Connect with us

National

ഇന്ത്യ- ബംഗ്ലാ അതിര്‍ത്തി കരാര്‍ ബില്‍ നാളെ പാര്‍ലിമെന്റില്‍

Published

|

Last Updated

ഗുവാഹത്തി: പ്രധാന പ്രതിപക്ഷമായ ബി ജെ പിയുടെ എതിര്‍പ്പ് വകവെക്കാതെ ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തി കരാറിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ കേന്ദ്രസര്‍ക്കാര്‍ നാളെ പാര്‍ലിമെന്റില്‍ അവതരിപ്പിക്കും. 129 ാം ഭരണഘടനാ ഭേദഗതി ബില്‍ നാളെ രാജ്യസഭയിലാണ് അവതരിപ്പിക്കുക.
ബില്‍ പാസ്സായാല്‍ ഇന്ത്യ- ബംഗ്ലാ അതിര്‍ത്തിയിലെ 111 പ്രദേശങ്ങള്‍ ബംഗ്ലാദേശിന് കൈമാറും. രേഖാപരമായി ഇപ്പോള്‍ ബംഗ്ലാദേശിന്റെ കൈവശമുള്ള 51 പ്രദേശങ്ങള്‍ ഇന്ത്യക്ക് ലഭിക്കും. ഈ നിബന്ധനകള്‍ അടങ്ങിയ കരാറില്‍ ഒപ്പ് വെക്കാന്‍ ഭരണഘടനാ ഭേദഗതി വേണമെന്നതിനാല്‍ കരാര്‍ നിലവില്‍ വരുന്നത് നീണ്ടുപോയി. കരാര്‍ പ്രാബല്യത്തിലാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്ത്യക്കു മേല്‍ സമ്മര്‍ദം ശക്തമാക്കിയിരുന്നു. ഇതിനായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ദിപു മോനി ന്യൂഡല്‍ഹിയിലെത്തി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി ചര്‍ച്ച നടത്തിയിരുന്നു. ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയെയും ദിപു കണ്ടിരുന്നു.
നേരത്തെ പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അസം ഗണ പരിഷത്തിലെ എം പിമാരുടെ കടുത്ത വിയോജിപ്പിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. പിന്നീട് ബി ജെ പിയും ബില്ലിനെതിരെ രംഗത്ത് വന്നു. ബില്‍ പാസ്സാക്കിയെടുക്കുന്നതിന് ബി ജെ പിയുടെ പിന്തുണ തേടി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ബുധനാഴ്ച എല്‍ കെ അഡ്വാനി, അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. 2011 സെപ്തംബറില്‍ പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശന വേളയില്‍ ഒപ്പ് വെച്ച അതിര്‍ത്തി കരാറിലെ വ്യവസ്ഥകളെ പുതിയ കരാര്‍ റദ്ദാക്കുമെന്ന ആശങ്കയാണ് ബി ജെ പി നേതാക്കള്‍ പങ്കുവെച്ചത്. എന്നാല്‍ ബില്ലിനെ പിന്തുണക്കുമെന്നോ ഇല്ലെന്നോ തീര്‍ത്ത് പറയാന്‍ അവര്‍ തയ്യാറായില്ല.
ബില്‍ പാസ്സായാല്‍ അസമില്‍ നിന്നുള്ള പ്രദേശങ്ങളാണ് ബംഗ്ലാദേശിന് വിട്ടുകൊടുക്കേണ്ടി വരിക. ഇതാണ് അസം ഗണ പരിഷത്തിന്റെയും ബി ജെ പി സംസ്ഥാന ഘടകത്തിന്റെയും ആധി. എന്നാല്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി ബില്ലിനെ എതിര്‍ക്കുന്നില്ല. സംസ്ഥാന ഘടകത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ബി ജെ പി ദേശീയ നേതൃത്വം ബില്ലിനെ തത്കാലം എതിര്‍ക്കുന്നുണ്ടെങ്കിലും സഭയില്‍ അവര്‍ വ്യത്യസ്ത നിലപാടിലെത്തുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
ഈ വര്‍ഷം അവസാനത്തോടെ കരാര്‍ നിലവില്‍ വരുന്ന വിധത്തില്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിന് തന്ത്രപരമായ ചില കാരണങ്ങള്‍ ഉണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന അധികാരത്തില്‍ തിരിച്ചെത്തണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. കരാര്‍ നിലവില്‍ വന്നാല്‍ അവര്‍ക്ക് അത് വലിയ മുന്നേറ്റം നല്‍കും. ഹസീനയുടെ അവാമി ലീഗ്, ഖാലിദാ സിയയുടെ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് വന്‍ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ കരാര്‍ ഭരണകക്ഷിക്ക് പിടിവള്ളിയാകുമെന്നാണ് കണക്കു ്കൂട്ടല്‍.