Connect with us

National

മന്ത്രിമാര്‍ക്ക് ജെ ഡി യു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

Published

|

Last Updated

പാറ്റ്‌ന: നിയന്ത്രണ രേഖയില്‍ കൊല്ലപ്പെട്ട സൈനികരെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ രണ്ട് മന്ത്രിമാര്‍ക്ക് ജനതാദള്‍ യു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഗ്രാമ വികസന മന്ത്രി ഭീം സിംഗ്, കൃഷി മന്ത്രി നരേന്ദ്ര സിംഗ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയതെന്ന് പാര്‍ട്ടി പ്രസിഡന്റ് ശരത് യാദവ് അറിയിച്ചു. ഇവരുടെ പ്രസ്താവനകള്‍ പാര്‍ട്ടി നയത്തിനും സദാചാര മൂല്യങ്ങള്‍ക്കും ജനതാദള്‍ യുവിന്റെ പ്രഖ്യാപിത ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഇവരുടെ പ്രസ്താവനകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് മാത്രമല്ല, പാര്‍ട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.
വീരമൃത്യു വരിക്കുകയെന്നത് ജവാന്‍മാരുടെ കടമയായതിനാല്‍ അതിര്‍ത്തിയില്‍ മരിക്കുന്ന സൈനികരെക്കുറിച്ച് വലിയ ഉത്കണ്ഠ വേണ്ട എന്ന വിധത്തിലായിരുന്നു ഭീം സിംഗിന്റെ പരാമര്‍ശം. മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ ഭീം സിംഗിനെ തള്ളിപ്പറഞ്ഞിരുന്നു. സിംഗിനെതിരെ ശക്തമായ പ്രചാരണത്തിന് ബി ജെ പി തുടക്കം കുറിച്ചുകഴിഞ്ഞ സാഹചര്യത്തിലാണ് ജെ ഡി യു നടപടിയുമായി മുന്നോട്ട് പോകുന്നത്.
അതിര്‍ത്തിയില്‍ അഞ്ച് സൈനികരെ വധിച്ചതില്‍ പാക്കിസ്ഥാന്‍ സര്‍ക്കാറിന് യാതൊരു പങ്കുമില്ലെന്നാണ് നരേന്ദ്ര സിംഗ് പറഞ്ഞത്. ജനതാ ദള്‍ (യു ), എന്‍ ഡി എ വിട്ട ശേഷം പാര്‍ട്ടിയെയും സര്‍ക്കാറിനെയും അടിക്കാനുള്ള വടി നോക്കി നടക്കുന്ന ബി ജെ പിക്ക് ശക്തമായ ആയുധമാണ് രണ്ട് മന്ത്രിമാരും നല്‍കിയതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കമുള്ള നേതാക്കള്‍ വിലയിരുത്തിയിരുന്നു.

Latest