എംബസി അധികൃതരോ ബന്ധുക്കളോ തിരിഞ്ഞുനോക്കിയില്ല; സഊദി പൗരന്‍ എട്ട് മാസമായി കേരളത്തില്‍ തടവറയില്‍

Posted on: August 11, 2013 1:45 am | Last updated: August 11, 2013 at 1:45 am
SHARE

jailകണ്ണൂര്‍: എട്ട് മാസമായി കേരളത്തിന്റെ തടവറയില്‍ കഴിയുന്ന സഊദി പൗരനെ തേടി ആരുമെത്തിയില്ല. മതിയായ യാത്രാരേഖകളില്ലാതെ കേരളത്തിലെത്തിയതിന് പോലീസ് പിടികൂടി ജയിലിലടച്ച യുവാവിനെയാണ് മാസങ്ങളായിട്ടും സ്വന്തം നാട്ടില്‍ നിന്ന് ആരുമന്വേഷിക്കുകയോ തേടിയെത്തുകയോ ചെയ്യാത്തത്. സഊദി മക്ക മര്‍ത്തുല്ലലാമിലെ അബ്ദുല്‍ ബശീര്‍ സയ്യിദ് ഹുസൈനാ (36) ണ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നത്. പാസ്‌പോര്‍ട്ടും വിസയും ഉള്‍പ്പെടെയുള്ള യാത്രാരേഖകളില്ലാത്തതിനാണ് കാസര്‍ക്കോട്ടുനിന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് 2012 ഡിസംബര്‍ 11ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിക്കുകയായിരുന്നു. രണ്ട് കേസുകളാണ് ഇയാള്‍ക്കെതിരെ കേരളത്തില്‍ നിലവിലുള്ളത്. രണ്ടും യാത്രാരേഖകളില്ലാത്തിനാണ്. കാസര്‍കോട് പോലീസും ഹോസ്ദുര്‍ഗ് പോലീസും പാസ്‌പോര്‍ട്ട് ആക്ട് അനുസരിച്ചാണ് കേസെടുത്തത്. എന്നാല്‍ യുവാവിനെ ജാമ്യത്തിലിറക്കാന്‍ ഇതുവരെ ആരുമെത്തിയിട്ടില്ല.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മറ്റു തടവുകാര്‍ക്കൊപ്പം ഇണങ്ങി കഴിയുന്ന അബ്ദുല്‍ ബശീര്‍ സയ്യിദ് ഹുസൈന്‍ ഇടക്ക് അല്‍പ്പം മാനസിക അസ്വാസ്ഥ്യവും പ്രകടിപ്പിക്കുന്നുണ്ടെന്ന് ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പ പറഞ്ഞു. അറബിയും ഹിന്ദിയും നന്നായി സംസാരിക്കുന്ന ഈ യുവാവിന് ജയിലിനകത്ത് സുഹൃത്തുക്കളേയും ലഭിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് യുവാവിന്റെ റിമാന്‍ഡ് പുതുക്കി വരികയാണ്. അബ്ദുല്‍ ബശീറിന്റെ പൂര്‍വികര്‍ പാക്കിസ്ഥാനിലായിരുന്നുവെന്നും പിന്നീട് സഊദിയിലേക്ക് കുടിയേറിയതാണെന്നുമാണ് യുവാവ് ജയില്‍ അധികൃതര്‍ക്കു നല്‍കിയ വിവരം. യുവാവ് നല്‍കിയ പല ഫോണ്‍ നമ്പറുകളിലും ജയില്‍ അധികൃതര്‍ ബന്ധപ്പെട്ടുവെങ്കിലും നിരാശയായിരുന്നു ഫലം.
സഊദിയില്‍ നിന്നും പാക്കിസ്ഥാനിലും പിന്നീട് മുംബൈയിലുമെത്തിയ യുവാവ് എങ്ങനെയോ കാസര്‍കോട്ടെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്. അടുത്ത ബന്ധുക്കളെല്ലാം സഊദിയിലാണെന്നും യുവാവ് പറയുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള മുപ്പത് വിദേശ തടവുകാരില്‍ 28 പേരും ബംഗ്ലാദേശികളാണ്. അബ്ദുല്‍ ബശീറിനു പുറമെ, ശ്രീലങ്കന്‍ പൗരനായ നന്ദന ശിവമണി ആന്റണിയാണ് ഇതേ കുറ്റത്തിനു റിമാന്‍ഡില്‍ കഴിയുന്ന മറ്റേയാള്‍. റമസാനില്‍ ജയിലിനകത്ത് വ്രതാനുഷ്ഠാനങ്ങളോടെ നോമ്പ് ആചരിച്ച അബ്ദുല്‍ ബശീര്‍, പെരുന്നാള്‍ ദിനത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ നല്‍കിയ ചിക്കന്‍ ബിരിയാണി സഹതടവുകാര്‍ക്കൊപ്പം കഴിച്ചു ആഘോഷത്തില്‍ പങ്ക് ചേര്‍ന്നു.
മോചനം ഇനിയെന്ന് എന്ന കാര്യത്തില്‍ അബ്ദുല്‍ ബശീറിനും ജയില്‍ അധികൃതര്‍ക്കും യാതൊരു അറിവുമില്ല. റിമാന്‍ഡ് കാലയളവ് ശിക്ഷ അനുഭവിച്ചതായി കണക്ക് കൂട്ടുമെന്നതു മാത്രമാണ് ഏക ആശ്വാസം. നൂറുകണക്കിനു മലയാളികള്‍ സഊദിയിലെ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. സഊദി എംബസിയോ മറ്റാരെങ്കിലുമോ തന്നെ അന്വേഷിച്ച് എപ്പോഴെങ്കിലുമെത്തുമെന്ന ഒരു നേരിയ പ്രതീക്ഷ ഇപ്പോഴും അബ്ദുല്‍ ബശീര്‍ പുലര്‍ത്തുന്നുണ്ട്.