സെക്രട്ടേറിയറ്റിന് ഇന്നും നാളെയും അവധി

Posted on: August 13, 2013 6:20 am | Last updated: August 12, 2013 at 11:22 pm
SHARE

secretariatതിരുവനന്തപുരം: ഇടതുപക്ഷം സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന ഉപരോധ സമരം നേരിടാന്‍ സര്‍ക്കാര്‍ സെക്രട്ടേറിയറ്റിന് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. സമരം അവസാനിപ്പിക്കുന്നതിന് എല്‍ ഡി എഫ് നേതാക്കളുമായി അനൗപചാരിക ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ തേടണമെന്നും യു ഡി എഫ് കക്ഷിനേതാക്കളുടെ യോഗം തീരുമാനിച്ചു. സെക്രട്ടേറിയറ്റിന് പിറകിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്യദിന പരേഡിന്റെ റിഹേഴ്‌സല്‍ സുഗമമായി നടക്കുന്നതിന് വേണ്ടിയാണ് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി യോഗശേഷം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. അതേസമയം, സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ അറിയിക്കാന്‍ മുഖ്യമന്ത്രി ഇന്നലെ ഗവര്‍ണറെ സന്ദര്‍ശിച്ചു.

സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്‍ സി സി അടക്കമുള്ള കേഡറ്റുകളുടെ മൂന്നുദിവസത്തെ റിഹേഴ്‌സലുമായി സഹകരിക്കണമെന്ന് രേഖാമൂലം പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍, സമരത്തിന്റെ ആദ്യദിനം റിഹേഴ്‌സ ല്‍ മുടങ്ങി. ഈ സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റിന് അവധി നല്‍കിയത്. റിഹേഴ്‌സലിന്റെ അഭാവത്തില്‍ സ്വാതന്ത്ര്യ ദിന പരേഡ് വിജയകരമായി നടത്താന്‍ കഴിയാതെ വരുന്നത് സംസ്ഥാനത്തിന് അപമാനകരമാണ്. സെക്രട്ടേറിയറ്റില്‍ ജീവനക്കാരെത്താത്ത സാഹചര്യത്തില്‍ സമരക്കാരുടെ ഭാഗത്തുനിന്ന് റിഹേഴ്‌സല്‍ തടയുന്ന നടപടിയുണ്ടാവില്ലെന്നാണ് കരുതുന്നത്. മറിച്ചുള്ള സാഹചര്യമുണ്ടായാല്‍ പോലീസ് ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ ഡി എഫ് നടത്തുന്ന ഉപരോധ സമരം അനിശ്ചിതമായി നീട്ടിക്കെണ്ടുപോകാന്‍ സര്‍ക്കാറിന് ആഗ്രഹമില്ല. ഒരു ദിവസത്തിന് മുമ്പ് സമരം ഒത്തുതീര്‍ന്നാല്‍ അത്രയും നല്ലത്. ഇതിനായി ഏതറ്റം വരെയും പോകാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഇക്കാര്യത്തില്‍ രഹസ്യ അജന്‍ഡയില്ല. എന്നാല്‍ സമരം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ധാരണകള്‍ ഒന്നുമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് മധ്യസ്ഥര്‍ ആരുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതു പോലെ സോളാര്‍ അന്വേഷണത്തില്‍ കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചാല്‍ ഇത് സംബന്ധിച്ച് പരാതിയോ നിര്‍ദേശമോ ഉണ്ടെങ്കില്‍ പരിഗണിക്കാന്‍ തയ്യാറാണ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിഗണനയിലുള്ള ഏഴ് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനുള്ള അഞ്ച് കേസുകളുടെ കുറ്റപത്രം സമര്‍പ്പിച്ചാല്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായം കേള്‍ക്കാന്‍ തുറന്ന മനസ്സാണുള്ളത്. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന സമീപനമുണ്ടായപ്പോഴാണ് കേന്ദ്രസേനയെ വിളിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here