അടങ്ങാത്ത അതിര്‍ത്തിക്കളികള്‍

Posted on: August 11, 2013 1:25 am | Last updated: August 11, 2013 at 1:25 am
SHARE

kashmirഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാധാന ചര്‍ച്ചകളുടെ കഴുത്തറുത്ത് ഒരിക്കല്‍ കൂടി അതിര്‍ത്തിയില്‍ ചോര വീണിരിക്കുന്നു. ലോകത്തെ ഏറ്റവും അസ്വാഭാവികമായ അതിര്‍ത്തി പങ്കിടുന്ന ഈ രാജ്യങ്ങള്‍ തമ്മില്‍ ഒരു കാലത്തും സമാധാനപരമായ സഹവര്‍ത്തിത്വം സാധ്യമാകില്ലെന്ന് പ്രവചിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരെ മാത്രം ആനന്ദിപ്പിക്കുന്ന വാര്‍ത്തകളാണ് നിയന്ത്രണ രേഖയില്‍ നിന്ന് കേള്‍ക്കുന്നത്. ഈ മഞ്ഞുമലകളില്‍ മരിച്ചു വീഴുന്ന സൈനികരുടെ എണ്ണം വര്‍ഷംതോറും കുറഞ്ഞു വരുന്നുവെന്ന യാഥാര്‍ഥ്യം ഇരു പക്ഷത്തേയും മനുഷ്യസ്‌നേഹികള്‍ക്ക് ആശ്വാസം പകരുകയും അതിര്‍ത്തിക്കപ്പുറത്ത് ഒരു സിവിലിയന്‍ സര്‍ക്കാര്‍ അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കി വ്യവസ്ഥാപിതമായ തിരഞ്ഞെടുപ്പ് നടത്തി, പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് ചോരക്കളി ആവര്‍ത്തിച്ചിരിക്കുന്നത്. നവാസ് ശരീഫ് ചര്‍ച്ചകളുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു. അവിശ്വാസത്തിന്റെ മുറിവുകളില്‍ ഉപ്പ് പുരട്ടാന്‍ ഇന്ത്യയും ഒരുക്കമാണ്. ചര്‍ച്ചയുടെ വിശാലമായ സാധ്യതകളിലേക്കാണ് ഇരുപക്ഷത്തേയും രാഷ്ട്രീയ നേതൃത്വം സഞ്ചരിക്കുന്നത്. ന്യൂയോര്‍ക്കില്‍ യു എന്‍ സമ്മേളനത്തോടനുബന്ധിച്ച് മന്‍മോഹന്‍ സിംഗും നവാസ് ശരീഫും കാണാനിരിക്കുന്നു. അതിന് മുമ്പ് സെക്രട്ടറിതല ചര്‍ച്ചകള്‍ നടക്കുന്നു. ഇത്തരം ഘട്ടങ്ങളില്‍ നുഴഞ്ഞു കയറ്റങ്ങളോ വെടിവെപ്പോ പ്രകോപനപരമായ നടപടികളോ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. കൃത്യമായി ആവര്‍ത്തിക്കപ്പെടുന്ന ദുരന്തമാണ് ഇത്. അഞ്ച് മനുഷ്യരുടെ ജീവനെടുത്താണ് ഇത്തവണ പാക്- ഇന്ത്യന്‍ ജനതകളുടെ ശത്രുക്കള്‍ വിജയം ആഘോഷിച്ചിരിക്കുന്നത്.
ജനുവരിയില്‍ രണ്ട് ലാന്‍സ്‌നായിക്കുമാര്‍ കൊല്ലപ്പെട്ടിരുന്നു. അന്നും ഇന്നത്തെപ്പോലെ ആ ക്രൂരകൃത്യത്തിന്റെ കര്‍ത്തൃത്വം ആര്‍ക്കെന്ന തര്‍ക്കം ഉയര്‍ന്നുവന്നു. പാക് സൈനികരാണെന്ന് ഇന്ത്യന്‍ സൈനിക, സിവിലിയന്‍ നേതൃത്വം പറഞ്ഞു. രാഷ്ട്രത്തിന് അതില്‍ പങ്കില്ലെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ആണയിട്ടു. തീവ്രവാദ ഗ്രൂപ്പുകളെ അവര്‍ പഴിച്ചു. ദേശസ്‌നേഹത്തിന്റെ അളവുകോലിനാല്‍ വിധിക്കപ്പെടും എന്നതിനാല്‍ ഇന്ത്യയിലെ വിദഗ്ധരും രാഷ്ട്രീയ നേതൃത്വവും നമ്മുടെ സൈനിക നേതൃത്വം പറയുന്നതിനപ്പുറത്തേക്ക് ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. ലാന്‍സ്‌നായിക് ഹേംരാജിനെ വധിക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ തലയറുത്ത് കൊണ്ടുപോകുക കൂടി ചെയ്തത് സംഭവത്തിന്റെ സ്വഭാവം തന്നെ മാറ്റിക്കളഞ്ഞു. പാക് സൈന്യത്തിന്റെ കൊടുംക്രൂരതയായും കുറച്ചുകൂടി കടന്ന് പാക്കിസ്ഥാനിയുടെ പൊതുവായ മാനസികനിലവാരമായും സംഭവം ആഘോഷിക്കപ്പെട്ടു.
