വലിയോറ കുറുക ഹൈസ്‌കൂള്‍ ഇന്ന് പ്രവര്‍ത്തനം തുടങ്ങും

Posted on: August 12, 2013 11:09 am | Last updated: August 12, 2013 at 11:09 am
SHARE

വേങ്ങര: വലിയോറ കുറുക ഗവ. ഹൈസ്‌കൂള്‍ ഇന്ന് പ്രവര്‍ത്തനം തുടങ്ങും. കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍ എം എസ്) പദ്ധതി പ്രകാരം ഈവര്‍ഷം അപ്‌ഗ്രേഡ് ചെയ്ത സര്‍ക്കാര്‍ യു പി സ്‌കൂളാണ് കുറുക ഹൈസ്‌കൂള്‍. ചട്ടപ്രകാരം ഇരുപ്പത്തിയഞ്ചില്‍ കുറയാത്ത കുട്ടികള്‍ ആവശ്യമാണെന്നിരിക്കെ ജനകീയ കണ്‍വെന്‍ഷന്‍ ചേര്‍ന്നിരുന്നു.
മറ്റു സ്‌കൂളുകള്‍ പ്രവേശം നേടി പഠനം ആരംഭിച്ച നാല്‍പതിലധികം കുട്ടികള്‍ അവിടങ്ങളില്‍ നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി സ്‌കൂളില്‍ പ്രവേശനം നേടിയിട്ടുണ്ട്. അപ്‌ഗ്രേഡ് ചെയ്ത കുറുക ജി യു പി സ്‌കൂള്‍ മുസ്‌ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്നതിനാല്‍ റമസാന്‍ അവധി കഴിഞ്ഞ് തുറക്കുമ്പോള്‍ എട്ടാം തരം ആരംഭിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇടുക്കി, വയനാട്, കാസര്‍കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി 30 സ്‌കൂളുകളാണ് സര്‍ക്കാര്‍ ഹൈസ്‌കൂളാക്കി അപ്‌ഗ്രേഡ് ചെയ്തത്. ഇതില്‍ പന്ത്രണ്ട് സ്‌കൂളുകളും മലപ്പുറം ജില്ലയിലാണ്. കുറുകക്ക് പുറമെ വേങ്ങര ഉപജില്ലയിലെ തന്നെ കൊളപ്പുറം ജി യു പി സ്‌കൂളും നെടുവ, തൃക്കുളം, ചാലിയപ്പുറം, നീലഞ്ചേരി, അഞ്ചച്ചവിടി, കുട്ടശ്ശേരി, കരിപ്പോള്‍, മീനടത്തൂര്‍, മങ്കട, മരുത സ്‌കൂളുകളാണ് അപ്‌ഗ്രേഡ് ചെയ്തത്.
എട്ടാം തരം സംസ്ഥാന സര്‍ക്കാറും ഒന്‍പത്, പത്ത് ക്ലാസുകള്‍ കേന്ദ്ര സര്‍ക്കാറുമാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ 26ന് മന്ത്രിസഭ തീരുമാനമെടുത്തത്. കുറുക ജി യു പി സ്‌കൂളിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കി നാട്ടുകാര്‍ ഏറെ കാലം ഉന്നയിച്ച ആവശ്യമാണ് ഇന്ന് പൂവണിയുന്നത്. പറപ്പൂര്‍, വേങ്ങര, എടരിക്കോട് ഗ്രാമപഞ്ചായത്തുകളിലെ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ സ്‌കൂള്‍ ഏറെ സൗകര്യമാകും. സര്‍ക്കാര്‍ മേഖലയില്‍ സര്‍ക്കാര്‍ ജനറല്‍ സ്‌കൂള്‍ ഇല്ലായിരുന്ന വേങ്ങര പഞ്ചായത്തിന് കുറുക യു പി ഹൈസ്‌കൂളാകുന്നതോടെ ജനറല്‍ സര്‍ക്കാര്‍ സ്‌കൂള്‍ പ്രാവര്‍ത്തികമാകും.