Connect with us

International

ശ്രീലങ്കയില്‍ പള്ളിക്ക് നേരെ വീണ്ടും ബുദ്ധ ആക്രമണം

Published

|

Last Updated

കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ പള്ളിക്ക് നേരെ ബുദ്ധ തീവ്രവാദികളുടെ ആക്രമണം. കൊളംബോയിലെ മൂന്ന് നിലയിലുള്ള പള്ളിക്കും സമീപത്തെ മുസ്‌ലിം വിഭാഗങ്ങളുടെ വീടുകള്‍ക്കും നേരെ തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിട്ടു. ആക്രമണത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ രണ്ട് പേര്‍ പോലീസ് ഉദ്യോഗസ്ഥരാണ്. ശനിയാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്.
പള്ളിയില്‍ നിസ്‌കാരം നടക്കുമ്പോഴാണ് അക്രമികള്‍ കൂട്ടമായെത്തി കല്ലേറും മറ്റും നടത്തിയത്. ബുദ്ധ അക്രമികളെ ചെറുക്കാന്‍ മുസ്‌ലിംകള്‍ കൂട്ടമായെത്തിയപ്പോഴേക്കും പോലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ നഗരത്തില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തുകയും ചെയ്തു. രാജ്യത്തെ ഭൂരിപക്ഷ വിഭാഗമായ ബുദ്ധ മതവിഭാഗത്തിലെ സിന്‍ഹള സംഘം ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെ വ്യാപകമായ ആക്രമണമാണ് അഴിച്ചുവിടുന്നത്.
ഒരു മാസം മുമ്പ് പണിത പള്ളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കല്ലേറില്‍ പള്ളിയുടെ ജനല്‍ ചില്ലുകളും മറ്റും തകര്‍ന്നിട്ടുണ്ട്. ഏറ്റുമുട്ടല്‍ സാധ്യത മുന്നില്‍ക്കണ്ട് പ്രധാന നഗരങ്ങളിലും മറ്റും പോലീസ് ശക്തമായ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നിയമം അംഗീകരിക്കാന്‍ ഇരുകൂട്ടരും ബാധ്യസ്ഥരാണെന്ന് പോലീസ് മേധാവി എന്‍ കെ ഇലാങ്കകൂണ്‍ വ്യക്തമാക്കി.
മ്യാന്‍മറില്‍ റോഹിംഗ്യാ മുസ്‌ലിംകള്‍ക്ക് നേരെ ബുദ്ധ സന്യാസികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന വംശഹത്യക്ക് പിന്നാലെയാണ് ശ്രീലങ്കയിലും ആക്രമണം രൂക്ഷമായത്. ശ്രീലങ്കയിലെ ബുദ്ധ സായുധസംഘമായ ബുദ്ധു ബാല സേന (ബി ബി എസ്) യുടെ നേതൃത്വത്തിലാണ് ആക്രമണം നടക്കുന്നത്. ബി ബി എസിനെ ഒതുക്കാന്‍ സര്‍ക്കാറും പോലീസും കാര്യമായ നടപടികള്‍ സ്വീകരിക്കാന്‍ സന്നദ്ധമായിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതിനിടെ, മുസ്‌ലിംകള്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന ബുദ്ധ ആക്രമണത്തില്‍ കൊളംബോയിലെ യു എസ് എംബസി ശക്തമായി പ്രതിഷേധിച്ചു.
മതത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശക്തമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് എംബസി വക്താവ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം മുതല്‍ മുസ്‌ലിംകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ രാജ്യത്തെ ഇരുപതിലധികം പള്ളികള്‍ തകര്‍ത്തിട്ടുണ്ടെന്ന് ശ്രീലങ്കന്‍ മുസ്‌ലിം കൗണ്‍സില്‍ പ്രസിഡന്റ് എന്‍ എം അമീന്‍ വ്യക്തമാക്കി.
അതേസമയം, വടക്കന്‍ ശ്രീലങ്കയിലെ ജാഫ്‌നയില്‍ ബുദ്ധ വിഭാഗത്തിന്റെ അമ്പലത്തിന് നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് പോലീസ് വക്താക്കളെ ഉദ്ധരിച്ച് ലങ്കന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest