാരം ഉപയോഗിച്ച് ജില്ലാ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവ് വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. ജില്ലാ പോലിസ് മേധാവിയും തദ്ദേശ സ്വയം ഭരണസ്ഥാപനവുമായി കൂടിയാലോചിച്ച് വേണം മദ്യശാലകളുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ പാടുള്ളൂവെന്ന വ്യവസ്ഥ ലംഘിച്ചാണ് നടപടിയെന്നും ബാറുടമകള്‍ വാദിച്ചു. ക്രമസമാധാന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് യാതൊരു വസ്തുതകളും സംസ്ഥാന പോലിസ് മേധാവിയുടെ മുമ്പാകെ ഇല്ലെന്നും സെക്രട്ടേറിയറ്റിന് സമീപം മാത്രം നടക്കുന്ന ഉപരോധ സമരത്തിന്റെ പേരില്‍ കോവളമടക്കമുള്ള പ്രദേശങ്ങളിലെ ബാറുകളുടെ പ്രവര്‍ത്തനം തടഞ്ഞത് ദുരുദ്ദേശപരമാണെന്നും ഹരജിക്കാര്‍ ബോധിപ്പിച്ചു. അതേസമയം മദ്യശാലകളുടെ പ്രവര്‍ത്തനം തടഞ്ഞുകൊണ്ടുള്ള ഉത്തരവില്‍ ഭേദഗതി വരുത്തിയതായും നിരോധം ഇന്ന് രാത്രി ഒമ്പത് വരെയായി നിജപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയാനാണ് നിരോധമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഹരജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിരോധം ഏര്‍പ്പെടുത്താന്‍ കാരണമായ സാഹചര്യം എന്തെന്ന് വ്യക്തമാക്കാന്‍ കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Latest