ധനമോഹത്തിന്റെ മനഃശാസ്ത്രം

Posted on: August 12, 2013 6:00 am | Last updated: August 11, 2013 at 10:09 pm
SHARE

Frozen Greed 1തട്ടിപ്പ് നിഘണ്ടുവില്‍ പുതിയ പദവും കൂടി സ്ഥലം പിടിച്ചു; സോളാര്‍. വിദ്യാര്‍ഥികള്‍ക്ക് പോലും സോളാര്‍ സുപരിചിതം. സര്‍ക്കാറിനെ സോളാര്‍ വലയം ചെയ്തുകൊണ്ടിരിക്കുകയാണ്. വല്ലാത്തൊരാഘര്‍ഷണശക്തിയാണ് സോളാറിനുള്ളത്. പാഠം പഠിക്കാത്ത കേരളീയര്‍ ഇനിയും പുതിയ പദങ്ങള്‍ കേള്‍ക്കേണ്ടിവരും. ധനമോഹത്താല്‍ എടുത്തുചാടി ഷെയര്‍ ബിസിനസ്സിലും മണിചെയ്‌നിലും പണം നിക്ഷേപിക്കുന്നവര്‍ അവസാനം ഞെട്ടലോടെയാണ് തട്ടിപ്പ് വാര്‍ത്തകള്‍ കേള്‍ക്കുന്നത്.
ഈയടുത്ത് മറ്റൊരു വാര്‍ത്ത നാം വായിച്ചു. ഇന്‍ഷ്വറന്‍സ് തുക കൈക്കലാക്കാന്‍ ഭാര്യയെയും രണ്ട് മക്കളെയും വെള്ളക്കെട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം.
ഇന്ന് പണത്തോടുള്ള കൊതി വര്‍ധിച്ചു വരികയാണ്. ഏത് വഴിയും അതിന് സ്വീകരിക്കുകയാണ്. എന്തുകൊണ്ട് ജനം ഇതില്‍ നിന്നൊന്നും പാഠം പഠിക്കാത്തത്? ഇതിനൊരു മനഃശാസ്ത്രമുണ്ട്. ആയിരം മുടക്കിയാല്‍ ലാഭങ്ങള്‍ കൊയ്‌തെടുക്കാമെന്ന് കേള്‍ക്കുമ്പോഴേക്കും എടുത്തുചാടുന്ന സ്വഭാവം. മുന്‍കൂട്ടി ആസൂത്രണം ചെയ്യാതെ പെട്ടെന്നുണ്ടാകുന്ന ചില തോന്നലുകളുടെ അടിസ്ഥാനത്തില്‍ ഒരു വ്യക്തി ചെയ്യുന്ന പ്രവൃത്തിയെയാണ് എടുത്തുചാട്ട സ്വഭാവം (ഇംപള്‍സീവ് ബിഹേവിയര്‍) എന്നു വിളിക്കുന്നത്. നിരന്തരവും അമിതവുമായ എടുത്തുചാട്ട സ്വഭാവം ഒരു മാനസിക അസ്വാസ്ഥ്യമാണെന്നാണ് ആധുനിക മനഃശാസ്ത്രം വിലയിരുത്തുന്നത്. ഇത്തരം അസ്വസ്ഥതകളില്‍ പ്രധാനപ്പെട്ട ഒന്നാണ് അപകടകരമായ ചൂതാട്ടം അഥവാ പാത്തോളജിക്കല്‍ ഗാംബ്ലിംഗ്. പാത്തോളജിക്കല്‍ ഗാംബ്ലിംഗ് ബാധിച്ചവരുടെ തലച്ചോറിന്റെ ഫ്രോണ്ടല്‍ ഖണ്ഡത്തില്‍ ചില പ്രവര്‍ത്തന വൈകല്യങ്ങളുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഓരോരുത്തരെയും ചിന്തിപ്പിക്കുന്നത് പ്രീഫ്രോണ്ടല്‍ ഖണ്ഡമാണ്. എന്നാല്‍ ഈ ഭാഗത്തിന്റെ പ്രവര്‍ത്തന മാന്ദ്യം വരുംവരായ്കകള്‍ ആലോചിക്കാതെ എടുത്തുചാടി പ്രവൃത്തി ചെയ്യാന്‍ കാരണമാകുന്നു. ഇത്തരക്കാരില്‍ മസ്തിഷ്‌കത്തിന്റെ ഡോപ്ലമിന്‍ എന്ന രാസപദാര്‍ഥത്തിലും അളവിലും വര്‍ധനവുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
