ഓണം ഖാദിമേള 13ന് തുടങ്ങും; 10 കോടി വില്‍പനാലക്ഷ്യം

Posted on: August 11, 2013 7:43 am | Last updated: August 11, 2013 at 7:43 am
SHARE

കണ്ണൂര്‍: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന ജില്ലാതല ഖാദി ഓണം മേള ഈ മാസം 13 മുതല്‍ നടക്കുമെന്ന് വൈസ് ചെയര്‍മാന്‍ കെ പി നൂറുദ്ദീന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 13ന് രാവിലെ 10 മണിക്ക് ടൗണ്‍ സ്‌ക്വയറിന് സമീപത്തെ ഖാദി ഗ്രാമ സൗഭാഗ്യയില്‍ തുറമുഖ മന്ത്രി കെ ബാബു ഉദ്ഘാടനം ചെയ്യും. ഖാദി സില്‍ക്ക് മേള ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ പി നൂറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ആദ്യവില്‍പന കെ എം ഷാജി എം എല്‍ എയും സമ്മാന കൂപ്പണ്‍ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ എ സരളയും ഉദ്ഘാടനം ചെയ്യും. ഓണം വില്‍പനയിലൂടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 10 കോടി രൂപയുടെ വില്‍പന ലക്ഷ്യമിടുന്നതായി കെ പി നൂറുദ്ദീന്‍ പറഞ്ഞു. കേരളത്തില്‍ 100 കോടിയാണ് വില്‍പന ലക്ഷ്യമിടുന്നത്.
ഓണം മേളയുടെ ഭാഗമായി സംസ്ഥാനതലത്തില്‍ മെഗാ സമ്മാനപദ്ധതി നടപ്പാക്കും. ഓരോ 1000 രൂപയുടെ പര്‍ച്ചേസിനും സമ്മാനക്കൂപ്പണ്‍ നല്‍കും. ഒന്നാം സമ്മാനമായി മാരുതി ആള്‍ട്ടോ കാറും രണ്ടാം സമ്മാനമായി ആക്ടീവ സ്‌കൂട്ടറും മൂന്നാം സമ്മാനമായി എല്‍ ഇ ഡി. ടി വിയും നാലാം സമ്മാനമായി ലാപ്‌ടോപ്പും അഞ്ചാം സമ്മാനമായി വാഷിംഗ് മെഷീനും നല്‍കും. ജില്ലാതലത്തില്‍ ആഴ്ചതോറും ഒരു ഗ്രാം സ്വര്‍ണ നാണയം, രണ്ടാം സമ്മാനമായി 1500 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍, മൂന്നാം സമ്മാനമായി 750 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ സമ്മാനം നല്‍കും. സില്‍ക്ക് മേളയില്‍ സില്‍ക്ക് സാരി വാങ്ങുന്നവര്‍ക്ക് പ്രത്യേക സമ്മാന പദ്ധതി ആവിഷ്‌കരിക്കും. ഒന്നും രണ്ടും മൂന്നും സമ്മാനമായി ഫ്രിഡ്ജ്, ജ്യൂസ് മെഷീന്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ എന്നിവ നല്‍കും.
പത്രസമ്മേളനത്തില്‍ ഡയറക്ടര്‍ കെ അനന്തന്‍, കെ വി ഗിരീഷ് കുമാര്‍, മൊയ്തീന്‍ കുട്ടി, ഫാറൂഖ് എന്നിവര്‍ പങ്കെടുത്തു.