Connect with us

Gulf

ഓണ്‍ലൈന്‍ മരുന്നുകള്‍ വാങ്ങരുതെന്ന് ആരോഗ്യമന്ത്രാലയം

Published

|

Last Updated

അബുദാബി: ഓണ്‍ലൈന്‍ വഴി വിപണനം ചെയ്യപ്പെടുന്ന മരുന്നുകള്‍ വാങ്ങി ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രായം മുന്നറിയിപ്പു നല്‍കി. ഓണ്‍ലൈന്‍ വഴി വില്‍ക്കപ്പെടുന്ന മരുന്നുകളിലധികവും ആരോഗ്യത്തിനു ഹാനികരമാണ്. ഇങ്ങനെ വില്‍ക്കപ്പെടുന്ന മരുന്നുകള്‍ 62 ശതമാനവും വ്യാജമാണെന്ന് ബ്രിട്ടനിലെ പ്രമുഖ ഡോക്ടറായ ജാക്‌സനെ ഉദ്ധരിച്ച് മന്ത്രാലയം മുന്നറിയിപ്പു നല്‍കുന്നു.

ഓണ്‍ലൈന്‍ വഴി വില്‍പ്പന നടക്കുന്ന മരുന്നുകളില്‍ അധികവും തടി കുറക്കാനോ പുരുഷന്മാര്‍ക്ക് ലൈംഗികോത്തേജനത്തിനോ ഉള്ളതാണ്. ആവശ്യമായ പരിശോധനകള്‍ക്കു വിധേയമാകാത്തവയാണ് ഇവയിലധികവും. ഈ വര്‍ഷം മാത്രം ആരോഗ്യമന്ത്രാലയം, ഇത്തരം മരുന്നുകള്‍ വാങ്ങി ഉപയോഗിക്കരുതെന്ന് വ്യക്തമാക്കുന്ന 37 സര്‍ക്കുലറുകള്‍ ഇറക്കിയതായി ആരോഗ്യമന്ത്രാലയത്തിലെ അസി. അണ്ടര്‍ സെക്രട്ടറി ഡോ. അമീര്‍ അല്‍ അമീരി പറഞ്ഞു. യൂറിക് ആസിഡ് ഉള്‍പ്പെടെ ആരോഗ്യത്തിന് ഏറെ ഹാനികരമായ പല വസ്തുക്കളും അടങ്ങിയതാണ് ഇത്തരം മരുന്നുകളൊക്കെയുമെന്ന് ബ്രിട്ടീഷ വിദഗ്ധനെ ഉദ്ധരിച്ച് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കുന്നു.
അംഗീകൃത ഓണ്‍ലൈന്‍ ഫാര്‍മസികള്‍ ധാരാളം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അനധികൃത ഫാര്‍മസികളും അന്താരാഷ്ട്ര തലത്തില്‍ ഓണ്‍ലൈന്‍ ലോകത്ത് പ്രചാരം നേടിയിട്ടുണ്ട്. വ്യാജ മരുന്നുകളാണ് വിപണനം നടത്തുന്നതില്‍ കൂടുതലും. ഇത്തരം മരുന്നുകളുടെ വിപണനവും ഉപയോഗവും രാജ്യത്ത് കൂടുവരുന്നതിനാല്‍ വിമാനത്താവളങ്ങളിലും മറ്റുമുള്ള കസ്റ്റംസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പരിശോധനയില്‍ കണ്ടെത്തുന്ന ഇത്തരം മരുന്നുകള്‍ നശിപ്പിക്കുകയാണ് പതിവ്. ഓണ്‍ലൈന്‍ മരുന്നുകളുടെ പരിശോധനക്കായി പ്രത്യേകം പരിശീലനം ലഭിച്ച ആരോഗ്യമന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥര്‍ കസ്റ്റംസ് അധികൃതര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അമീന്‍ അല്‍ അമീരി പറഞ്ഞു.