Connect with us

National

ഐ എന്‍ എസ് വിക്രാന്ത് ഇന്ന് നീറ്റിലിറക്കും

Published

|

Last Updated

കൊച്ചി: ഇന്ത്യന്‍ പ്രതിരോധ മേഖലക്കും നാവിക സേനക്കും പുത്തന്‍ ഉണര്‍വും അഭിമാനവും പകര്‍ന്ന് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വിമാനവാഹിനി കപ്പലായ ഐ എന്‍ എസ് വിക്രാന്ത് ഇന്ന് നീറ്റിലിറക്കും. രാജ്യത്തിന്റെ അഭിമാനവും ഇന്ത്യന്‍ സേനയുടെ ശക്തിയുമായ വിമാനവാഹിനി, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡിലാണ ്(സി എസ് എല്‍) പണി തീര്‍ത്തിരിക്കുന്നത്. കൊച്ചി കപ്പല്‍ശാലയുടെ നിര്‍മാണ ഡോക്കിലുള്ള വിക്രാന്ത് ഇന്ന് നീറ്റിലിറക്കിയേഷം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ റിപ്പയര്‍ ഡോക്കിലേക്ക് മാറ്റും. വിമാനവാഹിനി കപ്പലിനകത്തുള്ള മറ്റ് സുപ്രധാനമായ നിര്‍മാണജോലികളും ഉപകരണങ്ങള്‍ സ്ഥാപിക്കലുമുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ റിപ്പയര്‍ ഡോക്കിലാണ് നടക്കുക. നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി 2016ല്‍ പരീക്ഷണയാത്ര നടത്തുന്ന വിക്രാന്ത് 2018ല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ സഹധര്‍മിണി എലിസബത്ത് ആന്റണിയാണ് വിക്രാന്ത് നീറ്റിലിറക്കല്‍ ചടങ്ങ് നിര്‍വഹിക്കുന്നത്. എ കെ ആന്റണി മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി ജി കെ വാസന്‍ അധ്യക്ഷത വഹിക്കും. അഡ്മിറല്‍ ഡി കെ ജോഷി, വൈസ് അഡ്മിറല്‍ ആര്‍ കെ ധവാന്‍, നേവല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് കമഡോര്‍ കാര്‍ത്തിക് സുബ്രഹ്മണ്യന്‍, ഇന്ത്യന്‍ നേവി വാര്‍ ഷിപ്പ് കണ്‍ട്രോളര്‍ കെ ആര്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിവിധ തരത്തിലുള്ള മുപ്പത് യുദ്ധ വിമാനങ്ങളെ വഹിക്കാന്‍ ശേഷിയുളളതാണ് വിക്രാന്ത്. 3,260 കോടി രൂപയാണ് പ്രൊജക്ട് 71 എന്നു പേരിട്ടിരുന്ന വിമാനവാഹിനിയുടെ നിര്‍മാണത്തിന് ചെലവ് കണക്കാക്കിയിരിക്കുന്നത്. നാല്‍പ്പതിനായിരം ടണ്‍ കേവ് ഭാരമുള്ള ഇത്തരമൊരു യുദ്ധക്കപ്പല്‍ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന അഞ്ചാമത്തെ രാഷ്ട്രമാണ് ഇന്ത്യ. അമേരിക്ക, ഫ്രാന്‍സ്, റഷ്യ, ഇംഗ്ലണ്ട് തുടങ്ങിയ വന്‍ ശക്തികളുടെ കൈവശം മാത്രമാണ് ഇപ്പോള്‍ ഇത്തരം യുദ്ധക്കപ്പലുകളുള്ളത്. അത്യാധുനിക ആയുധ-കപ്പലോട്ട സാങ്കേതിക വിദ്യകളാണ് കപ്പലില്‍ സന്നിവേശിപ്പിച്ചിട്ടുള്ളത്.
