ഏഴു മാസത്തെ നരകജീവിതത്തിനു ശേഷം നാട്ടിലേക്ക്‌

Posted on: August 11, 2013 6:28 pm | Last updated: August 11, 2013 at 6:28 pm
SHARE

ഫുജൈറ: ഏഴു മാസത്തെ ദുരിതംനിറഞ്ഞ കപ്പല്‍ ജീവിതത്തില്‍ നിന്നു സ്മിജിനും സേവ്യര്‍ ജോഷിയും നാട്ടിലെത്തി. യു എ ഇയിലെ നോസ് ഷിപ്പിംഗ് കമ്പനി ജീവനക്കാരായ തിരുവനന്തപുരം കുടപ്പനക്കുന്ന് പോളക്കുളത്ത് സ്മിജിന്‍ സുബ്രഹ്മണ്യനും ഇടക്കൊച്ചി കണ്ടക്കപ്പിള്ളില്‍ ജോഷിയും ആണ് ഫുജൈറയ്ക്കടുത്തുള്ള ഖോര്‍ഫക്കാനില്‍ നിന്ന് നാട്ടിലെത്തിയത്.
പോര്‍ട്ടില്‍ കപ്പല്‍ച്ചാലിനോടു ചേര്‍ന്ന് പൊളിച്ചു വില്‍ക്കാനിട്ടിരിക്കുന്ന അയണ്‍ മോംഗര്‍ -3 കപ്പലില്‍ ഭക്ഷണം പോലും ലഭിക്കാതെ നരകിക്കുകയായിരുന്നു. കുടിക്കാന്‍ വെള്ളം പോലും ഇല്ലായിരുന്നു. ഖോര്‍ഫക്കാന്‍ തുറമുഖ അധികൃതരും ഇന്ത്യന്‍ എംബസിയുമടക്കം ഇടപെട്ടതാണ് ഇവര്‍ക്കു തുണയായത്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലും ആശ്വാസമായി. ചൈനയിലേക്ക് പോകുന്ന ചരക്കുകപ്പലെന്നവകാശപ്പെട്ടാണ് റിക്രൂട്ട് ചെയ്തതെന്ന് കപ്പലിലെ തേഡ് എഞ്ചിനിയറായ സ്മിജിന്‍ പറഞ്ഞു.
ആറുമാസത്തേക്കായിരുന്നു കരാര്‍. ജനുവരി 17ന് ഇവിടെ നിന്നും പുറപ്പെട്ടു. ജനുവരി 27ന് ഖോര്‍ഫക്കാനിലെത്തി. 16 ജീവനക്കാരാണുണ്ടായിരുന്നത്. ക്യാപ്റ്റന്‍ പാക് സ്വദേശിയാണ്. ഇവരെക്കൂടാതെ കോതമംഗലം സ്വദേശി ശ്രീജിത്. എസ്. കുമാര്‍, ലക്ഷദ്വീപ് സ്വദേശി അലി എന്നിവരും മലയാളികളായി ഉണ്ടായിരുന്നു. ഫെബ്രുവരി മൂന്നോടെ ഉണ്ടായിരുന്ന ഇന്ധനം തീര്‍ന്നു. ഭക്ഷണവും ആവശ്യത്തിനില്ലാതായി.
കമ്പനി പണം നല്‍കുകയോ ഇന്ധനവും ഭക്ഷണവുമെത്തിക്കുകയോ ചെയ്തില്ല. ഏറെ പരാതിപ്പെട്ട ശേഷം പത്തിന് അല്‍പ്പം ഇന്ധനവും ഭക്ഷണവും എത്തിച്ചു. പിന്നീട് തിരിഞ്ഞുനോക്കിയില്ല.
മീന്‍ പിടിച്ചു ഭക്ഷിച്ചും മറ്റും ജീവന്‍ നിലനിര്‍ത്തി. ഇന്ധനമില്ലാത്തതിനാല്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നതിനാല്‍ കൂരിരുട്ടായിരുന്നു കപ്പലില്‍. പലപ്പോഴും ഇരുട്ടില്‍ തട്ടിവീണും മറ്റും പരുക്കേറ്റിട്ടുണ്ട്. കപ്പല്‍ച്ചാലിനോടു ചേര്‍ന്നു കിടക്കുന്ന കപ്പലില്‍ രാത്രി മറ്റു കപ്പലുകള്‍ വന്നിടിക്കുമോ എന്ന് ഭയമായിരുന്നു.
യു എ ഇ അധികൃതര്‍ പ്രശ്‌നത്തിലിടപെട്ടതോടെയാണു ബ്ലാക്ക് ഔട്ടായിരുന്ന കപ്പലിലേക്ക് അടിയന്തര സഹായമായി ഇന്ധനവും ഭക്ഷണവും എത്തിയത്. ഒരു മാസത്തെ ശമ്പളവും എല്ലാവരുടെയും അക്കൗണ്ടില്‍ ക്രെഡിറ്റ് ആയിരുന്നു. തുടര്‍ന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ.സി. ജോസഫും ഇടപെട്ടു.
സ്മിജിന്‍ ഖോര്‍ഫക്കാന്‍ പോലീസുമായി ബന്ധപ്പെട്ടതോടെയാണു മറൈന്‍ പോലീസ് എത്തി ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് അവിടെയുള്ള മലയാളികളുടെയും മറ്റും സഹായത്തോടെ നാട്ടിലെത്താനായിതായും സ്മിജിന്‍ വ്യക്തമാക്കി.