Connect with us

Ongoing News

സലാം ഹാജി വധം: നാല് പ്രതികള്‍ പിടിയിലെന്ന് സൂചന

Published

|

Last Updated

തൃക്കരിപ്പൂര്‍: ദുബൈ വ്യവസായി വെള്ളാപ്പിലെ എ ബി അബ്ദുസ്സലാം ഹാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേര്‍ പോലീസ് പിടിയിലായെന്ന് സൂചന. നീലേശ്വരം കോട്ടപ്പുറം സ്വദേശികളായ സഹോദരന്മാരടക്കമുള്ളവരാണ് പിടിയിലായതെന്നും ഇതില്‍ ഒരാള്‍ എറണാകുളം സ്വദേശിയാണെന്നും സൂചനയുണ്ട്. സൈബര്‍ സെല്ലിന്റെ സൂക്ഷ്മമായ ഇടപെടലാണ് പ്രതികള്‍ പിടിയിലാകാന്‍ കാരണം. തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടത്തിയതെന്നാണ് വിവരം.
പ്രതികളില്‍ പ്രധാനികള്‍ കുവൈത്തില്‍ ജോലി ചെയ്തവരാണെന്നും ഇവരില്‍ ഒരാള്‍ കമ്പ്യൂട്ടര്‍ വിദഗ്ധനാണെന്നും കരുതുന്നു. ഇവര്‍ കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവിടങ്ങളില്‍ നിന്ന് വാങ്ങിയ പുതിയ സിം കാര്‍ഡുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സൈബര്‍ സെല്ലിന് ലഭിച്ചതോടെയാണ് പ്രതികളെക്കുറിച്ചുള്ള ചിത്രം വ്യക്തമായത്. സലാം ഹാജിയുടെ വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും വ്യക്തമായ ധാരണ ഉള്ളവരാണ് കൃത്യം നടത്തിയതെന്ന് സൂചന ഉണ്ടായിരുന്നു. കവര്‍ച്ചയും ആക്രമണവും നടക്കുന്ന സമയത്ത് സംഘത്തില്‍ ഉണ്ടായിരുന്ന ഒരാളോട് നീ എന്തിനിവിടെ വന്നു എന്ന് ചോദിച്ചതായി സലാം ഹാജിയുടെ വീട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. അതുകൊണ്ടു തന്നെ പ്രതികളില്‍ ഒരാള്‍ തീര്‍ച്ചയായും കൊല്ലപ്പെട്ട സലാം ഹാജിയുമായി വ്യക്തിബന്ധമുള്ളയാളായിരുന്നു എന്ന സംശയം ഉണ്ടായിരുന്നു. വീട്ടില്‍ നിന്ന് എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഇനിയും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. പിടിയിലായ പ്രതികളുമായി അന്വേഷണ സംഘം തൃശൂരിലേക്ക് തിരിച്ചിട്ടുണ്ട്. കവര്‍ച്ചാ സംഘത്തിലെ മറ്റ് പ്രതികളെക്കൂടി വലയിലാക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കഴിഞ്ഞ നാലാം തീയതിയാണ് കവര്‍ച്ചക്കായി എത്തിയ സംഘം സലാം ഹാജിയെ വകവരുത്തിയത്. സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ എറണാകുളം സ്വദേശിയായ ഒരു പ്രതിയെ പോലീസ് പിടികൂടിയതായി സൂചന ഉണ്ടായിരുന്നു. ഐ ജി, എ ഡി ജി പി എന്നിവര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നുവെങ്കിലും ഒന്നും പുറത്ത് പറഞ്ഞിരുന്നില്ല. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ കൊലപാതകത്തിന്റെ പൂര്‍ണ വിവരം പുറത്തുവരുമെന്നാണ് കരുതുന്നത്.

Latest