നൗഫലിന്റെ വേര്‍പാട് വിശ്വസിക്കാന്‍ കഴിയാതെ സുഹൃത്തുക്കള്‍

Posted on: August 11, 2013 6:25 pm | Last updated: August 11, 2013 at 6:25 pm
SHARE

അല്‍ ഐന്‍: ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജോലി ഒഴിവാക്കി നാട്ടില്‍ പോയ മുഹമ്മദ് നൗഫലിന്റെ അപകട മരണം സുഹൃത്തുക്കളില്‍ നടുക്കമുളവാക്കി.
കഴിഞ്ഞ ദിവസം കൊടുവള്ളിയില്‍ കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. നാലു വര്‍ഷത്തോളം അല്‍ ഐന്‍ അഡ്‌നോക്കിന്റെ വിവിധ സ്‌റ്റേഷനുകളില്‍ ജോലി ചെയ്ത നൗഫല്‍ മര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെ തൊഴില്‍ദാന പദ്ധതിയിലൂടെയാണ് അഡ്‌നോക്കില്‍ എത്തിയത്. സുഹൃത്തുക്കള്‍ക്കിടയിലും അല്ലാത്തവരോടും സൗമ്യമായ പെരുമാറ്റവും വശ്യമായ സ്വഭാവവും നൗഫലിനെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാക്കി. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു നൗഫല്‍.
പെരുന്നാള്‍ ദിവസം കുടുംബ വീട്ടില്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ കൊടുവള്ളിയില്‍ വെച്ചായിരുന്നു അപകടം. ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് സാജിദും അപകടത്തില്‍ മരിച്ചു. സുഹൃത്തുക്കളുടെ മരണം നാടിനും നൊമ്പരമായി. താമരശ്ശേരി കോരാങ്ങാട് വട്ടക്കൊരുവയലില്‍ പി കെ മുഹമ്മദിന്റെ മൂത്തമകനാണ് നൗഫല്‍.