വണ്ടൂരിലെ മോഷണം: പോലീസ് അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും

Posted on: August 11, 2013 7:47 am | Last updated: August 11, 2013 at 7:47 am
SHARE

വണ്ടൂര്‍: വീട്ടുകാര്‍ നോമ്പുതുറക്ക് പോയനേരം വീടിന്റെ വാതില്‍ പൊളിച്ച് മോഷണം നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. മോഷ്ടാക്കള്‍ അയല്‍ സംസ്ഥാനത്തേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഇതിന്റെയടിസ്ഥാനത്തില്‍ പോലീസ് വിവിധ സംസ്ഥാനങ്ങളിലേക്ക് തിരിച്ചു. ഈ മാസം മൂന്നിന് രാത്രിയാണ് അയനിക്കോട് കാക്കാത്തോട് പാലത്തിന് സമീപം ചുണ്ടിയന്‍മൂച്ചി മുഹമ്മദ് അന്‍വറിന്റെ വീട്ടില്‍ മോഷണം നടന്നത്. 28 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 50,000രൂപയും മോഷണം പോയത്. എളങ്കൂറിലുള്ള ഭാര്യവീട്ടില്‍ നോമ്പുതുറക്ക് പോയ നേരത്തായിരുന്നു മോഷണം.
രാത്രി പതിനൊന്നരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. കോണ്‍ക്രീറ്റ് വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. അന്വേഷണത്തിന്റെ ഭാഗമായി മലപ്പുറത്തുനിന്നുള്ള വിരലടയാള വിദഗ്ധരും സ്ഥലം സന്ദര്‍ശിച്ചിരുന്നു.
സംഭവത്തില്‍ വണ്ടൂര്‍ സിഐ മൂസ വള്ളിക്കാടന്‍,എസ് ഐ മനോജ് പറയട്ട എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി അയല്‍ സംസ്ഥാനങ്ങളില്‍ പോലീസ് അന്വേഷിച്ച് വരികയാണിപ്പോള്‍.