കൈറോയില്‍ പ്രക്ഷോഭകരും സൈന്യവും നേര്‍ക്കുനേര്‍

Posted on: August 13, 2013 12:03 am | Last updated: August 13, 2013 at 12:03 am
SHARE

EIGIPTHകൈറോ: പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കനുകൂലമായി നടക്കുന്ന പ്രക്ഷോഭം ഉടന്‍ അവസാനിപ്പിക്കണമെന്ന ഇടക്കാല സര്‍ക്കാറിന്റെയും സൈന്യത്തിന്റെയും മുന്നറിയിപ്പ് അവഗണിച്ച് ബ്രദര്‍ഹുഡ് പ്രക്ഷോഭകര്‍ കൈറോയിലെ പ്രക്ഷോഭ ക്യാമ്പുകളില്‍ ഇന്നലെ വൈകിയും നിലയുറപ്പിച്ചു.

പ്രഭാതത്തിന് മുമ്പ് പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ അടിച്ചമര്‍ത്തലുണ്ടാകുമെന്ന ആഭ്യന്തര മന്ത്രലായത്തിന്റെയും സൈനിക വക്താക്കളുടെയും മുന്നറിയിപ്പുകള്‍ മുഖവിലക്കെടുക്കാതെയാണ് പ്രക്ഷോഭം തുടരാനുള്ള ബ്രദര്‍ഹുഡ് നേതൃത്വത്തിന്റെ തീരുമാനം. പ്രക്ഷോഭം അവസാനിപ്പിച്ചിട്ടില്ലെങ്കില്‍ കൈറോയില്‍ കനത്ത ഏറ്റുമുട്ടലുണ്ടാകുമെന്നാണ് സൂചന. കിഴക്കന്‍ കൈറോയിലെ റാബിയത്തുല്‍ അദ്‌വിയ പള്ളിക്ക് സമീപത്തെ ചത്വരത്തിലും പശ്ചിമ കൈറോയിലെ നഹ്ദാ ചത്വരത്തിലുമാണ് പ്രക്ഷോഭകര്‍ തമ്പടിച്ചത്. പ്രക്ഷോഭകരെ നേരിടാന്‍ ചത്വരങ്ങള്‍ക്ക് സമീപത്ത് വന്‍ പോലീസ്, സൈനിക സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്. എന്നാല്‍ പ്രകോപനപരമായ സമീപനങ്ങള്‍ ഇരുപക്ഷത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.
പ്രക്ഷോഭകരെ നേരിടാന്‍ സൈനിക മേധാവി അബ്ദുല്‍ ഫതാഹ് അല്‍ സീസി സൈനിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പാശ്ചാത്യ രാജ്യങ്ങളുടെയും അറേബ്യന്‍ രാജ്യങ്ങളുടെയും നേതാക്കള്‍ ഇടക്കാല സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമവിരുദ്ധമായി നടക്കുന്ന പ്രക്ഷോഭം രാജ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും മുന്നറിയിപ്പുകള്‍ അവഗണിക്കുകയാണെങ്കില്‍ അത് ബ്രദര്‍ഹുഡിന് ഗുണം ചെയ്യില്ലെന്നും അഭ്യന്തരമന്ത്രലായ വക്താക്കള്‍ അറിയിച്ചു. എന്നാല്‍ മുര്‍സിക്ക് അധികാരം തിരിച്ചുനല്‍കുന്നതുവരെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് ബ്രദര്‍ഹുഡ് നേതാക്കള്‍ വ്യക്തമാക്കി. രാജ്യവ്യാപകമായി കൂറ്റന്‍ റാലികള്‍ സംഘടിപ്പിക്കാനും നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബ്രദര്‍ഹുഡ് പുതിയ പ്രക്ഷോഭത്തിന് ആസൂത്രണം ചെയ്യുന്നതെന്ന് സര്‍ക്കാര്‍ വക്താക്കളെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മുര്‍സിവിരുദ്ധ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ സൈനിക അട്ടിമറിയില്‍ മുര്‍സിക്ക് അധികാരം നഷ്ടപ്പെട്ടതോടെ ആരംഭിച്ച ബ്രദര്‍ഹുഡ് പ്രക്ഷോഭം ആറ് ആഴ്ച കഴിഞ്ഞിരിക്കുകയാണ്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇതുവരെയുണ്ടായ ആക്രമണങ്ങളിലും മറ്റുമായി 250 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.