Connect with us

Malappuram

അപൂര്‍വ രോഗവുമായി യുവതി ദുരിതത്തില്‍

Published

|

Last Updated

അരീക്കോട്: അത്യപൂര്‍വമായ രോഗം പിടിപെട്ട് ഇരു കണ്ണുകളും നഷ്ടപ്പെട്ട യുവതി ദുരിതത്തില്‍. നേത്രഗോളത്തിന്റെ ഓര്‍ബിറ്റിനകത്ത് ട്യൂമര്‍ വളരുകയും തത്ഫലമായി കണ്ണുകള്‍ പുറത്തേക്ക് വന്ന് ലെന്‍സുകള്‍ ഉതിര്‍ന്ന് വീണ് അപൂര്‍വ രോഗത്തിനടിമപ്പെട്ട കുഴിമണ്ണ ചിറപ്പാലം അന്നാരത്തൊടി മൊയ്തീന്‍കുട്ടിയുടെ മകള്‍ റുഖിയ (30) ആണ് നിത്യ ദുരിതത്തില്‍ കഴിയുന്നത്. രണ്ട് വര്‍ഷം മുമ്പ് ഇടതു കണ്ണിന് നിറം മാറ്റവും മൂക്കടപ്പും തലവേദനയും അനുഭവപ്പെട്ട യുവതി നിരവധി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ഇതിനിടെ വലത് കണ്ണിനും അസുഖം പിടിപെട്ടു. വിദഗ്ദ പരിശോധനയില്‍ ഓര്‍ബിറ്റിനകത്ത് വളരുന്ന മുഴ കാന്‍സര്‍ ആണെന്നു കണ്ടെത്തുകയും റേഡിയേഷന്‍ ചികിത്സ നടത്തുകയും ചെയ്തു.
റേഡിയേഷന്‍ കഴിഞ്ഞ് 15 ദിവസത്തിനകം ഒരു കണ്ണിലെ ലെന്‍സ് ഉതിര്‍ന്ന് വീണു. ഇതേതുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജില്‍ ചികിത്സ നടത്തുന്നതിനിടയില്‍ മറ്റേ കണ്ണിന്റെയും ലെന്‍സ് ഉതിര്‍ന്ന് വീണു. ഇതോടെ ഇരു കണ്ണുകളും ശസ്ത്രക്രിയയിലൂടെ എടുത്തു മാറ്റുകയായിരുന്നു. എന്നാല്‍ കണ്ണിലെ പഴുപ്പ് മാറാതെ ഇപ്പോഴും വേദന സഹിച്ച് കഴിയുകയാണ് റുഖിയ. നിര്‍ധന കുടുംബമായതിനാല്‍ ചികിത്സക്ക് പ്രയാസപ്പെടുകയാണ്. ബാപ്പ മൊയ്തീന്‍കുട്ടിക്ക് പ്രായമായി. ഉമ്മുസല്‍മയുടെ ഭര്‍ത്താവ് വടശ്ശേരി സ്വദേശി അബ്ബാസാണ് റുഖിയയുടെ ചികിത്സകള്‍ നടത്തിവരുന്നത്. സഹോദരിയായ വടശ്ശേരി മലയില്‍ വീട്ടില്‍ ഉമ്മുസല്‍മയുടെ വീട്ടിലാണ് റുഖിയയുടെ താമസം. വളരെ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന രോഗമാണിതെന്ന് റുഖിയയെ ചികിത്സിച്ച കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. കെ വി രാജു പറഞ്ഞു. ഫ്യൂഡോ ഓര്‍ബിറ്റല്‍ ട്യൂമര്‍ എന്ന ഈ അസുഖം അപൂര്‍വ്വമാണെങ്കിലും ചികിത്സിച്ചാല്‍ ഭേദമാകാറുണ്ട്. കുട്ടിക്കാലത്തെ കടുത്ത പ്രമേഹമാണ് (ജുവനൈല്‍ ഡയബറ്റിക്‌സ്) റുഖിയയുടെ അസുഖത്തിന് കാരണം. പ്രമേഹത്തിന് ചികിത്സ തുടങ്ങിയതോടെ നില വഷളാകുകയായിരുന്നു. കണ്ണ് മാറ്റി വെക്കല്‍ ശസ്ത്രക്രിയ വിജയിക്കില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

Latest