Connect with us

International

മാലിയില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Published

|

Last Updated

ബമാകോ: മാലിയില്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. വിഘടനവാദികളും വിമതരും തീവ്രവാദികളും ചേര്‍ന്ന് രാജ്യത്തെ വന്‍ പ്രതിസന്ധിയില്‍ എത്തിച്ച സാഹചര്യത്തില്‍ രാജ്യത്തെ നയിക്കാന്‍ കരുത്തനായൊരു പ്രസിഡന്റിനെ തേടുകയാണ് മാലി ജനത. മുന്‍ പ്രധാനമന്ത്രി ഇബ്‌റാഹിം ബൗബകാര്‍ കീതയും മുന്‍ ധനമന്ത്രി സോമൈല സിസിയുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ആര്‍ക്കും 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് വേണ്ടി വന്നത്. ഒന്നാം ഘട്ട വോട്ടെടുപ്പില്‍ കീത 40ശതമാനം വോട്ടുകള്‍ കരസ്ഥമാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്.
തലസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് വളരെ വൈകിയും പോളിംഗ് സ്റ്റേഷനുകള്‍ വോട്ട് ചെയ്യാനായി തുറന്നുവെച്ചിട്ടുണ്ട്. ഒരിക്കല്‍ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സുസ്ഥിര ജനാധിപത്യ രാജ്യമായിരുന്ന മാലി 2012ഓടെ ആഭ്യന്തര യുദ്ധത്തിലകപ്പെട്ട് അസ്ഥിരമാകുകയായിരുന്നു. പടിഞ്ഞാറന്‍ മാലിയുടെ നിയന്ത്രണം വിമത സംഘത്തിനു കീഴിലായതോടെ ഇവരെ തുരത്താനായി ഫ്രാന്‍സ് സൈന്യത്തെ അയച്ചിരിക്കുകയാണ്.

Latest