യുവാവിന്റെ മരണം; പുറത്തൂരില്‍ നാട്ടുകാര്‍ ആശുപത്രി ജീവനക്കാരെ പൂട്ടിയിട്ടു

Posted on: August 11, 2013 7:46 am | Last updated: August 11, 2013 at 7:46 am
SHARE

തിരൂര്‍: ചികിത്സ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാര്‍ അനാസ്ഥ കാട്ടിയെന്നാരോപിച്ച് പുറത്തൂര്‍ സി എച്ച് സിയില്‍ സംഘര്‍ഷം. മണിക്കൂറുകളോളം ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരെ ബന്ധിയാക്കിയ പ്രതിഷേധക്കാര്‍ ഉച്ചയോടെയാണ് പിരിഞ്ഞു പോയത്. ഇന്നലെ രാവിലെയാണ് സംഭവം.
വെള്ളിയാഴ്ച വൈകിട്ട് പുഴയില്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്നാണ് പുറത്തൂര്‍ ഉണ്ടപ്പടി പടിഞ്ഞാറെപീടിയേക്കല്‍ കമ്മുക്കുട്ടിയുടെ മകന്‍ ഉമര്‍ഫാറൂഖ്(22) മരിച്ചത്. എന്നാല്‍ മുങ്ങിയ ഉടനെ ഇയാളെ കൂട്ടുകാര്‍ രക്ഷപ്പെടുത്തി അടുത്തുള്ള പുറത്തൂരിലെ സി എച്ച് സിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാരില്ലാത്തതിനാല്‍ ചികിത്സ വൈകുകയായിരുന്നു.
പിന്നീട് ഇയാളെ കൊണ്ടുപോകാനായി ആശുപത്രിയിലെ ആംബുലന്‍സ് അന്വേഷിച്ചെങ്കിലും ഡ്രൈവറും ഉണ്ടായിരുന്നില്ല. ഏറെ നേരം കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ തിരൂരിലെ ജില്ലാആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. യഥാസമയം ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. യുവാവിന്റെ മരണ കാരണം ജീവനക്കാരുടെ അനാസ്ഥയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
രാവിലെ പ്രതിഷേധവുമായി എത്തിയവര്‍ ഏറെ നേരം കഴിഞ്ഞും ആശുപത്രി അധികൃതര്‍ എത്താതിരുന്നതില്‍ ക്ഷുഭിതരായി. ഇതേതുടര്‍ന്ന് ആംബുലന്‍സ് റോഡില്‍ കൊണ്ടുവന്ന് ഗതാഗതവും സ്തംഭിപ്പിച്ചു. വിവരമറിഞ്ഞ് കൂടുതല്‍ പേര്‍ എത്തിയതോടെ സംഭവസ്ഥലം ജനസാഗരമായി. ഇതിനിടെ ചിലര്‍ ആശുപത്രിയുടെ ചില്ലുകളും എറിഞ്ഞ് തകര്‍ത്തു.
മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുല്ലക്കുട്ടി, ഡെപ്യൂട്ടി ഡി എം ഒ. മേരി മാത്യു തുടങ്ങിയവര്‍ സ്ഥലത്തെത്തിയത്. നടപടിയെടുക്കാമെന്ന് അവര്‍ അറിയിച്ചെങ്കിലും ഉടന്‍ വേണമെന്നായി നാട്ടുകാര്‍.
ഒടുവില്‍ മെഡിക്കല്‍ ഓഫീസറോട് ഒരാഴ്ച അവധിയില്‍ പ്രവേശിക്കാന്‍ ഉത്തരവിട്ടതോടെയാണ് രംഗം ശാന്തമായത്.
ഇത് കൂടാതെ തിങ്കളാഴ്ച ആര്‍ ഡി ഒ ചേമ്പറില്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി.