Connect with us

Gulf

സുഫൂ ട്രാം നിര്‍മാണം ദ്രുതഗതിയില്‍

Published

|

Last Updated

ദുബൈ: ദുബൈയിലെ പൊതുഗതാഗത രംഗത്ത് മറ്റൊരു വിസ്മയമായേക്കാവുന്ന അല്‍ സുഫൂ ട്രാം പദ്ധതി അന്തിമ ഘട്ടത്തിലേക്ക്. ജുമൈറ ബീച്ച് റസിഡന്‍സ്, ദുബൈ മറീന എന്നിവയെ ബന്ധിപ്പിക്കുന്ന 14.6 കിലോമീറ്റര്‍ ട്രാം പാത നിര്‍മാണത്തിന്റെ 70 ശതമാനം പൂര്‍ത്തിയായതായി ആര്‍ ടി എ റെയില്‍ ഏജന്‍സി സി ഇ ഒ അദ്‌നാന്‍ അല്‍ ഹമ്മാദി അറിയിച്ചു. അടുത്ത വര്‍ഷം മധ്യത്തോടെ പ്രവര്‍ത്തനക്ഷമമാകും.
13,000 മീറ്ററില്‍ ട്രാക്ക് നിര്‍മാണം കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ട്രാമുകള്‍ എത്തുമ്പോള്‍ പാത നിര്‍മാണം പൂര്‍ത്തിയാകും. ഡിപ്പോകളുടെയും സ്‌റ്റേഷനുകളുടെയും നിര്‍മാണം തുടരും. 30 സ്ഥലങ്ങളില്‍ ട്രാമുകള്‍ ട്രാഫിക്കിനിടയിലൂടെ കടന്നുപോകാനുണ്ട്. അതിന്റെ സാങ്കേതിക തടസങ്ങള്‍ നീക്കം ചെയ്യാനുള്ള രൂപകല്‍പ്പനകള്‍ ഫലപ്രദമാകണം. ട്രാഫിക്കിന്റെ വലതുഭാഗത്തു കൂടിയാണ് ട്രാമുകള്‍ സഞ്ചരിക്കുകയെന്നതിനാല്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. എല്ലാ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കും. പരിസ്ഥിതി സൗഹൃദ പാതയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശബ്ദമലിനീകരണവും കുലുക്കവും അനുഭവപ്പെടില്ല. 29,000 കിലോവാട്ട് വൈദ്യുതി ദിവസവും വേണ്ടിവരും. ശീതീകരണത്തിനാണ് കൂടുതല്‍ വൈദ്യുതി വേണ്ടിവരുക.
മൂന്ന് മെട്രോ സ്‌റ്റേഷനുകളെയും ട്രാം പാതയെയും ബന്ധിപ്പിക്കും. ശൈഖ് സായിദ് റോഡിലാണിത്. ഇവിടെ നടപ്പാലങ്ങള്‍ പണിയും. പാം ജുമൈര മോണോറെയിലുമായും ബന്ധിപ്പിക്കും. ആദ്യഘട്ടത്തില്‍ 11 സ്റ്റേഷനുകളാണുണ്ടാവുക. ദുബൈ പോലീസ് അക്കാദമിക് സമീപമാണ് ട്രാം ഡിപ്പോ. ഡിപ്പോയെയും ദുബൈ മറീനയെയും ബന്ധിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം.
പാസഞ്ചര്‍ ടെര്‍മിനലിലേക്ക് കടക്കാന്‍ സ്‌ക്രീന്‍ കവാടങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. ട്രാം നിര്‍മിക്കുന്നത് ഫ്രാന്‍സില്‍. ദിവസം 27,000 യാത്രകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഹമ്മാദി പറഞ്ഞു.

Latest