26 ഫലസ്തീന്‍ തടവുകാരെ ഇന്ന് മോചിപ്പിക്കും

Posted on: August 13, 2013 6:00 am | Last updated: August 13, 2013 at 12:01 am
SHARE

jailജറൂസലം: സമാധാന ചര്‍ച്ചകളുടെ പശ്ചാതലത്തില്‍ ഇസ്‌റാഈല്‍ 26 ഫലസ്തീന്‍ തടവുകാരെ ഇന്ന് മോചിപ്പിക്കും. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടു. ഔദ്യോഗിക വക്താക്കള്‍ യോഗം ചേര്‍ന്നാണ് മോചിപ്പിക്കുന്ന തടവുകാരെ തീരുമാനിച്ചത്. ഇവരുടെ മോചനവുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കുടുംബങ്ങള്‍ക്ക് സമയം അനുവദിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടാണ് മോചിപ്പിക്കുന്ന തടവുകാരുടെ വിവരങ്ങള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കാര്യാലയം പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തടവുകാരുടെ ബന്ധുക്കളെയും അറിയിച്ചു. പ്രതിരോധ മന്ത്രി മോഷെ യാലോന്‍, നിയമ മന്ത്രി സിപ്പി ലിവ്‌നി, ശാസ്ത്ര സാങ്കേതിക മന്ത്രി യാക്കോവ് പെറി എന്നിവരുടെ നേതൃത്വത്തില്‍ ജയിലധികൃതരും ഷിന്‍ ബിറ്റ് സുരക്ഷാ ഏജന്‍സി അധികൃതരും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
ഇസ്‌റാഈല്‍ – ഫലസ്തീന്‍ സമാധാന ചര്‍ച്ചയുടെ രണ്ടാം ഘട്ടം നാളെ ആരംഭിക്കാനിരിക്കെയാണ് ഫലസ്തീന്‍ തടവുകാരുടെ വിമോചനം. ആദ്യ ഘട്ടത്തില്‍ വാഷിംഗ്ടണില്‍ വെച്ച് അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയാണ് നാളെ ജറൂസലമില്‍ ആരംഭിക്കുന്നത്. അതേസമയം വെസ്റ്റ്ബാങ്ക് പ്രദേശത്ത് ഇസ്‌റാഈല്‍ പണിയുന്ന 1200ഓളം ജൂത ഭവനങ്ങള്‍ അംഗീകരിച്ചു കിട്ടുന്നതിനായി ഇസ്‌റാഈല്‍ സമാധാന ചര്‍ച്ചകള്‍ അട്ടിമറിക്കുകയാണെന്ന് ഫലസ്തീന്‍ അധികൃതര്‍ ആരോപിച്ചു. ആരോപണത്തെ ഇസ്‌റാഈല്‍ വക്താവ് നിഷേധിച്ചിട്ടുണ്ട്.
എന്നാല്‍, ഇസ്‌റാഈലിന്റെ നടപടിയെ ഫലസ്തീന്‍ മാധ്യമങ്ങള്‍ സംശയത്തോടെയാണ് കണ്ടത്. തടവുകാരുടെ കാര്യത്തില്‍ ഇസ്‌റാഈല്‍ അവരുടെ കപടമുഖമാണ് വെളിവാക്കിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റ് തടവുകാരുടെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ലെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.