ഉപരോധം പ്രശ്‌നമല്ല; ജസീറ സമരമുഖത്ത് തന്നെ

Posted on: August 12, 2013 11:54 pm | Last updated: August 12, 2013 at 11:54 pm
SHARE

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പതിനായിങ്ങള്‍ സെക്രട്ടേറിയറ്റ് വളയുമ്പോഴും കണ്ണൂര്‍ മാടായിയിലെ ജസീറക്ക് കുലുക്കമില്ല. എന്തുസംഭവിച്ചാലും കടല്‍ത്തീരം സംരക്ഷിക്കാനുള്ള ഉത്തരവ് രേഖാമൂലം കിട്ടാതെ സെക്രട്ടേറിയറ്റ് പടിക്കലെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണിവര്‍.

ഈ നിലപാട് മാറ്റാന്‍ പോലീസിനോ പട്ടാളത്തിനോ ഇടതുപക്ഷത്തിന്റെ സമരത്തിനോ കഴിയില്ലെന്ന് ഇവര്‍ ഉറപ്പിച്ച് പറയുന്നു.
അഞ്ചിലും ഏഴിലും പഠിക്കുന്ന കുഞ്ഞുങ്ങളെ കകൈയിലും കൈക്കുഞ്ഞിനെ തോളിലുമിട്ട് ഒറ്റയാന്‍ സമരം നയിക്കുന്ന ജസീറ തലസ്ഥാന നഗരിയുടെ സമരചരിത്രത്തില്‍ പുതിയ അധ്യായമെഴുതുകയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടതൊഴിച്ചാല്‍ രാവും പകലുമുള്ള തന്റെ സമരത്തിന് എല്‍ ഡി എഫ് ഉപരോധം കൊണ്ട് തടസ്സമൊന്നുമുണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസം നേരില്‍ കണ്ടപ്പോള്‍ കുട്ടികളെയും കൂട്ടി വീട്ടിലേക്ക് തിരിച്ചുപോകാനും കടല്‍മണല്‍ കൊള്ളക്കെതിരെയുള്ള നിയമം നടപ്പാക്കാമെന്നും പഴയങ്ങാടി പോലീസ് ഔട്ട്‌പോസ്റ്റ് ശക്തമാക്കാമെന്നും ജസീറക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വാഗ്ദാനങ്ങളല്ല തനിക്കാവശ്യമെന്നും ഇവ രേഖാമൂലം ഉത്തരവിടും വരെ പെരുമഴയായാലും കൊടുംവെയിലായാലും തന്റെ സത്യഗ്രഹം തുടരുമെന്നും ജസീറ കത്തയച്ച് മറുപടിക്ക് കാത്തിരിക്കുകയാണ്. കവയിത്രി സുഗതകുമാരിയും കേരള സ്വതന്ത്ര്യ മത്സ്യത്തൊഴിലാളി ഫെഡറേഷന്‍, കേരള ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ദേശീയ സെക്രട്ടറി ടി പീറ്റര്‍, കോസ്റ്റല്‍ വാച്ച്, കെ എസ് എം ഡി എഫ്, തണല്‍, സഖി, വനിതാ കലാസാഹിതി തുടങ്ങി നിരവധി സംഘടനകളും ജസീറക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തിയിരുന്നു.