മാലിന്യങ്ങളില്‍ 30 ശതമാനവും പുനരുപയോഗിക്കാവുന്നവയെന്ന് പഠനം

Posted on: August 11, 2013 6:29 pm | Last updated: August 11, 2013 at 6:29 pm
SHARE

ദുബൈ: രാജ്യത്തെ മാലിന്യകേന്ദ്രങ്ങളിലേക്ക് തള്ളുന്ന വസ്തുക്കളില്‍ 30 ശതമാനത്തോളവും പുനരുപയോഗിക്കാവുന്നവയെന്ന് പഠനം. 23,000 ഓളം വിദ്യാര്‍ഥികളാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയത്. 6.68 മെട്രിക് ടണ്‍ മലിന്യങ്ങള്‍ ശേഖരിച്ചു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.
താമസ സ്ഥലങ്ങളില്‍ നിന്നുള്ള കടലാസും പ്ലാസ്റ്റിക് സാമഗ്രികളും ഉള്‍പ്പെടെയുള്ള 30 ശതമാനത്തോളം പുനരുപയോഗിക്കാവുന്നവയാണെന്ന് പഠനം വ്യക്തമാക്കുന്നു. രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കൊപ്പം ഖത്തറിലെയും വിദ്യാര്‍ഥികള്‍ പഠനത്തില്‍ പങ്കാളികളായി. പുനര്‍സംസ്‌കരിച്ച് വീണ്ടെടുക്കുക എന്ന പേരിലായിരുന്നു അബുദാബി കേംബ്രിഡ് ഹൈസ്‌കൂളിലെയും ദുബൈ ഇന്ത്യന്‍ ഹൈസ്‌കൂളിലെയും ഒപ്പം ഖത്തറിലെ എം ഇ എസ്, ബിര്‍ള പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലെയും കുട്ടികള്‍ ഇതുമായി ബന്ധപ്പെട്ട ആറു ദിവസത്തെ പഠനത്തില്‍ ഏര്‍പ്പെട്ടത്.
ആഗോള താപനവും മഞ്ഞുരുക്കവും ഉള്‍പ്പെടെയുള്ള വിപല്‍ക്കരമായ സാഹചര്യമാണ് നഗരവത്ക്കരണവും വനനശീകരണവും ഉള്‍പ്പെടെയുള്ളവയില്‍ നിന്നും സംഭവിക്കുന്നത്. പല നഗരങ്ങളിലും മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിക്ക് വന്‍ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
അന്തരീക്ഷത്തിലെ കാര്‍ബണ്‍ സാന്നിധ്യം വര്‍ധിക്കുന്നത് ഉള്‍പ്പെടെ പ്രകൃതിക്കുണ്ടാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് പുതുതലമുറക്ക് ആവശ്യമായ ഗ്രാഹ്യം നല്‍കാന്‍ ഇത്തരം ബോധവത്ക്കരണങ്ങളിലൂടെ സാധിക്കുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്.
പഠനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവത്ക്കരണ ശില്‍പശാലയിലും കുട്ടികള്‍ പങ്കെടുത്തു. ശില്‍പശാലയില്‍ മാലിന്യങ്ങള്‍ എങ്ങിനെയാണ് വേര്‍തിരിക്കേണ്ടതെന്നും സംസ്‌കരിക്കേണ്ടതെന്നും കുട്ടികളെ ബോധ്യപ്പെടുത്തി. വസ്തുക്കള്‍ എങ്ങിനെയെല്ലാം മലിനമാവുന്നുവെന്നും അവയെ ഏതെല്ലാം രീതിയില്‍ ചെറുക്കാമെന്നതും ക്ലാസിന്റെ ഭാഗമായി. വെയ്സ്റ്റ് മാനേജ്‌മെന്റ് കമ്പനിയായ ഡുല്‍സ്‌കോയുടെ അംഗീകൃത പുനരുപയോഗ പ്ലാന്റില്‍ കുട്ടികളെ കൊണ്ടുപോയാണ് പഠനത്തിന് സൗകര്യം ഏര്‍പ്പെടുത്തിയത്. മാലിന്യങ്ങള്‍ എങ്ങിനെ പരിസ്ഥിതി സൗഹൃദമായി മാറ്റാന്‍ സാധിക്കുമെന്നും ശില്‍പശാല കുട്ടികള്‍ക്ക് അറിവ് നല്‍കി.
ഓരോ വീടുകളില്‍ നിന്നും പുറംതള്ളുന്ന മാലിന്യങ്ങള്‍ എങ്ങിനെയെല്ലാം വേര്‍തിരിക്കാമെന്നും പുനരുപയോഗിക്കാമെന്നും വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവരെ ബോധ്യപ്പെടുത്താന്‍ കുട്ടികള്‍ക്ക് ഈ ശില്‍പശാലയിലൂടെ സാധിച്ചു. വീട്ടമ്മമാരും താമസക്കാരുമായുള്ള ഇടപഴകലിലൂടെ മാലിന്യങ്ങള്‍ പുനരുപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മനസിലാക്കാനും അതിന് ഫലപ്രദേമായ പരിഹാരം നിര്‍ദേശിക്കാനും കുട്ടികള്‍ക്ക് സാധിച്ചു. കൂടുതല്‍ ആളുകള്‍ക്കും മലിന വസ്തുക്കള്‍ പുനരുപയോഗിക്കാന്‍ സാധിച്ചാല്‍ നഗരമാലിന്യങ്ങള്‍ കുന്നുകൂടുന്നതില്‍ 30 ശതമാനം വരെ കുറവുണ്ടാക്കാന്‍ സാധിക്കും.
എന്നാല്‍ അതിനുള്ള സാഹചര്യം ഇല്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് ഡുല്‍സ്‌കോ സീനിയര്‍ മനേജര്‍ അരുണ നാരായണന്‍ വ്യക്തമാക്കി. മാലിന്യങ്ങള്‍ പുനരുപയോഗിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അത് എവിടെ എങ്ങിനെ സാധ്യമാക്കുമെന്ന് അധികൃതര്‍ ബോധവത്ക്കരണം നടത്തണം.
പരിസ്ഥിതി സൗഹൃദം ഊട്ടിയുറപ്പിക്കുന്നതില്‍ ഇത്തരം പഠന പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ പ്രാധാന്യമുണ്ടെന്ന് ദുബൈ ഇന്ത്യന്‍ ഹൈസ്‌കൂള്‍ സി ഇ ഒ അശോക് കുമാര്‍ അഭിപ്രായപ്പെട്ടു. ഇത് കുട്ടികളില്‍ പരിസ്ഥിതി സൗഹൃദ ശീലങ്ങള്‍ക്ക് ഇടയാക്കും. സര്‍ക്കാരിനൊപ്പം വിദ്യാലയങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും പരിസ്ഥിതിക്കുണ്ടാവുന്ന ആഘാതം കുറച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ഇത്തരം പഠനങ്ങളും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.