വികസനമെന്ന ഒറ്റ ലക്ഷ്യം: ശൈഖ് മുഹമ്മദ്‌

Posted on: August 12, 2013 9:20 pm | Last updated: August 12, 2013 at 9:42 pm
SHARE

ദുബൈ: ‘ഞങ്ങള്‍ ഒറ്റക്കെട്ടായി രാജ്യത്തിന്റെ വികസനമെന്ന ഒരേ ഒരു ലക്ഷ്യത്തിനായി മുന്നേറുകയാണ്’-യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ എല്ലാവരും ഒറ്റക്കെട്ടായാണ് നീങ്ങുന്നതെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

എമിറേറ്റ്‌സ് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് ആന്‍ഡ് റിസേര്‍ച്ചിന്റെ എഡിറ്റോറിയലിലാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ എക്‌സലന്‍സ് പ്രോഗ്രാമില്‍ മികവ് തെളിയിച്ച 100 പേരുമായി നടത്തിയ ചര്‍ച്ചയ്ക്കിടയിലാണ് ഇക്കാര്യം പറഞ്ഞതും എമിറേറ്റ്‌സ് സെന്റര്‍ ഇത് എഡിറ്റോറിയലില്‍ ഉള്‍പ്പെടുത്തിയതും. സബീല്‍ പാലസിലായിരുന്നു സര്‍ക്കാര്‍ സര്‍വീസില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥരെ അദ്ദേഹം സ്വീകരിച്ചത്.
വിവിധ വകുപ്പുകളില്‍ ഉദ്യോഗസ്ഥര്‍ ഐക്യത്തോടും സഹവര്‍ത്തിത്വത്തോടെയുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ അവര്‍ ജീവിക്കുന്ന പ്രദേശത്തിന്റേത് ഉള്‍പ്പെടെയുള്ള യാതൊരു പ്രാദേശികത്വവുമില്ല. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതില്‍ സ്വദേശികള്‍ തോളോട്‌തോള്‍ ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ പുരോഗതി ലക്ഷ്യമാക്കിയാണ് ഈ പ്രവര്‍ത്തനമെന്നതിനാല്‍ അഭിനന്ദനാര്‍ഹമാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
43 വകുപ്പുകളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരെയാണ് സേവന മികവില്‍ ശൈഖ് മുഹമ്മദ് ആദരിച്ചത്. ശൈഖ് മുഹമ്മദ് വിഭാവനം ചെയ്യുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഉദ്യോഗസ്ഥര്‍ രാഷ്ട്രത്തിന് മികച്ച സേവനം പ്രദാനം ചെയ്യുന്നത്. ഇവയില്‍ ഏറ്റവും പ്രധാനം സര്‍ക്കാര്‍ എന്ന ആശയമാണ്.
സര്‍ക്കാരിനെയും സ്ഥാപനങ്ങളെയും ജനങ്ങളില്‍ ശരിയായ രീതിയില്‍ എത്തിക്കുകയെന്ന മഹത്തായ ലക്ഷ്യത്തിനായാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ മികവ് തെളിയിക്കുന്നത് രാഷ്ട്രത്തിനായി ചെയ്യുന്ന മികച്ച സേവനമാണെന്നും ശൈഖ് മുഹമ്മദ് എഡിറ്റോറിയലില്‍ വ്യക്തമാക്കുന്നു.
സര്‍ക്കാരിന് കാര്യങ്ങള്‍ കാലേക്കൂട്ടി കാണാനും അതിന്റെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ തയ്യാറാക്കി നിശ്ചിത കാലത്തിനകം അവ പൂര്‍ത്തീകരിക്കാനും സാധിക്കുന്നത് ഉദ്യോഗസ്ഥരുടെ മികവിലൂടെയാണ്. എല്ലാ മേഖലയിലും ഇത്തരത്തില്‍ മികച്ച പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒറ്റക്കെട്ടായി നിന്ന് രാജ്യത്തിന്റെ വികസനപരവും സാംസ്‌കാരികവുമായ ഔന്നിത്യം ഉയര്‍ത്തിപ്പിടിക്കണം. ഇതില്‍ ഫെഡറല്‍ എന്നോ ലോക്കല്‍ എന്നോ ഏതെങ്കിലും പ്രത്യേക എമിറേറ്റെന്നോ വ്യത്യാസങ്ങളില്ല. എല്ലാവരും സഹകരണത്തോടെ പ്രവര്‍ത്തിക്കുകയെന്നത് മാത്രമാണ് മുഖ്യം.
തൊഴിലില്‍ മികവ് തെളിയിക്കുക എന്നത് ഓരോ ഉദ്യോഗസ്ഥരുടെയും പ്രാഥമിക കര്‍ത്തവ്യമാണ്. അതേ സമയം ഇത് നിത്യജീവിതത്തിന്റെ ഭാഗം കൂടിയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇത്തരത്തിലുള്ള പ്രവര്‍ത്തികളിലൂടെ മാത്രമേ രാജ്യത്തിന് വിഷന്‍ 2021 സാക്ഷാല്‍കരിക്കാനാവൂ. റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ രംഗത്ത് സമഗ്രമായ വികസനമാണ് വിഷന്‍ വിഭാവനം ചെയ്യുന്നത്.
രാജ്യം യൂവക്കളില്‍ അത്യന്തികമായ വിശ്വാസം അര്‍പ്പിക്കുന്നു. രാജ്യത്തിന് പുരോഗതിയും വികസനവും യുവാക്കളിലൂടെ മാത്രമേ സാധ്യമാവൂ. പുരോഗമനപരമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകും ചെയ്യുന്ന ഒരു പറ്റം യുവതീയുവാക്കളെ കാണാന്‍ സാധിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. രാജ്യം ഉന്നതിയിലേക്കും പുരോഗതിയിലേക്കും കുതിക്കുന്നതിനായി അവര്‍ കതോര്‍ക്കുകയാണ്. ഞാനും എന്റെ സഹോദരന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും രാജ്യത്തിന്റെ യുവത്വത്തിന്റെ ത്വരിതഗതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ നന്ദി പറുന്നതായും അദ്ദേഹം പറഞ്ഞു.