വാക്ക് മാറ്റിപ്പറഞ്ഞ് ശരീഫിന്റെ ഉപദേഷ്ടാവ്

Posted on: August 11, 2013 9:36 am | Last updated: August 11, 2013 at 9:36 am
SHARE

davood ibrahimഇസ്‌ലാമാബാദ്: ദാവൂദ് ഇബ്‌റാഹിം കുറച്ചു കാലം പാക്കിസ്ഥാനിലുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തല്‍ നടത്തിയ പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഷഹരിയാര്‍ഖാന്‍ വാക്ക് മാറ്റിപ്പറഞ്ഞു. ഇന്ത്യാ- പാക് ബന്ധം ശക്തിപ്പെടുത്താന്‍ നിയോഗിക്കപ്പെട്ട പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായ ഷഹരിയാര്‍ഖാന്‍, ദാവൂദ് പാക്കിസ്ഥാനില്‍ കുറച്ച് കാലമുണ്ടായിരുന്നതായും എന്നാല്‍ ഇപ്പോള്‍ ഇല്ലെന്നും യു എ ഇയിലേക്ക് കടന്നതായും പറഞ്ഞിരുന്നു. ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ ലണ്ടനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് ഷഹരിയാര്‍ഖാന്‍ വിവാദ പ്രസ്താവന നടത്തിയത്. ഇപ്പോള്‍ ദാവൂദ് ഉണ്ടായിരുന്നെങ്കില്‍ അറസ്റ്റ് ചെയ്യുമായിരുന്നുവെന്നും ദാവൂദിന്റെയും സംഘത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാനില്‍ അനുവദിക്കില്ലെന്നും ഖാന്‍ ചടങ്ങില്‍ സംസാരിക്കവെ കൂട്ടിച്ചേര്‍ത്തിരുന്നു.
എന്നാല്‍ ഇത് പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ഖാന്‍ പ്രസ്താവന മാറ്റിയത്. ദാവൂദ് എവിടെയുണ്ടെന്ന് അറിയില്ല. താന്‍ അങ്ങനെ പറഞ്ഞിട്ടില്ല. പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ ദാവൂദിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ എടുത്തു പറയുക മാത്രമാണ് ചെയ്തതെന്നും ഖാന്‍ തന്റെ വാക്ക് തിരുത്തി. ആഭ്യന്തര വകുപ്പിന് ഇതേക്കുറിച്ച് ധാരണയുണ്ടായിരിക്കാം. എന്നാല്‍ വിദേശകാര്യ മന്ത്രാലയത്തിന് അക്കാര്യമറിയില്ല. ദാവൂദ് ഇപ്പോഴും പാക്കിസ്ഥാനിലുണ്ടോയെന്ന കാര്യത്തില്‍ തനിക്കിപ്പോഴും അറിവില്ല. കുറ്റവാളികള്‍ക്കെതിരെ നവാസ് ശരീഫ് സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. കുറ്റവാളികളുടെ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാനെ മാത്രമല്ല ഇന്ത്യയെയോ, അഫ്ഗാനിസ്ഥാനെയോ മറ്റേതൊരു രാജ്യത്തെയും ബാധിക്കുന്നതാണെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും. അത്തരം ആളുകളെ രാജ്യത്ത് വളരാന്‍ അനുവദിക്കില്ല. ദാവൂദിനെ രാജ്യത്ത് കണ്ടെത്തിയാല്‍ തീര്‍ച്ചയായും നടപടി സ്വീകരിക്കും. ഇതറിയാവുന്നതുകൊണ്ട് ദാവൂദ് രാജ്യം വിട്ട് പോയിരിക്കാമെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.
1993ലെ മുംബൈ ബോംബ്‌സ്‌ഫോടനവുമായും മറ്റ് നിരവധി കേസുകളുമായും ബന്ധപ്പെട്ട് ഇന്ത്യ തിരയുന്ന തീവ്രവാദിയാണ് ദാവൂദ് ഇബ്‌റാഹിം. 2003ല്‍ അമേരിക്കയും ദാവൂദിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. ദാവൂദുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറണമെന്ന് ഇന്ത്യന്‍ പ്രതിരോധ വകുപ്പ് പാക്കിസ്ഥാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇതാദ്യമായാണ് ദാവൂദ് രാജ്യത്തുണ്ടെന്ന കാര്യം പാക്കിസ്ഥാനിലെ ഒരു ഉദ്യേഗസ്ഥന്‍ തുറന്നു പറഞ്ഞത്.