ഇന്ദിര ആവാസ് യോജന ഭവന പദ്ധതി നിര്‍ത്തലാക്കുന്നു

Posted on: August 13, 2013 6:00 am | Last updated: August 12, 2013 at 11:51 pm
SHARE

പാലക്കാട്: ന്യൂനപക്ഷ ദളിത് വിഭാഗങ്ങള്‍ക്കായുള്ള ഇന്ദിര ആവാസ് യോജന ഭവന പദ്ധതി സംസ്ഥാനത്ത് അട്ടിമറിക്കുന്നു. പദ്ധതിക്കായുള്ള നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ജില്ലാ പ്രൊജക്ട് ഡയറക്ടര്‍മാര്‍ക്ക് സംസ്ഥാന ഗ്രാമ വികസന കമ്മീഷണര്‍ നിര്‍ദേശം നല്‍കി. ഇതോടെ അര ലക്ഷം പേര്‍ക്ക് വീട് നിര്‍മിക്കാന്‍ ലഭിക്കേണ്ട കേന്ദ്ര സഹായമാണ് നഷ്ടമാകുക.

ദുര്‍ബല വിഭാഗങ്ങള്‍ക്ക് വേണ്ടി നടപ്പാക്കുന്ന ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം ഒരു വീടിന് രണ്ട് ലക്ഷം രൂപയാണ് കേന്ദ്ര സഹായമായി ലഭിക്കുക. പദ്ധതി പ്രകാരം ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമുള്‍പ്പെടെ 45,738 പേര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാം. എന്നാല്‍ പദ്ധതിയുടെ 2013,14 വര്‍ഷത്തെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് കാണിച്ച് സംസ്ഥാന ഗ്രാമവികസന കമ്മീഷണര്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ പ്രൊജക്ട് ഡയറക്ടര്‍മാര്‍ക്ക് ഉത്തരവ് നല്‍കിയിരിക്കുകയാണ്.
സംസ്ഥാനത്ത് പദ്ധതി നടപ്പാക്കാനാകില്ലെന്ന് കാണിച്ച് തദ്ദേശ സ്വയംഭരണ സെക്രട്ടറി കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന് കത്തെഴുതുകയും ചെയ്തിട്ടുണ്ട്. ഈ തീരുമാനത്തിന് യുക്തിസഹമായ വിശദീകരണം പോലും നല്‍കുന്നില്ല. എന്തായാലും ഇതോടെ പദ്ധതി പ്രവര്‍ത്തനവും നിലച്ചു.
മന്ത്രി എം കെ മുനീറിന്റെ വകുപ്പില്‍ നിന്നാണ് ന്യൂനപക്ഷങ്ങള്‍ക്ക് കൂടി നേട്ടം ലഭിക്കേണ്ട പദ്ധതി അട്ടിമറിക്കപ്പെട്ടത്. ഇതിന് എതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങാനാണ് ന്യൂനപക്ഷ സംഘടനകളുടെ നീക്കം.