ആലങ്കോട് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്‌

Posted on: August 12, 2013 11:10 am | Last updated: August 12, 2013 at 11:10 am
SHARE

ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പുകള്‍ ഇന്ന് നടക്കും. പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദമുയര്‍ത്തി ലീഗും കോണ്‍ഗ്രസും ഉറച്ച് നിന്നതോടെ ആലങ്കോട് പഞ്ചായത്തിലെ ഭരണത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
പ്രശ്‌ന പരിഹാരത്തിനായി കോണ്‍ഗ്രസ് ലീഗ് പാര്‍ട്ടികള്‍ ഇന്നലെ ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കേണ്ടെന്നാണ് ഇരുപാര്‍ട്ടികളുടെയും തീരുമാനം. പ്രസിഡന്റ് സ്ഥാനം വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി ഇന്നലെ ചേര്‍ന്ന യോഗത്തിന് ശേഷം കോണ്ഗ്രസ് നേതാക്കള്‍ ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുത്തുള്ള ഒരു ഒത്തു തീര്‍പ്പിനും തയ്യാറല്ലെന്നാണ് ലീഗിന്റെ നിലപാട്. നേരത്തെ മുസ്‌ലീം ലീഗിനായിരുന്നു ഇവിടെ പ്രസിഡന്റ് സ്ഥാനം. സമീപ പഞ്ചായത്തായ നന്നംമുക്കില്‍ കോണ്‍ഗ്രസിലെ പ്രസിഡന്റിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ലീഗ് അനുകൂലിച്ച് വോട്ട് ചെയ്തതിനെ തുടര്‍ന്നാണ് ആലങ്കോട് ലീഗിലെ പ്രസിഡന്റിനെതിരെ കോണ്‍ഗ്രസും വോട്ട് ചെയ്തത്.
രണ്ടരവര്‍ഷം പ്രസിഡന്റ് സ്ഥാനം വേണമെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റ് ഷാനവാസ് വട്ടത്തൂര്‍ പുറത്തായ ഉടന്‍തന്നെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനവും സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചിരുന്നു. 19 അംഗങ്ങളുള്ള ആലങ്കോട് പഞ്ചായത്തില്‍ ലീഗിന് 7, കോണ്‍ഗ്രസിന് 5, സി പി എമ്മിന് 7 എന്നിങ്ങനെയാണ് സീറ്റ് നില. എന്നാല്‍ ലീഗിലെ ഒരു അംഗം തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്നും പൊതുസമ്മതനായാണ് ഇയാളെ നിര്‍ത്തിയതെന്നുമാണ് കോണ്‍ഗ്രസിന്റെ വാദം. ഇതിനെ തുടര്‍ന്നാണ് പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടി കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുന്നത്.