മൂന്നു വര്‍ഷമായി കാണാതായ മജീദിനെ തേടി ബാദുഷ

Posted on: August 12, 2013 9:25 pm | Last updated: August 12, 2013 at 9:34 pm
SHARE

ഷാര്‍ജ: മലയാളി യുവാവിനെ ഷാര്‍ജയില്‍ കാണാതായിട്ട് മൂന്ന് വര്‍ഷം. കാസര്‍കോട് സ്വദേശി മുള്ളിയടുക്ക സീതിക്കുഞ്ഞിന്റെയും ആയിഷയുടെയും മകന്‍ മജീദിനെയാണ് ഷാര്‍ജ അല്‍നഹ്ദയില്‍ കാണാതായത്.

ആയിശുമ്മയുടെ നിലയ്ക്കാത്ത കണ്ണുനീരിന് മൂന്നാണ്ട് തികയുന്നു. മൂന്നു വര്‍ഷം മുന്‍പൊരു റമസാനില്‍ ഷാര്‍ജയില്‍ എത്തിയതായിരുന്നു ഇവരുടെ രണ്ടാമത്തെ മകന്‍ മജീദ്. ഗള്‍ഫ് സ്വപ്‌നം കണ്ട് കഴിയുന്ന സാധാരണ യുവാക്കളെപ്പോലെയായിരുന്നില്ല ഈ 21കാരന്‍. നാട്ടില്‍ എന്തെങ്കിലും ജോലിയോ ബിസിനസോ ചെയ്ത് കഴിയാനായിരുന്നു താല്‍പര്യം.
പക്ഷേ, വീട്ടിലെ പ്രാരാബ്ധവും വീട്ടുകാരുടെ നിര്‍ബന്ധവും കാരണം 2010 ഏപ്രില്‍ ആറിന് വിമാനം കയറി. ഷാര്‍ജയില്‍ തന്നെയുള്ള സഹോദരന്‍ ബാദുഷയാണ് വിസിറ്റ് വിസ സംഘടിപ്പിച്ചു നല്‍കിയത്. ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി കിട്ടി. തുടര്‍ന്ന് ബാദുഷ നാട്ടില്‍ പോയി വന്ന് ഒരു മാസത്തിന് ശേഷമാണ് മജീദിനെ കാണാതാവുന്നത്. തിരിച്ചുവരുമെന്ന് കരുതി കാത്തിട്ട് വര്‍ഷം മൂന്നായി. കഴിഞ്ഞ ദിവസം ബാദുഷ വീണ്ടും ഷാര്‍ജയില്‍ എത്തിയതോടെ അന്വേഷണം തുടങ്ങിയത്.
സഹോദരിയുടെ വിവാഹത്തിന് പണം കണ്ടെത്താന്‍ പാര്‍ട് ടൈമായി ജോലിക്ക് പോകാറുണ്ടായിരുന്നുവെന്ന് അന്ന് കൂടെ താമസിച്ച ശിഹാബ് പറഞ്ഞു. സിഡി വില്‍പനയും ഇതിന്റെ ഭാഗമായിരുന്നു. 2010ലെ റമസാന്‍ 27ന് രാത്രി സിഡിയുമായി പോയ 21കാരന്‍, പിന്നീട് തിരിച്ചുവന്നില്ല. മജീദ് സ്ഥിരമായി പോകുന്ന സ്ഥലങ്ങളില്‍ സുഹൃത്തുക്കള്‍ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.
ഷാര്‍ജ അല്‍നഹ്ദ റോഡിന് കുറുകെ കടക്കുന്ന സമയത്ത് അപകടത്തില്‍ പെട്ടിരിക്കുമോ എന്ന സംശയത്താല്‍ ആശുപത്രികളിലും തിരഞ്ഞതായി സുഹൃത്തുക്കള്‍ പറയുന്നു. കാണാതാവുന്നതിന്റെ തലേ ദിവസം വരെ റമസാനില്‍ പുലര്‍ച്ചെ നാലിന് അത്താഴം കഴിക്കാനായി ഫോണില്‍ വിളിച്ചുണര്‍ത്തുമായിരുന്നുവെന്ന് ആയിശ പറഞ്ഞു.
മജീദിനെ കാണാതായതു മുതല്‍ മാനസികമായി തകര്‍ന്നിരിക്കുകയാണ് പിതാവ് സീതിക്കുഞ്ഞ്. പരസഹായമില്ലാതെ നടക്കാന്‍പോലും വയ്യാത്ത അവസ്ഥ. മകന്റെ വേര്‍പാട് പിതാവിനെ അത്രയ്ക്ക് തളര്‍ത്തിയിരിക്കുന്നു. വിസിറ്റ് വിസാ കാലാവധി കഴിഞ്ഞതിനാലോ മറ്റോ പിടിക്കപ്പെട്ട് ജയിലില്‍ ഉണ്ടാകുമോ എന്ന സംശയവും അനുജന്‍ അശ്‌റഫ് പങ്കുവച്ചു.
വീട്ടിലെ പ്രാരാബ്ധത്തെക്കുറിച്ചോര്‍ത്ത് വേവലാതിയായിരുന്നു മജീദിനെന്ന് ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നു. വിവരങ്ങള്‍ക്ക്: 050- 5784024.