ദീര്‍ഘദൂര ഭൂതല വ്യോമ മിസൈല്‍ (എല്‍ ആര്‍ എസ് എ എം), ബഹുതല റഡാര്‍ സംവിധാനം, ക്ലോസ് ഇന്‍ വെപണ്‍ സിസ്റ്റം (സി ഐ ഡബ്ല്യു എസ്) എന്നിവയാണ് കപ്പലിന്റെ പ്രത്യേകതകള്‍. മിഗ് 29- കെ യുദ്ധവിമാനങ്ങളും യുദ്ധത്തിനുപയോഗിക്കുന്ന ചെറുവിമാനങ്ങളും (എല്‍ സി എ), ഹെലികോപ്റ്ററുകളും വിമാനവാഹിനിയിലുണ്ടാകും. വ്യോമാക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന റഡാര്‍ സംവിധാനവും ദിശ കണ്ടുപിടിക്കുന്ന സംവിധാനവും കപ്പലിലുണ്ട്.
നീറ്റിലിറക്കിയ ശേഷമായിരിക്കും കപ്പലിന്റെ ഉള്‍ഭാഗവും പങ്കകളും പണിയുന്നതും ഘടിപ്പിക്കുന്നതും. തദ്ദേശീയമായി നിര്‍മിച്ച ഏറ്റവും മികച്ച ഉരുക്ക് ഉപയോഗിച്ചാണ് കപ്പല്‍ ഭാഗങ്ങള്‍ പണിതിരിക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ (ഡി എന്‍ ഡി) ആണ് കപ്പല്‍ രൂപകല്‍പ്പന ചെയ്തത്. കഴിഞ്ഞ അമ്പത് വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡി എന്‍ ഡി വിവിധ തരത്തിലുള്ള 18 യുദ്ധക്കപ്പലുകളുടെ രൂപകല്‍പ്പന നിര്‍വഹിച്ചിട്ടുണ്ട്. തദ്ദേശീയ യുദ്ധക്കപ്പലുകളുടെ രൂപകല്‍പ്പന നിര്‍വഹിക്കുന്ന ലോകത്തിലെ ഏക സര്‍ക്കാര്‍ സ്ഥാപനമാണ് ഡി എന്‍ ഡി. ഇപ്പോള്‍ നേവിയുടെ 46 യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും രാജ്യത്തെ വിവിധ ഷിപ്പ്‌യാര്‍ഡുകളില്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. 260 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമാണ് കപ്പലിനുള്ളത്. രണ്ട് ഷാഫ്റ്റുകളുപയോഗിച്ചാണ് പ്രൊപ്പല്ലറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
ഓരോന്നും രണ്ട് 2500 എല്‍ എം വാതക ടര്‍ബൈനുകളുമായി ഘടിപ്പിച്ചിരിക്കുന്നു. 28 നോട്ട് വരെ വേഗം കൈവരിക്കാന്‍ ഇതുവഴി സാധിക്കും. രണ്ട് ടേക്ക് ഓഫ് റണ്‍വേകളും ഒരു ലാന്‍ഡിംഗ് സ്ട്രിപ്പും വിമാനവാഹിനിയിലുണ്ട്. 2.5 ഏക്കറാണ് ഇതിന്റെ മേല്‍ത്തട്ട് വിസ്താരം. പന്ത്രണ്ട് മിഗ് വിമാനങ്ങള്‍, എട്ട് തേജസ് എയര്‍ക്രാഫ്റ്റുകള്‍, 10 ഹെലികോപ്റ്ററുകള്‍ എന്നിവയെ ഉള്‍ക്കൊള്ളാനുള്ള വലിപ്പം കപ്പലിനുണ്ട്. 160 ഓഫീസര്‍മാരും 1400 നാവികരും കപ്പലിലുണ്ടാകും. 2001-02 ലാണ് ഡി എന്‍ ഡി ഇതിന്റെ രൂപകല്‍പ്പന ആരംഭിച്ചത്.
റഷ്യന്‍ സ്ഥാപനമായ എന്‍ ഡി ബിയാണ് കപ്പലോട്ട സാങ്കേതിക വിദ്യ സംഭാവന ചെയ്തിരിക്കുന്നത്. കപ്പലിന്റെ 83 ശതമാനം ചട്ടക്കൂടും 75 ശതമാനം നിര്‍മാണ പ്രവര്‍ത്തനവും നീറ്റിലിറങ്ങുമ്പോള്‍ പൂര്‍ത്തിയായിട്ടുണ്ടാകും. കപ്പലിന്റെ നിര്‍മാണത്തില്‍ 90 ശതമാനവും കപ്പലോട്ടത്തില്‍ മുപ്പത് ശതമാനവും യുദ്ധശേഷിയില്‍ മുപ്പത് ശതമാനവും ഇന്ത്യന്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

Latest