അയല്‍വാസിയുടെയോ സുഹൃത്തിന്റെയോ ഭൗതിക സൗകര്യങ്ങള്‍ കണ്ട് തനിക്കും അതൊക്കെ വേണമെന്നാഗ്രഹിക്കുന്നവര്‍ വളരെ വേഗം പണമുണ്ടാക്കാനുള്ള മാര്‍ഗമായി ചൂതാട്ടം തിരഞ്ഞെടുത്തേക്കാം. ഇന്ന് ഇന്റര്‍നെറ്റിലൂടെയുള്ള തട്ടിപ്പിലും പലരും കുടുങ്ങുന്നുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള ചൂതാട്ട രീതിയും സമീപ കാലത്ത് വര്‍ധിച്ചു വരുന്നുണ്ട്. എളുപ്പത്തില്‍ പണമുണ്ടാക്കാനായി ലോട്ടറി എടുക്കുക, ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുക, പണം വെച്ചു ചീട്ടു കളിക്കുക തുടങ്ങിയവയൊക്കെ ചൂതാട്ട രീതികളാണ്. മദ്യപാനശീലമോ ചൂതാട്ടശീലമോ ഉള്ളവരുടെ കുട്ടികളില്‍ പാത്തോളജിക്കല്‍ ഗാംബ്ലിംഗ് കൂടുതലായി കണ്ടുവരുന്നു. പണത്തിനോടുള്ള ആര്‍ത്തി കൂടുമ്പോള്‍ ബന്ധങ്ങള്‍ക്ക് പോലും വിച്ഛേദനം സംഭവിക്കുന്നു. പണമുണ്ടാക്കുന്ന മാര്‍ഗം അനുവദനീയമാണോ എന്നു മനസ്സിലാക്കാതെ എടുത്തുചാടി ലക്ഷങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ ആത്മഹത്യ ചെയ്യുന്നവരുമുണ്ട്.സ്വന്തം കുടുംബത്തെ പോലും വിറ്റ് കാശാക്കുന്നവര്‍, മക്കളെ വില്‍ക്കുന്നവര്‍, പെണ്‍വാണിഭത്തിലേക്ക് മകളെ കൂട്ടിക്കൊടുക്കുന്ന മാതാപിതാക്കള്‍, ഭാര്യയെയും മക്കളെയും കൊന്ന് ഇന്‍ഷ്വറന്‍സ് തുക കൈവശപ്പെടുത്താന്‍ ആസൂത്രണം ചെയ്യുന്നവര്‍ തുടങ്ങിയവര്‍ പണാര്‍ത്തിയുടെ ആള്‍രൂപങ്ങളാണ്. ഇതൊരു തരം മാനസിക വൈകല്യവും കൂടിയാണ്.
ഇന്ന് എല്ലാവരും പണം സമ്പാദിക്കുന്നതിനും ജീവിതത്തില്‍ ഉയര്‍ച്ച നേടുന്നതിനുമുള്ള ഓട്ടത്തിലാണ്. അതുകൊണ്ട്, കുട്ടികള്‍ക്ക് മാതാപിതാക്കളോടൊത്ത് സമയം ചെലവഴിക്കാനോ മാതാപിതാക്കള്‍ക്ക് പരസ്പരം മനസ്സിലാക്കാനോ സമയമില്ല. പണം കൊണ്ട് ലഭ്യമാകാത്തതും കഴിയാത്തതും ഒന്നുമില്ല എന്നാണ് പരക്കെയുള്ള ധാരണ; സ്ഥാനം, പദവി, അധികാരം, ബിരുദം. എന്നാല്‍ പണം സുഖം ലഭ്യമാക്കും, സന്തോഷം തരില്ല. പണം കൊടുത്ത് പൂമെത്ത വാങ്ങാം. ഉറക്കം വാങ്ങാനാകില്ല. പണം കൊണ്ട് ഭക്ഷണം കിട്ടും. വിശപ്പ് കിട്ടില്ല. പണം മുടക്കി മണിമാളിക നിര്‍മിക്കാം. അത് ഭവനമാകണമെന്നില്ല. പണം കൊടുത്ത് വജ്ര മോതിരം നേടാം. വിജയകരമായ വിവാഹം വാങ്ങാനാകില്ല. പണം മുടക്കി വാച്ച് വാങ്ങാം. സമയം വാങ്ങാനാകില്ല. പണം കൊടുത്ത് പുസ്തകങ്ങള്‍ വാങ്ങാം. ജ്ഞാനം വാങ്ങാനാകില്ല. പണത്തിലൂടെ സഹചാരികളെ വാങ്ങാം. ഉത്തമ സുഹൃത്തുക്കളെ കിട്ടില്ല. പണം കൊടുത്ത് ഔഷധങ്ങള്‍ വാങ്ങാം. ആരോഗ്യം വാങ്ങാനാകില്ല.
