കാലിക്കറ്റില്‍ വികസന അജന്‍ഡ പ്രഖ്യാപിച്ചു

Posted on: August 13, 2013 6:00 am | Last updated: August 12, 2013 at 11:54 pm
SHARE

കോഴിക്കോട്: വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ് സര്‍വകലാശാല അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള വികസന അജന്‍ഡ പ്രഖ്യാപിച്ചു.
പ്രധാന പരിപാടികള്‍: എല്ലാ ക്ലാസ് റൂമുകളും സ്മാര്‍ട്ട് ക്ലാസ് റൂമുകളാക്കും. കലാശാലക്ക് കീഴിലെ 8000 അധ്യാപകരില്‍ ഒരു വര്‍ഷം 1000 പേര്‍ക്കെങ്കിലും പരിശീലനം നല്‍കും.
വിദ്യാര്‍ഥികളുടെ സോഫ്റ്റ് സ്‌കില്‍ വികസനത്തിന് പരിപാടികള്‍ ആവിഷ്‌കരിക്കും. ഓണ്‍ലൈന്‍ ലക്ചര്‍ ക്ലാസുകള്‍ നടത്തും. ക്യാമ്പസില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കും. ഇടത്തരം രണ്ട് കോണ്‍ഫറന്‍സ് ഹാളുകള്‍ നിര്‍മിക്കും. ക്യാമ്പസില്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ നിര്‍മിക്കും. ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ നടപടിയെടുക്കും.
മാതൃശാക്തീകരണം ലക്ഷ്യമാക്കി ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിക്കും. വിദ്യാര്‍ഥികള്‍ക്കായി പരീക്ഷാ അദാലത്ത് സംഘടിപ്പിക്കും. പഠനവകുപ്പുകളിലെയും കോളജുകളിലെയും സീറ്റുകള്‍ 50 ശതമാനമെങ്കിലും വര്‍ധിപ്പിക്കും. ഓരോ കോളജുകളിലെയും സംസ്‌കാര സമ്പന്നരായ വിദ്യാര്‍ഥികളെ കണ്ടെത്തി സദ്ഗുണ അവാര്‍ഡ് നല്‍കും. ഇന്ത്യയിലെ 700 ലേറെ സര്‍വകലാശാലകളില്‍ കാലിക്കറ്റിന്റെ റാങ്കിംഗ് 26 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതിനെ20-ാം സ്ഥാനത്തേങ്കിലും രണ്ട് വര്‍ഷത്തിനകം ഉയര്‍ത്തുമെന്ന് വൈസ് ചാന്‍സലര്‍ ഡോ.എം അബ്ദുസ്സ ലാം പറഞ്ഞു.
അക്കാദമിക് മികവ് ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ വൈസ് ചാന്‍സലര്‍ക്ക് അയച്ച് കൊടുക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോടും അഭ്യര്‍ഥിച്ചു.
ചടങ്ങില്‍ കഴിഞ്ഞ രണ്ട് വര്‍ഷം നടപ്പാക്കിയ വികസന പദ്ധതികളുടെ പവര്‍പോയിന്റ് പ്രസന്റേഷന്‍ പ്രോ-വൈസ് ചാന്‍സലര്‍ പ്രൊഫ.കെ രവീന്ദ്രനാഥ്അവതരിപ്പിച്ചു.