Connect with us

Malappuram

പെരുന്നാള്‍ ആഘോഷിക്കാനെത്തിയ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു; ഒരാളെ കാണാതായി

Published

|

Last Updated

താനൂര്‍: ഒട്ടുംപുറം അഴിമുഖത്ത് പെരുന്നാള്‍ ആഘോഷിക്കാനെത്തിയ മൂന്ന് സഹോദരങ്ങള്‍ ഒഴുക്കില്‍ പെട്ടു. പെണ്‍കുട്ടി അടക്കം രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. തെന്നല കൊടക്കല്‍ സ്വദേശി മുണ്ടത്തോട് അലി-സുമയ്യത്ത് ദമ്പതികളുടെ മക്കളായ തൗഹീദ് (11), തൗഫീഖ് (14), തൗഫീദ (17) എന്നിവരാണ് താനൂര്‍ ഒട്ടുംപുറം അഴിമുഖത്ത് കടലില്‍ ഒഴുക്കില്‍പ്പെട്ടത്. തൗഫീഖ്, തൗഫീദ എന്നിവരെ അത്ഭുതകരമായി രക്ഷപ്പെടുത്തി.

തൗഫീദിന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ പകല്‍ 3.30നാണ് അപകടം. അമ്മാവന്‍ ഹബീബിനൊപ്പമാണ് സഹോദരങ്ങള്‍ അടക്കം അഞ്ച് കുട്ടികള്‍ കടപ്പുറത്തെത്തിയത്. കടലിലിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ കാല്‍വഴുതി ഒന്നിനു പിറകെ ഒന്നായി വീഴുകയായിരുന്നു. ജനങ്ങളുടെ ബഹളം കേട്ട് പരിസരത്തുണ്ടായിരുന്ന ഐ എസ് ആര്‍, അല്‍വര്‍ദ, വള്ളങ്ങളിലെ തൊഴിലാളികളെത്തി തൗഫീഖിനെയും തൗഫീദയെയും രക്ഷപ്പെടുത്തി. രക്ഷാ ശ്രമത്തിനിടെ തൗഫീദ് മുങ്ങിപോവുകയായിരുന്നു. മത്സ്യതൊഴിലാളികളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവരും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായെത്തി.
നാട്ടുകാരുടെ സഹായത്തോടെ വലവിരിച്ചും മറ്റും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ആദ്യം അപകടത്തില്‍ പെട്ട പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെയാണ് മറ്റ് രണ്ട്‌പേര്‍ കടലില്‍ വീണതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. രാത്രി ഏറെ വൈകിയും തിരച്ചില്‍ തുടരുകയാണ്.
കോസ്റ്റ് ഗാര്‍ഡിന്റെ സഹായവും തേടിയിട്ടുണ്ട്. സംഭവമറിഞ്ഞ് വന്‍ ജനക്കൂട്ടം സ്ഥലത്തെത്തി. എം എല്‍ എ, തഹസില്‍ദാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ അടക്കം നിരവധി പേര്‍ സന്ദര്‍ശിച്ചു. തൗഹീദിന്റെ പിതാവ് വിദേശത്താണ്.