Connect with us

National

ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി ചൈന

Published

|

Last Updated

ന്യൂഡല്‍ഹി: ചൈനയിലേക്ക് പോകുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. യാത്രയുടെ ചെലവ് വളരെ കുറവായതാണ് പ്രധാന ആകര്‍ഷണം. ചെലവ് കുറഞ്ഞ ഷോപ്പിംഗും പ്രധാന കാരണമാണ്.
കഴിഞ്ഞ വര്‍ഷം ചൈന സന്ദര്‍ശിച്ച ഇന്ത്യക്കാരുടെ എണ്ണം ആറ് ലക്ഷമാണ്. ചൈനയിലെ പ്രധാന നഗരങ്ങളായ ബീജിംഗ്, ഷാംഗ്ഹായ്, ഗുവാംഗ്ഷൂ, ഷിയാന്‍ തുടങ്ങിയ നഗരങ്ങളിലൊക്കെ ഇന്ത്യന്‍ വിനോദ സഞ്ചാര സംഘങ്ങള്‍ എപ്പോഴുമുണ്ടാകാറുണ്ടെന്ന് ബീജിംഗ് നിംബസ് ഇന്റര്‍നാഷനല്‍ സര്‍വീസ് കമ്പനി ലിമിറ്റഡിന്റെ ജനറല്‍ മാനേജര്‍ യോഫെംഗ് ലിയാംഗ് പറഞ്ഞു. “ഇന്‍ക്രഡിബിള്‍ ഇന്ത്യ” എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നടത്തിയ പ്രചാരണത്തിന് സമാനമായി ചൈനീസ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നടത്തുന്ന “മിസ്റ്റീരിയസ് ചൈന” എന്ന പ്രചാരണത്തിന് നല്ല പ്രതികരണമാണ് ഉണ്ടായത്. “അവിശ്വസനീയ ഇന്ത്യ” ചൈനീസ് വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക് രാജ്യത്തുണ്ടാക്കിയിരുന്നു. സമാന മാതൃകയില്‍ “നിഗൂഢ ചൈന”ക്ക് ഇന്ത്യക്കാരില്‍ നല്ല സ്വീകരണമാണ് ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഒന്നര ലക്ഷം ചൈനക്കാരാണ് ഇന്ത്യ സന്ദര്‍ശിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.5 ശതമാനം വര്‍ധനവാണിത്. മൊത്തം 8.2 കോടി ചൈനക്കാര്‍ വിദേശ യാത്ര നടത്തുന്നുണ്ട്. ഇതിലധികവും അമേരിക്ക, യൂറോപ്യന്‍ രാഷ്ട്രങ്ങള്‍, ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങള്‍, ഇന്ത്യ എന്നിവിടങ്ങളിലേക്കാണ്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ പുരോഗതി സാവധാനമാണെങ്കിലും സ്ഥിരതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
ഇന്ത്യക്കാരായ വ്യാപാരികളുടെയും ഇഷ്ടകേന്ദ്രമായി ചൈന മാറിയിട്ടുണ്ട്. വിരമിച്ചവരും സമ്പന്നരും ഇഷ്ടപ്പെടുന്നതും ചൈനയെയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കഴിഞ്ഞാല്‍ പ്രധാന മാളുകളിലെ ഷോപ്പിംഗിനാണ് ഇവര്‍ സമയം ചെലവഴിക്കുന്നത്. സില്‍ക്ക് മാര്‍ക്കറ്റ്, യാഷോ മാര്‍ക്കറ്റ് എന്നിവയാണ് ഇന്ത്യക്കാരുടെ ഇഷ്ടകേന്ദ്രങ്ങള്‍. ഐ പാഡുകള്‍, ടച്ച് ഫോണുകള്‍, വാച്ചുകള്‍, വസ്ത്രം എന്നിവയാണ് പ്രധാനമായും വാങ്ങുക. ഇന്ത്യക്കാരുമായുള്ള ഇടപഴക്കം കാരണം പല ഷോപ്പ് ജീവനക്കാരും ഹിന്ദി അല്‍പ്പാല്‍പ്പമായി സംസാരിക്കുന്നുണ്ട്. “നമസ്‌തെ” പറഞ്ഞാണ് ഇന്ത്യക്കാരെ ഇവര്‍ വരവേല്‍ക്കുന്നത്. യാത്ര, താമസം, ഇന്ത്യന്‍ റസ്റ്റോറന്റുകളിലെ ഭക്ഷണം എന്നിവക്കായി ഒരു ലക്ഷം രൂപയാണ് ഒരാള്‍ക്ക് ചെലവ്. യൂറോപ്പും അമേരിക്കയും മാത്രം വിനോദ സഞ്ചാര മേഖലകളായി കണ്ടിരുന്ന ഇന്ത്യക്കാര്‍ ചൈനയടക്കമുള്ള ഏഷ്യന്‍ രാഷ്ട്രങ്ങളെ കേന്ദ്രീകരിക്കുന്നുണ്ടെന്ന് പഠനം പറയുന്നു. കഴിഞ്ഞ വര്‍ഷം 6.8 കോടി വിദേശികളാണ് ചൈന സന്ദര്‍ശിച്ചത്.