മറ്റൊരു കാര്‍ഗില്‍ മണത്തതാണ് അന്ന്. ഇരുപക്ഷത്തേയും സിവിലിയന്‍ നേതൃത്വം കൈക്കൊണ്ട അവധാനപൂര്‍ണമായ സമീപനമാണ് ചിത്രം മാറ്റിയെഴുതിയത്. പാക്കിസ്ഥാന്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ദിനങ്ങളിലൂടെ കടന്നുപോകുകയായിരുന്നു അന്ന്. സൈന്യവും കോടതിയും സര്‍ക്കാറിനെ താഴെയിറക്കാന്‍ കൈകോര്‍ക്കുകയായിരുന്നു അവിടെ. ചരിത്രത്തിലാദ്യമായി കാലാവധി പൂര്‍ത്തിയാക്കിയ സിവിലിയന്‍ സര്‍ക്കാറിന് തുടര്‍ച്ചയുണ്ടാകരുതെന്ന് ആഗ്രഹിച്ച ശക്തികളെല്ലാം ഒറ്റക്കെട്ടാകുന്ന സ്ഥിതിയാണ് അവിടെ അന്ന് കണ്ടത്. അപ്പോള്‍ ഒരു ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത് ഗുണം ചെയ്യുക ഈ ശക്തികള്‍ക്കാണെന്ന് അവിടുത്തെ പി പി പി സര്‍ക്കാര്‍ വിലയിരുത്തി. ക്ഷമാപണത്തിന് സമാനമായ പ്രസ്താവനയുമായി പാക് വിദേശകാര്യ മന്ത്രി ഹിനാ റബ്ബാനി ഖര്‍ വന്നു. ഇവിടെ സല്‍മാന്‍ ഖുര്‍ഷിദും പോസിറ്റീവായി പ്രതികരിച്ചു. രാഷ്ട്രീയ നേട്ടത്തിന് അതിര്‍ത്തിയെ ഉപയോഗിക്കുകയെന്ന പഴയ മന്ത്രം ഇപ്പോള്‍ ഉരുവിടേണ്ടതില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് കൈക്കൊണ്ടത്. അക്രമാസക്ത ദേശീയതയുടെ യഥാര്‍ഥ ഗുണഭോക്താക്കളാകാന്‍ ബി ജെ പിക്കാണ് സാധിക്കുകയെന്നും അവര്‍ വിലയിരുത്തി.
ഇതേ വിലയിരുത്തല്‍ തന്നെയല്ലേ ഇത്തവണ പ്രതിരോധ മന്ത്രിയുടെ വാക്കുകളില്‍ പ്രതിഫലിച്ചത്? ആക്രമണം അഴിച്ചുവിട്ടത് പാക് സൈനിക യൂനിഫോം അണിഞ്ഞെത്തിയ 20 തീവ്രവാദികളാണെന്നായിരുന്നു ആന്റണിയുടെ പ്രസ്താവന. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തികച്ചും ഉത്തരവാദിത്വത്തോടെയാണ് അദ്ദേഹം അത് പറഞ്ഞത്. കൃത്യതയുടെ പ്രശ്‌നം അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കാം. തീവ്രവാദികള്‍ തന്നെയെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന്റെ പക്കല്‍ വസ്തുതകളൊന്നും ഇല്ലായിരിക്കാം. പക്ഷേ, ആ പ്രസ്താവനക്ക് പ്രായോഗികതയുടെ പിന്‍ബലമുണ്ടായിരുന്നു. ഊഷ്മളതയിലേക്ക് വളരുന്ന ഇന്ത്യാ- പാക് ബന്ധത്തിന് വെള്ളവും വളവും പകരുന്നതായിരുന്നു ആ പ്രഖ്യാപനം. പാക് സൈന്യം തന്നെയാണ് (പാക്കിസ്ഥാന്‍ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് എന്നാണ് ഇന്ത്യന്‍ സൈനിക നേതൃത്വം അവരെ വിളിക്കുന്നത്) അതിര്‍ത്തി കടന്ന് ആക്രമിച്ചത് എന്നതിന് തെളിവൊന്നുമില്ല. ഭീകരവാദികളാണ് അത് ചെയ്തത് എന്നതിനുമില്ല വസ്തുതകളുടെ പിന്‍ബലം. തങ്ങള്‍ക്ക് അതില്‍ പങ്കില്ലെന്ന് പാക്കിസ്ഥാന്‍ ആണയിടുകയും ചെയ്യുന്നു. അപ്പോള്‍ പിന്നെ ആന്റണി പറഞ്ഞത് തന്നെയായിരുന്നു ഏറ്റവും അനുയോജ്യമായ പ്രതികരണം. ദീര്‍ഘകാലത്തേക്കുളള കരുതല്‍ അതില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. എന്നാല്‍, ബി ജെ പിക്ക് അത്തരം കരുതലിന്റെ ആവശ്യമില്ല. അവര്‍ പരമാവധി മുതലെടുപ്പിനിറങ്ങി. അതിവൈകാരിക ദേശീയതയില്‍ സംഘ്പരിവാറിനെ കടത്തിവെട്ടുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ ആന്റണിയെ കൊന്ന് കൊലവിളിച്ചു. സൈന്യത്തിന്റെ മൊറേല്‍ തകര്‍ന്നു തരിപ്പണമാകുന്നുവെന്ന് മുറവിളി കൂട്ടി. ആന്റണിയുടെ വസതിക്ക് പുറത്ത് പ്രകടനങ്ങള്‍ നടന്നു. അവ ലൈവായി, ചാനല്‍ ചര്‍ച്ചകള്‍ക്ക് വിഷയമായി. ഒടുവില്‍ ആന്റണിക്ക് തിരുത്തേണ്ടി വന്നു: ‘പ്രാഥമിക വിവരങ്ങള്‍ വെച്ചാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ ബോധ്യമായിരിക്കുന്നു, ആക്രമണത്തിന് പിന്നില്‍ പാക് സ്‌പെഷ്യല്‍ ഫോഴ്‌സ് തന്നെയാണ്. പാക് സൈന്യത്തിന്റെ പങ്കാളിത്തമില്ലാതെ നിയന്ത്രണ രേഖയുടെ പാക് ഭാഗത്ത് ഒന്നും നടക്കില്ല.’
ഇത് അദ്ദേഹത്തിന് നേരത്തേ പറയാമായിരുന്നു. ഇന്ത്യന്‍ സൈനിക നേതൃത്വത്തിനും അത് ഇഷ്ടമാകുമായിരുന്നു. പക്ഷേ, മുശര്‍റഫുമായുള്ള ചര്‍ച്ചയിലൂടെ സാക്ഷാല്‍ അടല്‍ ബിഹാരി വാജ്പയ് വെട്ടിത്തെളിച്ച പാതയുടെ ഇങ്ങേത്തലക്കല്‍ നിന്നായിരുന്നു ആന്റണി ആദ്യം സംസാരിച്ചിരുന്നത്. രാഷ്ട്രീയമായി ഉന്നയിക്കാനും മുതലെടുക്കാനും ഭരണസഖ്യത്തിന്റെ കൊട്ടക്കണക്കിന് കൊള്ളരുതായ്മകള്‍ ഉണ്ടായിട്ടും വാജ്പയിയുടെ പിന്‍മുറക്കാര്‍ പാക് വിരുദ്ധ വികാരം ആളിക്കത്തിക്കുകയെന്ന കുറുക്കു വഴി തേടുമ്പോള്‍ അദ്ദേഹത്തിന് തിരുത്തേണ്ടി വന്നു. ഹേംരാജിന്റെ തലയറുത്തത് ആരെന്ന് ഇന്നും തെളിഞ്ഞിട്ടില്ല. ആ മൃതദേഹം എവിടെയെന്നുമറിയില്ല. ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിക്കാറില്ല. അന്ന് എന്ത് ലക്ഷ്യത്തൊടെയാണോ അത് ചെയ്തത് അത് നടക്കാതെ പോയെന്ന് മാത്രമാണ് മുന്നിലുള്ള സത്യം.
തികച്ചും തൊഴില്‍പരമായ കാരണങ്ങള്‍ കൊണ്ട് അതിര്‍ത്തിയില്‍ നിലകൊള്ളുന്നവരാണ് സൈനികര്‍. അവര്‍ ആരുടെയും ശത്രുക്കളല്ല. മുന്നണിക്ക് വെളിയില്‍ അവരെ നിയന്ത്രിക്കുന്നവര്‍ക്ക് ഒരു പക്ഷേ ശത്രുതയുണ്ടായിരിക്കാം. അടിസ്ഥാനപരമായി പാക് വിരോധം പുലര്‍ത്തുന്നവരുണ്ടാകാം. രക്തമുറഞ്ഞ് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികന്‍ കൊതിക്കുന്നത് ശാന്തിയാണ്. സമാധാനപരമായ സഹവര്‍ത്തിത്വമാണ് അവര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് അഞ്ച് മനുഷ്യരുടെ നഷ്ടം അപരിഹാര്യം തന്നെയാണ്. പക്ഷേ, എങ്ങനെ പ്രതികരിക്കും? സമാധാന ശ്രമങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടാണോ തിരിച്ചടിക്കേണ്ടത്. അത്തരം നീക്കം ആര്‍ക്കാണ് തിരിച്ചടി നല്‍കുന്നത്? വല്ലാത്ത പ്രതിസന്ധിയാണ് ഇത്.
