Connect with us

National

ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ വിളിപ്പിച്ചു

Published

|

Last Updated

ഇസ്‌ലാമാബാദ്/ പൂഞ്ച്: അതിര്‍ത്തിയില്‍ കരാര്‍ ലംഘിച്ച് വെടിവെപ്പ് നടന്നതിനെ കുറിച്ചുള്ള കടുത്ത ആശങ്ക അറിയിക്കാന്‍ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗോപാല്‍ ഭാഗ്‌ലെയെ പാക്കിസ്ഥാന്‍ വിളിച്ചുവരുത്തി. തങ്ങളുടെ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനും പാക്കിസ്ഥാന്‍ ഇന്ത്യന്‍ അധികൃതരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഡല്‍ഹിയിലെയും മുംബൈയിലെയും പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ (പി ഐ എ) ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ശിവസേന ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബി എസ് എഫ് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനെ സംബന്ധിച്ചുള്ള ആശങ്കയും ഇന്ത്യയെ അറിയിച്ചതായി പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. റാവല്‍കോട്ടില്‍ വെടിവെപ്പിനെ തുടര്‍ന്ന് നിരപരാധിയായ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യ ഇനിയും തുടരണം. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ പാക്കിസ്ഥാന്‍ പ്രതിജ്ഞാബദ്ധമാണെ്. ഇതിനെതിരെ ഉയര്‍ന്നുവരുന്ന ഗൂഢതാത്പര്യങ്ങള്‍ ഒഴിവാക്കണമെന്നും പ്രസ്താവനയില്‍ പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു.
അതേസമയം, ഞായറാഴ്ച മുതല്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ മൂന്ന് തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇന്ത്യന്‍ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഞായറാഴ്ച കാഞ്ചക്കില്‍ ബി എസ് എഫ് പോസ്റ്റിന് നേരെ പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ഒരു ജവാന് പരുക്കേറ്റിരുന്നു. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണത്തോട് ഇന്ത്യക്ക് പ്രതികരിക്കേണ്ടി വരുമെന്ന് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല വ്യക്തമാക്കിയിരുന്നു.

 

Latest