Connect with us

International

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് റോബര്‍ട്ട് ജി മുഗാബെ

Published

|

Last Updated

ഹരാരെ: സിംബാബ്‌വെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് ജി മുഗാബെ തന്റെ എതിരാളിയും പ്രധാനമന്ത്രിയുമായ മോര്‍ഗന്‍ സാന്‍ഗിറായിക്കെതിരെ ശക്തമായ പരാമര്‍ശവുമായി രംഗത്ത്. മോര്‍ഗന്‍ ഉന്നയിച്ച ആരോപണങ്ങളെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഗാബെ ജയിച്ചത് വോട്ട് മോഷ്ടിച്ചെന്നായിരുന്നു മോര്‍ഗന്റെ ആരോപണം. ആരോപണം ഉന്നയിച്ച പ്രധാനമന്ത്രി തൂക്കിലേറേണ്ടിവരുമെന്ന് തുറന്നടിക്കാനും മുഗാബെ മറന്നില്ല.
പ്രസിഡന്റിന്റെ പ്രസംഗം പ്രധാനമന്ത്രിയുടെ പാര്‍ട്ടിയായ മൂവ്‌മെന്റ് ഫോര്‍ ഡെമോക്രാറ്റിക് ചെയ്ഞ്ച് (എം ഡി സി) ബഹിഷ്‌കരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നായിരുന്നു എം ഡി സിയുടെ ആവശ്യം. 61 ശതമാനം വോട്ട് നേടിയാണ് മുഗാബെ വിജയിച്ചത്. ജൂലൈ 31നായിരുന്നു തിരഞ്ഞെടുപ്പ്.
രണ്ടാം സ്ഥാനത്തെത്തിയ മോര്‍ഗന്‍ സ്വാംഗിറായിക്ക് ലഭിച്ചത് 35 ശതമാനം വോട്ടാണ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയതോടെയാണ് മുഗാബെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. ആകെയുള്ള 210 സീറ്റുകളില്‍ 160 സീറ്റുകളാണ് മുഗാബെ പിടിച്ചെടുത്തത്. നിരവധി ദേശീയ പ്രശ്‌നങ്ങളില്‍ ഊന്നിയാണ് മുഗാബെ തന്റെ പ്രസംഗം തുടങ്ങിയത്. തിരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് പരാമര്‍ശിക്കവെയാണ് പ്രതിപക്ഷത്തിന് നേരെ ആരോപണശരങ്ങളുന്നയിച്ച് മുഗാബെ രംഗത്ത് വന്നത്.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍ ആത്മഹത്യ ചെയ്യട്ടെയെന്നും അവര്‍ മരിച്ചാല്‍ പട്ടികള്‍ പോലും മൃതദേഹം മണത്തുനോക്കില്ലെന്നും മുഗാബെ തുറന്നടിച്ചു. ജനങ്ങള്‍ക്ക് വേണ്ടി ജനാധിപത്യം നടപ്പാക്കുകയാണ് തന്റെ ലക്ഷ്യം. സിംബാബ്‌വേയെ കുറിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ലജ്ജാകരമായാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.