Connect with us

Eranakulam

ഉമ്മന്‍ ചാണ്ടിക്ക് താക്കീതുമായി നാല് ഘടകകക്ഷികള്‍

Published

|

Last Updated

കൊച്ചി: യു ഡി എഫിലെ ചെറുകക്ഷികള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെതിരെ കുറുമുന്നണിയുമായി രംഗത്തുവന്നു. ഘടകക്ഷികളുമായി കൂടിയാലോചനകളും ചര്‍ച്ചകളും ഇല്ലാത യു ഡി എഫിന് മുന്നോട്ട് പോകാനാകില്ലെന്ന് ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന കുറുമുന്നണി യോഗത്തിന് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഘടകകക്ഷി നേതാക്കളായ കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍, ജെ എസ് എസ് പ്രസിഡന്റ് എ എന്‍ രാജന്‍ ബാബു, സി എം പി നേതാവ് കെ ആര്‍ അരവിന്ദാക്ഷന്‍ എന്നിവര്‍ പറഞ്ഞു.
എല്‍ ഡി എഫിന്റെ സമരം പൊളിക്കാന്‍ പട്ടാളത്തെ വിളിച്ചത് സര്‍ക്കാറിന്റെ പിടിപ്പുകേടാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള കുറ്റപ്പെടുത്തി. സമരം നേരിടാന്‍ കേന്ദ്ര സേനയെ വിളിച്ചത് യു ഡി എഫിന്റെ അറിവോടെയല്ല. സമരത്തിന് കാരണമായ വസ്തുതകള്‍ യു ഡി എഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇത് ശരിയായ നടപടിയല്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
സര്‍ക്കാറിന്റെ ഈ നീക്കം എല്‍ ഡി എഫിന് ആത്മവിശ്വാസം പകരുകയാണ്. ഇത്തരം നടപടികളിലൂടെ സമരത്തെ വലുതാക്കിയത് ആഭ്യന്തരവകുപ്പാണ്. എല്‍ ഡി എഫിന്റെ അന്യായ സമരം തനിയെ ചരമഗീതം പാടി അവസാനിക്കുമായിരുന്നു. ഇപ്പോള്‍ അതിന് വലിയ സംഭവ പരിവേഷം നല്‍കി.
സെക്രട്ടേറിയറ്റിന്റെ ഒരു ഗേറ്റ് സംരക്ഷിക്കാന്‍ പോലും കഴിവില്ലാത്ത വിധം സര്‍ക്കാര്‍ കഴിവുകെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു ഡി എഫ് യോഗം ചേര്‍ന്നിട്ട് രണ്ടു മാസത്തിലധികം ആയെന്നും മുന്നണി ഐക്യമുന്നണിയായി അല്ല പ്രവര്‍ത്തിക്കുന്നതെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. സര്‍ക്കാറും മുന്നണിയും മോശം സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും യോഗം വിളിക്കാന്‍ തയാറാകുന്നില്ല. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള അവസരമാണ് ഇതുമൂലം നഷ്ടമായത്. മുന്നണിയിലെ കാര്യങ്ങളെക്കുറിച്ച് യു ഡി എഫ് കണ്‍വീനര്‍ക്ക് പോലും അറിവില്ലാത്ത അവസ്ഥയാണ്.
യു ഡി എഫിനെ സംരക്ഷിക്കാനാണ് തങ്ങള്‍ യോഗം ചേര്‍ന്നതെന്നും ജനങ്ങളോടു തങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേര്‍ത്തു.
അവകാശങ്ങള്‍ എഴുതിനല്‍കിയാല്‍പ്പോലും തീരുമാനം ഉണ്ടാകാത്ത സ്ഥിതി വിശേഷമാണ് യു ഡി എഫിലെന്ന് ജെ എസ് എസ് നേതാവ് എ. എന്‍ രാജന്‍ ബാബു പറഞ്ഞു. തലമുതിര്‍ന്ന നേതാക്കളായ ഗൗരിയമ്മയെയും ബാലകൃഷ്ണപിള്ളയെയും എം വി രാഘവനെയും അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് മുന്നണിയിലുണ്ടാകുന്നത്. ഇവരോടു കാര്യങ്ങള്‍ ആലോചിക്കാന്‍ മുന്നണിയിലെ ചിലര്‍ക്ക് മടിയാണെന്നും അദ്ദേഹം ആരോപിച്ചു.
മുന്നണി യോഗങ്ങള്‍ ബഹിഷ്‌കരിക്കാന്‍ വരെ തീരുമാനിച്ച തങ്ങള്‍ പിന്നീട് ഉമ്മന്‍ ചാണ്ടിയെ സംരക്ഷിക്കാനാണ് അത് മരവിപ്പിച്ചതെന്നും ആ തീരുമാനം ദൗര്‍ബല്യമായി കാണരുതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. തങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാറിനും ഒപ്പം നില്‍ക്കുകയായിരുന്നു. എന്നാല്‍ യോഗം പോലും വിളിക്കാതെ ഏകപക്ഷീയ നിലപാട് അംഗീകരിക്കാനാകില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
മുന്നണി യോഗം അടിയന്തരമായി വിളിച്ചു കൂട്ടണമെന്ന് അരവിന്ദാക്ഷന്‍ ആവശ്യപ്പെട്ടു. എല്‍ ഡി എഫ് സമരത്തെ പെരുപ്പിച്ച് കാട്ടുന്നത് സര്‍ക്കാറാണെന്നും രാഷ്ട്രീയമായി നേരിടേണ്ട സമരത്തെ പട്ടാളത്തെ വിളിച്ചുവരുത്തി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ യോഗം ചേര്‍ന്നത് കുറു മുന്നണി ഉണ്ടാക്കാനല്ലെന്നും യു ഡി എഫിനെ ദിശാബോധത്തോടെ മുന്നോട്ട് കൊണ്ടുപോകുകയെന്നതാണ് ലക്ഷ്യമിടുന്നതെന്നും നേതാക്കള്‍ പറഞ്ഞു. യോഗം പ്രത്യേകം വിളിച്ചു ചേര്‍ത്തതല്ലെന്നും നാല് കക്ഷികളുടെയും നേതാക്കന്മാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് വന്നപ്പോള്‍ ഉടനടി തീരുമാനിച്ചതാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

Latest