ന്യൂനപക്ഷത്തിന് ഭരണഘടനയില്‍ നിര്‍വചനമില്ലെന്ന് കേന്ദ്രം

Posted on: August 13, 2013 5:35 am | Last updated: August 12, 2013 at 11:36 pm
SHARE

ന്യൂഡല്‍ഹി: ന്യൂനപക്ഷമെന്ന വാക്കിന് ഭരണഘടനയില്‍ ഒരിടത്തും നിര്‍വചനമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ന്യൂനപക്ഷമെന്ന വാക്ക് പലയിടങ്ങളിലായി ഭരണഘടനയില്‍ ഉപയോഗിക്കുന്നുണ്ട്. അനുച്ഛേദം 29 മുതല്‍ 30 വരെയും 350 എ മുതല്‍ 350 ബി വരെയും ന്യൂനപക്ഷമെന്ന വാക്ക് കാണാം. എന്നാല്‍ എവിടെയും ന്യൂനപക്ഷത്തിന് നിര്‍വചനം പറയുന്നില്ല. ന്യൂനപക്ഷ സഹമന്ത്രി നിനോംഗ് എരിംഗ് ആണ് രാജ്യസഭയില്‍ ഇത് വ്യക്തമാക്കിയത്.
അനുച്ഛേദം 29 ല്‍ ന്യൂനപക്ഷം എന്ന് പറയുന്നിടത്ത് നല്‍കുന്ന വിശദീകരണം പ്രാദേശിക ഭാഷയുടെയോ, സംസ്‌കാരത്തിന്റെയോ പേരില്‍ പൗരന്മാര്‍ക്കിടയിലെ വേര്‍തിരിവ് എന്നാണ്. ഭൂരിപക്ഷ വിഭാഗത്തില്‍ പെടാത്ത ചെറിയ സംഘങ്ങളും ന്യൂനപക്ഷം എന്ന് പരാമര്‍ശിക്കപ്പെടുന്നുണ്ട്. അനുച്ഛേദം 30 പ്രകാരം മതപരവും ഭാഷാപരവുമായും ന്യൂനപക്ഷമെന്ന് വിവക്ഷ നല്‍കാം.
അനുച്ഛേദം 350 എ, 350 ബി എന്നിവ പ്രകാരം ഭാഷാ ന്യൂനപക്ഷങ്ങളെയാണ് പ്രതിപാദിക്കുന്നത്. 1992 ലെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമം സെക്ഷന്‍ രണ്ട് പ്രകാരവും 1993 ഒക്‌ടോബര്‍ 23 ലെ ക്ഷേമ മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരവും അഞ്ച് സമുദായങ്ങളാണ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്നത്. മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി എന്നിവയാണ് ന്യൂനപക്ഷ മതവിഭാഗങ്ങള്‍.