നാറാത്ത് കേസ് എന്‍ ഐ എ കോടതിയിലേക്ക് മാറ്റുന്നു

Posted on: August 13, 2013 1:00 am | Last updated: August 13, 2013 at 1:00 am
SHARE

തലശ്ശേരി: കണ്ണൂര്‍ നാറാത്ത് ആയുധ പരിശീലനത്തിനിടയില്‍ പിടിയിലായ 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പേരിലുള്ള കേസ് നടപടികള്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് കൊച്ചി എന്‍ ഐ എ കോടതിയിലേക്ക് മാറ്റുന്നു. ഇതിനായുള്ള അപേക്ഷയുമായി എന്‍ ഐ എ ഉദ്യോഗസ്ഥര്‍ തലശ്ശേരിയിലെത്തി. പ്രതികളില്‍ തീവ്രവാദ, രാജ്യദ്രോഹ കുറ്റം ചുമത്തി എന്‍ ഐ എ കേസെടുത്തതിന്റെ പശ്ചാത്തലത്തില്‍ തുടര്‍ വിചാരണ ഇനി കൊച്ചി കോടതിയില്‍ നടക്കും.
ഇതുസംബന്ധിച്ച് കൊച്ചി എന്‍ ഐ എ കോടതിയില്‍ പ്രത്യേകാന്വേഷണ സംഘം സമര്‍പ്പിച്ച എഫ് ഐ ആറിന്റെ പകര്‍പ്പുമായാണ് ബന്ധപ്പെട്ട ഡി വൈ എസ് പി ജില്ലാ കോടതിയിലെത്തിയത്. പി പി തങ്കച്ചന്‍ മാത്യു രേഖകള്‍ കോടതിക്ക് കൈമാറി. പരിശോധിച്ച ശേഷം ജഡ്ജി വി ഷര്‍സി ഹരജിയില്‍ ഇന്ന് തീര്‍പ്പ് കല്‍പ്പിക്കും. അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന 21 പ്രതികളെയും ഇന്ന് കോടതിയിലെത്തിക്കും. തുടര്‍ന്നായിരിക്കും അനന്തര നടപടികള്‍ സ്വീകരിക്കുക.
പ്രതികളുടെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതും ജാമ്യാപേക്ഷ പരിഗണിക്കുന്നതും ഇന്നാണ്. കേസ് എന്‍ ഐ എ ഏറ്റെടുത്ത സാഹചര്യത്തില്‍ തലശ്ശേരി കോടതിയുടെ അന്തിമ തീര്‍പ്പാണ് ഇന്ന് പുറത്തുവരിക. പ്രതിസ്ഥാനത്തുള്ള ഒന്ന്, രണ്ട്, മൂന്ന്, ഏഴ്, 11 പ്രതികള്‍ ഒഴിച്ചുള്ളവരാണ് ജാമ്യഹരജി നല്‍കിയിരുന്നത്. ശേഷിക്കുന്ന 16 പേര്‍ക്കെതിരെ സാമ്പത്തിക ഇടപാടോ മറ്റ് കാര്യങ്ങളോ ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും സംഭവ സ്ഥലത്തുണ്ടായിയെന്ന് മാത്രമാണ് പോലീസ് രേഖകളില്‍ ഉള്ളതെന്നും ബോധിപ്പിച്ചാണ് ജാമ്യഹരജി നല്‍കിയത്. 2013 ഏപ്രില്‍ 23ന് വൈകുന്നേരം നാലരയോടെയാണ് നാറാത്ത് പാമ്പുരുത്തി റോഡില്‍ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കെട്ടിടത്തില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആയുധങ്ങള്‍സഹിതം അറസ്റ്റിലായത്. കണ്ണൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് തുടക്കത്തില്‍ കേസ് അന്വേഷിച്ചത്.
ഇക്കഴിഞ്ഞ ജൂലൈ ആദ്യവാരം സെഷന്‍സിലെത്തിയ കേസാണ് ഒന്നര മാസത്തെ തുടര്‍നടപടികള്‍ക്ക് ശേഷം കൊച്ചി എന്‍ ഐ എ പ്രത്യേക കോടതിക്ക് കൈമാറുന്നത്. കോടതി ഉത്തരവ് നല്‍കിയാല്‍ പ്രതികളെയും കേസ് ഫയലുകളും ഏറ്റെടുക്കാന്‍ എന്‍ ഐ എ സംഘം വീണ്ടും തലശ്ശേരിയിലെത്തും. ഇതോടെ കണ്ണൂരില്‍ തീവ്രവാദ ബന്ധമുള്ള രണ്ടാമത്തെ കേസാണ് എന്‍ ഐ എ അന്വേഷിക്കുന്നത്.
നേരത്തെ ഏറ്റെടുത്ത കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്.