ഒരിക്കല്‍ ഒരു വീടിന് തീ പിടിച്ചു. അഗ്നി ആളിക്കത്തുന്നതിന് മുമ്പ് ആ വീട്ടിലുള്ള എല്ലാ അംഗങ്ങളും നിരപായം പുറത്തുകടന്നു. അപ്പോഴാണ് തന്റെ സമ്പാദ്യം മുഴുവനുമായ അഞ്ഞൂറ് രൂപയോടടുത്തു വരുന്ന സംഖ്യ സൂക്ഷിച്ചു വച്ചിരുന്ന പണപ്പെട്ടിയുടെ കാര്യം ഗൃഹനാഥന് ഓര്‍മ വന്നത്. അയാള്‍ ഉടന്‍ തന്നെ കത്തിയെരിഞ്ഞുകൊണ്ടിരുന്ന വീട്ടിലേക്ക് ഓടിക്കയറി. പക്ഷേ പെട്ടി എടുത്തുകൊണ്ട് പുറത്തു കടക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. നാല് ചുറ്റും തീ പിടിച്ചു കഴിഞ്ഞിരുന്നു. അയാള്‍ ആ അഗ്നിയില്‍ വെന്തു മരിച്ചു. അതിദാരുണമായ മരണം.!
നമ്മുടെ പണസമ്പാദന വ്യഗ്രതയും ആഡംബര ജീവിതഭ്രമവും നമ്മെ ആത്മഹത്യാപരമായ അന്ത്യത്തില്‍ എത്തിച്ചെന്നു വരാം. സാമ്പത്തിക മേഖലയില്‍ സമുന്നതന്മാരായി വിരാജിച്ചിരുന്ന ഏതാനും വ്യക്തികളെപ്പറ്റി വില്‍ ബ്രൈറ്റ് എന്ന ഗ്രന്ഥകാരന്‍ പരാമര്‍ശിച്ചിട്ടുണ്ട്. 1925ല്‍ ലക്ഷപ്രഭുക്കളായിരുന്ന അവരിലൊരാള്‍, പിന്നീട് കടം വീട്ടാനാസാതെ കൊടുംദരിദ്രനായി. ഉരുക്കുവ്യാപാര രംഗത്തെ രാജാവായി അറിയപ്പെട്ടിരുന്ന അദ്ദേഹം മരിച്ചത് നിത്യവൃത്തിക്ക് വകയില്ലാതെയാണ്. എല്ലാം നഷ്ടപ്പെട്ട മറ്റൊരുവന്‍ ഭ്രാന്തനായി. വേറൊരാള്‍ സാമ്പത്തിക പരാധീനതയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു. വന്‍ കമ്പനിയുടെ ചെയര്‍മാനായിരുന്ന മറ്റൊരുവന്‍ ഒരു കാശു പോലും കൈയിലില്ലാതെയാണ് മരിച്ചത്. ഇവരെല്ലാവരും പണമുണ്ടാക്കാന്‍ പഠിച്ചവരായിരുന്നു. ഭൗതികമായി മനുഷ്യന് ഉയരാവുന്നതിന്റെ അത്യുച്ച കോടിയില്‍ അവര്‍ എത്തുകയും ചെയ്തു. പണം സമ്പാദിക്കാനുള്ള ടെക്‌നിക് അവര്‍ക്കറിയാമായിരുന്നെങ്കിലും എങ്ങനെ ജീവിക്കണമെന്ന് അവര്‍ക്ക് അറിഞ്ഞുകൂടായിരുന്നു. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാന്‍ പഠിക്കുകയാണ് ഇത്തരം പ്രവൃത്തിയിലേക്ക് എടുത്തുചാടുന്നവര്‍ ചെയ്യേണ്ടത്. അപ്പോള്‍ മനഃസമാധാനവും ശാന്തിയുമുണ്ടാകും. കുടുംബജീവിതത്തില്‍ പ്രത്യേക സാമ്പത്തിക ബജറ്റ് തയ്യാറാക്കുക. മത്സരജീവിതത്തില്‍ നിന്നും മാറി തനിക്ക് കഴിയുന്ന രീതിയിലുള്ള ജീവിതം കെട്ടിപ്പടുക്കാന്‍ തയ്യാറാകുക. സാമ്പത്തിക വിഷയത്തില്‍ വരുംവരായ്കകളെ കൂടിയാലോചനയിലൂടെ മനസ്സിലാക്കി മാത്രം ഇടപെടുക. ദീര്‍ഘ ലക്ഷ്യങ്ങള്‍ സഫലീകരിക്കാനായി ക്ഷമയോടെ പരിശ്രമിക്കാന്‍ വേണ്ട മനഃശാസ്ത്ര വഴികള്‍ പഠിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here