ഒഡീഷയിലെ ഖനി അപകടം: മരണം 14 ആയി

Posted on: August 11, 2013 10:37 pm | Last updated: August 11, 2013 at 10:37 pm
SHARE

coal-mine-odishaഭുവനേശ്വര്‍: ഒഡീഷയിലെ സുന്ദര്‍ഗഢ് ജില്ലയില്‍ കല്‍ക്കരിപ്പാടത്തുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനാലായി. ഇന്നലെ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. മഹാനദി കോള്‍ ഫീല്‍ഡ്‌സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള കല്‍ക്കരിപ്പാടം തകര്‍ന്നുവീണാണ് അപകടമുണ്ടായത്. കുടുങ്ങിക്കിടന്ന അഞ്ച് പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇരുപതോളം പേര്‍ അപകടത്തില്‍ പെട്ടതായാണ് വിവരം. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കുള്‍ഡയിലെ ബസുന്ധര ഗര്‍ജന്‍ബഹല്‍ കല്‍ക്കരി ഖനന മേഖലയിലാണ് അപകടമുണ്ടായത്. ഏതാനും ഗ്രാമവാസികള്‍ മാലിന്യക്കുഴിയില്‍ നിന്ന് നിയമവിരുദ്ധമായി കല്‍ക്കരി ശേഖരിക്കുന്നതിനിടെയാണ് അപകടം.
പാടത്തിന്റെ ഒരു ഭാഗം പെട്ടെന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയാണ് അപകട കാരണമെന്ന് കരുതുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രദേശത്തെ റവന്യൂ ഡിവിഷനല്‍ ഓഫീസര്‍ക്കു മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപയും മരണാനന്തര ചടങ്ങുകള്‍ക്ക് 10,000 രൂപയും മഹാനദി കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് നല്‍കുമെന്നു കമ്പനി അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here