വലിയ സാമ്പത്തിക പരാധീനതകളിലൂടെ കടന്ന് പോകുന്ന് രാജ്യങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും. ശാശ്വത സമാധാനം സാധ്യമായാല്‍ പ്രതിരോധ രംഗത്ത് ഇടിച്ചു തള്ളുന്ന പണം വികസന മുന്നണിയിലേക്ക് വഴി തിരിച്ചു വിടാനാകും. അതിര്‍ത്തി ശാന്തമാകേണ്ടത് ഇരു കൂട്ടരുടെയും ആവശ്യമാണ്. ചൈനയില്‍ നിന്നുള്ള ഭീഷണി നേരിടുന്ന ഇന്ത്യക്ക് പ്രത്യേകിച്ചും. ഇടക്കിടക്ക് ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നവര്‍, അത് തീവ്രവാദ ഗ്രൂപ്പുകളായാലും പാക് സൈന്യമായാലും ലക്ഷ്യമിടുന്നത് സമാധാന ശ്രമങ്ങളുടെ അട്ടിമറി തന്നെയാണ്. പാക് സൈന്യം അവിടുത്തെ സിവിലിയന്‍ സര്‍ക്കാറിന്റെ വരുതിയിലല്ല. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പാക് ഭരണക്രമത്തില്‍ നിര്‍ണായക സ്വാധീനം ഉണ്ടെന്നതും യാഥാര്‍ഥ്യമാണ്. ആഭ്യന്തരമായ ഇത്തരം യാഥാര്‍ഥ്യങ്ങള്‍ക്കിടയിലും അവിടുത്തെ രാഷ്ട്രീയ നേതൃത്വം കൂടിയാലോചനകളുടെയും സൗഹൃദത്തിന്റെയും വാതിലുകള്‍ തുറന്നിടുന്നുവെങ്കില്‍ അതല്ലേ ഇന്ത്യ കണക്കിലെടുക്കേണ്ട യാഥാര്‍ഥ്യം? മറിച്ച് പ്രകോപനങ്ങളില്‍ കുടുങ്ങി അപക്വമായ പ്രതികരണത്തിലേക്ക് നീങ്ങുന്നത് കടന്നുകയറ്റക്കാരെയല്ലേ സഹായിക്കുക? ഇത്തരം കടന്നുകയറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയല്ലേ ചെയ്യുക?
ഈ കുറിപ്പ് എഴുതിത്തീരുമ്പോള്‍ ഏറ്റവും പുതിയ വാര്‍ത്ത വന്നിരിക്കുന്നു. പൂഞ്ചിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്. അല്‍പ്പം കാത്തിരുന്ന ശേഷം ഇന്ത്യന്‍ സേന തിരിച്ചും വെടിയുതിര്‍ത്തു. ചര്‍ച്ചകളിലേക്ക് നിരന്തരം വിളിക്കുന്ന ഒരു പ്രധാനമന്ത്രിയും സര്‍ക്കാറുമുള്ളപ്പോഴും എന്തുകൊണ്ടാണ് അതിര്‍ത്തിക്കപ്പുറത്തു നിന്ന് വെടിയുണ്ടകള്‍ ചീറി വരുന്നത്? ഉത്തരം തികച്ചും സങ്കീര്‍ണമാണ്. എക്കാലത്തും വളര്‍ന്നു കൊണ്ടേയിരിക്കുന്ന ആയുധ വിപണി, കോളനിവാഴ്ചയുടെ പ്രത്യക്ഷ രൂപം ഉപേക്ഷിച്ച് മടങ്ങുമ്പോള്‍ സാമ്രാജ്യത്വം വിതച്ച് പോയ സംഘര്‍ഷ സാധ്യതകള്‍, സിവിലിയന്‍ -സൈനിക അധികാര കേന്ദ്രങ്ങള്‍ തമ്മിലുള്ള വടംവലി, പല തലങ്ങളില്‍ പിടിമുറുക്കിയ തീവ്രവാദ ഗ്രൂപ്പുകള്‍…. സമാധാനത്തിന് വിഘാതങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അടിസ്ഥാനപരമായ അഭിവാഞ്ഛകളെ പ്രതിനിധാനം ചെയ്യാന്‍ നെഞ്ചുറപ്പുള്ള ഭരണകൂടം തന്നെയാണ് പരിഹാരം.

 

[email protected]

LEAVE A REPLY

Please enter your comment!
Please enter your name here