Connect with us

Ongoing News

ഏറ്റവും കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കിയത് കേരളത്തിലെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

പട്ടാമ്പി: രാജ്യത്ത് ഏറ്റവും കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കിയത് കേരളത്തിലെന്ന് റിപ്പോര്‍ട്ട്. വികേന്ദ്രീകൃത ആസൂത്രണത്തില്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കിയത് കേരളത്തിലാണെന്ന റിപ്പോര്‍ട്ട് അടുത്ത വാര്‍ഷിക പദ്ധതി രൂപ രേഖയിലാണുള്ളത്.

1,60,000 പ്രൊജക്ടുകളിലായി 90 ശതമാനം തുക ചെലവഴിക്കാന്‍ കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും നടപടികള്‍ ഓണ്‍ലൈനാകുകയും ചെയ്തതോടെ വാര്‍ഷിക പദ്ധതി തയ്യാറാക്കാന്‍ തടസ്സങ്ങള്‍ പൂര്‍ണമായും നീങ്ങിയെന്നുമാണ് അവകാശപ്പെടുന്നത്.
അടുത്ത ഡിസംബര്‍ അവസാനത്തോടെ പദ്ധതി രേഖ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ജനുവരിക്ക് മുമ്പ് ആസൂത്രണ സമിതിയുടെ അംഗീകാരം നേടിയിരിക്കണമെന്ന വ്യവസ്ഥയോടെയായിരിക്കും നിര്‍ദേശങ്ങള്‍.
12ാം പഞ്ചവത്സര പദ്ധതിയിലെ ആദ്യ വാര്‍ഷിക പദ്ധതി തയ്യാറാക്കലും നടപ്പാക്കലും വൈകിയത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ നിര്‍ദേശം. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അടുത്ത വര്‍ഷത്തെ പദ്ധതി സമയബന്ധിതമായി ആരംഭിക്കാനാണ് നിര്‍ദേശം. നടപടി വൈകിയാല്‍ തിരഞ്ഞെടുപ്പ് ചട്ട ലംഘനമായിരിക്കുമെന്നതാണ് കാരണം. അതേ സമയം അവസാന സമയത്ത് ധൃതിപിടിച്ചുള്ള നടത്തിപ്പില്‍ വ്യാപകമായി അഴിമതി നടന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
പഞ്ചവത്സര പദ്ധതിയുടെ ആദ്യവര്‍ഷം തന്നെ രണ്ട് വര്‍ഷത്തെ പദ്ധതികള്‍ രൂപവത്കരിക്കാനുള്ള തീരുമാനം നടപ്പായിട്ടില്ല. നിശ്ചയിച്ച തീയതിയിലും അഞ്ച് മാസം വൈകിയാണ് ഈ വര്‍ഷം പദ്ധതികള്‍ പൂര്‍ത്തിയായത്. എന്നാല്‍ പദ്ധതി നടത്തിപ്പിന് ഇത്തവണ ഒമ്പത് മാസം ലഭിക്കും. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ ജനപ്രതിനിധികളും വിദഗ്ധരും പങ്കെടുക്കുന്ന ചര്‍ച്ച ഈ മാസം അവസാനം നടക്കും. പദ്ധതി നടത്തിപ്പിന്റെ പുരോഗതി വിലയിരുത്താന്‍ സംസ്ഥാനത്തെ മൂന്ന് മേഖലകളിലായി യോഗം വിളിക്കും.
കാര്‍ഷിക, ക്ഷീര മേഖലകളില്‍ സബ്‌സിഡി വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്. അവ ഗുണഭോക്താവിന് എളുപ്പത്തില്‍ ലഭിക്കുന്ന സംവിധാനവും പുതിയ നിര്‍ദേശങ്ങളിലുണ്ട്. 12ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത്, നഗരസഭാ വാര്‍ഡുകളില്‍ ഗ്രാമ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും ഭൂരിഭാഗം പഞ്ചായത്തുകളിലും അത് നടപ്പാക്കിയിട്ടില്ല. വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകളും പരാതികളും വാര്‍ഡ് അംഗത്തിന് നേരിട്ട് ലഭ്യമാക്കാനും ഗ്രാമസഭകള്‍ നടത്താനും ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതി അട്ടിമറിക്കപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
അവയുടെ പ്രവര്‍ത്തനത്തിന് ആദ്യ ഘട്ടത്തില്‍ നല്‍കിയ അര ലക്ഷം രൂപയെക്കുറിച്ചും ഒരു വിവരവുമില്ലെന്നും വിശദീകരണമുണ്ട്. തങ്ങളുടെ പരിധിയില്‍ രണ്ടാമാതൊരു അധികാര കേന്ദ്രം വേണ്ടെന്ന് ചില പഞ്ചായത്ത് ഭരണസമിതികള്‍ നിലപാടെടുത്തതും വിനയായി. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി നടത്തിപ്പിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വരുന്നതോടെ വികേന്ദ്രീകൃത ആസൂത്രണത്തെ കൂടുതല്‍ സുതാര്യമാക്കാന്‍ അടുത്ത വാര്‍ഷിക പദ്ധതി മുതല്‍ സാധ്യമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

Latest