ഗൂര്‍ഖാലാന്റ് പ്രക്ഷോഭം: അന്ത്യശാസനവുമായി മമത

Posted on: August 11, 2013 2:08 am | Last updated: August 11, 2013 at 2:08 am
SHARE

mamathaഡാര്‍ജിലിംഗ്: ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം ആവശ്യപ്പെട്ട് ഡാര്‍ജിലിംഗില്‍ ജി ജെ എം (ഗൂര്‍ഖ ജനമുക്തി മോര്‍ച്ച) നടത്തുന്ന അനിശ്ചിതകാല ബന്ദ് 72 മണിക്കൂറിനകം അവസാനിപ്പിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അന്ത്യശാസനം നല്‍കി. ബന്ദ് എട്ട് ദിവസം പിന്നിട്ടുണ്ട്. ഭിന്നിപ്പിച്ച് ഭരിക്കല്‍ നയം കേന്ദ്ര സര്‍ക്കാര്‍ പിന്തുടരരുതെന്നും സംസ്ഥാനത്തിന്റെ കാര്യത്തില്‍ ഇടപെടരുതെന്നും അവര്‍ പറഞ്ഞു.
തെലങ്കാന രൂപവത്കരണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വിഭജന ആവശ്യം പൊടിതട്ടിയെടുത്ത ജി ജെ എം നേതാക്കളുടെ അനിശ്ചിതകാല ബന്ദിനെ സെക്രട്ടേറിയറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മമത അപലപിച്ചു. ഡാര്‍ജിലിംഗിനെ വേര്‍പ്പെടുത്താന്‍ സമ്മതിക്കില്ല. ആഴത്തിലുള്ള ഹൃദയബന്ധം ഡാര്‍ജിലിംഗുമായി തനിക്കുണ്ട്. മേഖലയിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുണ്ടെന്ന കാര്യം ഡാര്‍ജിലിംഗിലെ ജനങ്ങള്‍ മനസ്സിലാക്കണം. ഇക്കാര്യത്തില്‍ താന്‍ കണിശക്കാരിയാണ്. സ്വാതന്ത്ര്യദിനമാണ് വരുന്നത്. ബന്ദ് കാരണം നിശ്ചലാവസ്ഥ ഉണ്ടാകാന്‍ പാടില്ല. സ്‌കൂളുകളും ഓഫീസുകളും തുറന്നുപ്രവര്‍ത്തിക്കേണ്ടതുണ്ട്. അവര്‍ പറഞ്ഞു.
ചെയര്‍മാന്‍ രാജി സമര്‍പ്പിച്ചതിനാല്‍ അധികാരമേറ്റെടുക്കാന്‍ ഗൂര്‍ഖ ടെറിട്ടോറിയല്‍ അഡ്മിനിസ്‌ട്രേഷനിലെ രണ്ടാമനെ ഏല്‍പ്പിച്ചിട്ടുണ്ട്. സമാധാനപൂര്‍ണമായ സാഹചര്യമൊരുക്കി വികസനത്തിലേക്ക് കുതിക്കാന്‍ ടെറിട്ടോറിയല്‍ നേതൃത്വത്തോട് അഭ്യര്‍ഥിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ അതിന്റെ ഭരണഘടനാപരമായ കര്‍ത്തവ്യം നിറവേറ്റും. കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുമെന്നും മമത മുന്നറിയിപ്പ് നല്‍കി.
അതേസമയം, ആയുധം കൈവശം വെച്ചതിനും വധോദ്യമത്തിനും മുതിര്‍ന്ന ജി ജെ എം നേതാവിനെ അറസ്റ്റ് ചെയ്തു. ജി ജെ എമ്മിന്റെ ഡാര്‍ജിലിംഗ് ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് നാരായണ്‍ പ്രധാന്‍ ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായ ജി ജെ എം പ്രവര്‍ത്തകരുടെ എണ്ണം 149 ആയി. അതിനിടെ, ബന്ദ് കാരണം രൂക്ഷമായ ഭക്ഷ്യധാന്യ ക്ഷാമമാണ് അനുഭവപ്പെടുന്നത്. ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. സിക്കിമിലേക്കുള്ള പ്രധാന പാതയായ ദേശീയ പാത 31 എയിലും ഗതാഗതം സ്തംഭിച്ചു.