മകളുടെ എം ബി ബി എസ് സീറ്റിന് ‘മരിക്കാനും’ തയ്യാര്‍

Posted on: August 13, 2013 5:31 am | Last updated: August 12, 2013 at 11:32 pm
SHARE

ചണ്ഡിഗഢ്: മകള്‍ക്ക് മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിക്കാന്‍ താന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയ ജില്ലാ പോലീസ് സൂപ്രണ്ട് പിടിയില്‍. ഇതോടെ ഭീകര ആക്രമണവുമായി ബന്ധപ്പെടുത്തിയുള്ള സര്‍ട്ടിഫിക്കറ്റുകളെല്ലാം വിശദമായ പരിശോധനക്ക് വിധേയമാക്കാന്‍ പഞ്ചാബ് പോലീസ് തീരുമാനിച്ചു.
താണ്‍ തരണ്‍ ജില്ലാ സീനിയര്‍ പോലീസ് സൂപ്രണ്ട് രാജ്ജിത് സിംഗ് ഹുണ്ടലിന് ഹോഷിയാര്‍പൂര്‍ ഡെപ്യൂട്ടി കമ്മീഷണറാണ് മരണ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്. മകള്‍ സുഖ്മാനിക്ക് എം ബി ബി എസിന് സംവരണ സീറ്റ് ലഭിക്കാനാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നേടിയത്. ഫരീദ്‌കോട്ടിലെ ബാബ ഫരീദ് യൂനിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിലാണ് (ബി എഫ് യു എച്ച് എസ്) പ്രവേശനത്തിന് സുഖ്മാനി അപേക്ഷ നല്‍കിയത്.
ഭീകരാക്രമണത്തില്‍ മരിച്ചതായി സീനിയര്‍ പോലീസ് സൂപ്രണ്ട് തന്നെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംസ്ഥാന ആഭ്യന്തര വകുപ്പ്, വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ വിതരണം ചെയ്ത ഇത്തരം സര്‍ട്ടിഫിക്കറ്റുകളെല്ലാം സൂക്ഷ്മപരിശോധനക്ക് വിധേയമാക്കാനാണ് ഉത്തരവ്. സുഖ്മാനിയുടെ പിതാവ് എസ് എസ് പി രാജ്ജിത് സിംഗ് ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ മരിച്ചു എന്നാണ് കഴിഞ്ഞ ജൂണ്‍ 25ന് ബി എഫ് യു എച്ച് എസ് അധികൃതര്‍ക്ക് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. സിംഗിന്റെ കുടുംബം ഭീകരരാല്‍ നിരന്തരം വേട്ടയാടപ്പെട്ടിരുന്നുവെന്നും മാതാവും സഹോദരിയും 1991ല്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നുവെന്നും മരണ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു.
പഞ്ചാബില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ രൂക്ഷമായിരുന്ന 1970- 1980 കാലത്താണ് ഭീകരാക്രമണങ്ങളിലും കലാപങ്ങളിലും ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക് രണ്ട് ശതമാനം സീറ്റുകള്‍ സംവരണം ചെയ്യാന്‍ വ്യവസ്ഥയുണ്ടാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here