ഇന്ത്യാ പാക് ബന്ധം

Posted on: August 11, 2013 1:21 am | Last updated: August 11, 2013 at 1:21 am
SHARE

siraj copyപോലീസിലും പട്ടാളത്തിലും ആളുകള്‍ ചേരുന്നത് ജീവന്‍ ബലി നല്‍കാനാണോ?. സാമാന്യ ബുദ്ധിയും വിവരവും വിവേകവുമുള്ള ആരും ഈ പ്രസ്താവത്തോട് യോജിക്കില്ല. പോലീസിലും പട്ടാളത്തിലും ചേരുന്നവര്‍ അനിതരസാധാരണമായ സാഹചര്യങ്ങളില്‍ ജീവന്‍ ത്യജിക്കേണ്ടിവന്നേക്കുമെങ്കിലും മരിക്കാനായി മാത്രം ആരും പോലീസിലും പട്ടാളത്തിലും ചേരുന്നില്ല. നല്ലൊരു ജീവിതം തന്നെയാണ് ഇവരുടെ ലക്ഷ്യം. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ജമ്മുകാശ്മീരിലെ പൂഞ്ച് സെക്ടറില്‍ അതിര്‍ത്തി ലംഘിച്ച് അഞ്ച് ഇന്ത്യന്‍ ജവാന്മാരെ വെടിവെച്ചു കൊന്ന പാക് നടപടിയെത്തുടര്‍ന്നുള്ള പ്രതികരണങ്ങളാണ് ഇങ്ങനെയൊരു ചര്‍ച്ചക്ക് വഴിവെച്ചത്. പട്ടാളത്തിലുള്ളവര്‍ വെടിയേറ്റു മരിച്ചാല്‍ അത് അവര്‍ സ്വയം വരിച്ചതാണെന്ന ധാരണയിലാണ് ബീഹാറിലെ പഞ്ചായത്തിരാജ് സഹമന്ത്രി ഭീം സിംഗ്. പാക് ആക്രമണത്തില്‍ മരിച്ച അഞ്ച് ജവാന്മാരില്‍ നാലു പേരും ബീഹാറുകാരായിരുന്നു. അവര്‍ക്ക് വീരോചിതമായ നിലയില്‍തന്നെ ജനങ്ങള്‍ വിടചൊല്ലുകയും ചെയ്തു. അതിനു ശേഷമാണ് മന്ത്രി ഭീം സിംഗിന്റെ വിവാദ പ്രസ്താവന. ഒരു വാര്‍ത്താ ചാനലിന്റെ റിപ്പോര്‍ട്ടറോട് സംസാരിക്കവെ അദ്ദേഹം മൊഴിഞ്ഞ വാക്കുകള്‍ അദ്ദേഹം വെച്ചുപുലര്‍ത്തുന്ന തെറ്റായ ധാരണകള്‍ പുറത്തറിയിക്കുന്നതായിരുന്നു. ‘ജവാന്‍മാര്‍ രക്തസാക്ഷികളാകാനുള്ളവരാണ്. ആളുകള്‍ പോലീസിലും പട്ടാളത്തിലും ചേരുന്നത് സ്വയം ബലിയര്‍പ്പിക്കപ്പെടാനാണ് ‘എന്നാണ് മന്ത്രിയുടെ വെളിപാട്. അനാവശ്യവും വിവരംകെട്ടതുമായ ഈ പ്രസ്താവന വലിയ വിവാദമാകാതെ പോയത്, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സന്ദര്‍ഭോചിതമായ ഇടപെടലും ക്ഷമാപണവും കൊണ്ടാണ്.
രാജ്യത്തെ ശരിക്കും നടുക്കിയ സംഭവമാണ് പൂഞ്ചിലുണ്ടായത്. ഇത് സംബന്ധിച്ച് പ്രതിരോധമന്ത്രി എ കെ ആന്റണി പാര്‍ലിമെന്റിനകത്തും പുറത്തും നടത്തിയ പ്രസ്താവന വന്‍ പ്രതിഷേധത്തിന് വകവെച്ചിരുന്നു. ഭീകരരും പാക് സൈനിക വേഷം ധരിച്ചവരുമായ സംഘം അതിര്‍ത്തി കടന്ന് നടത്തിയ ആക്രമണത്തിലാണ് അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതെന്നായിരുന്നു മന്ത്രി ആന്റണിയുടെ ആദ്യ പ്രസ്താവന. പാക്ക് പട്ടാളത്തിന് ക്ലീന്‍ചിട്ട് നല്‍കിക്കൊണ്ടുള്ള പ്രസ്താവന പാക്കിസ്ഥാനെ സഹായിക്കാനാണെന്നു വരെ പാര്‍ലിമെന്റിനകത്തും പുറത്തും ആരോപണമുയര്‍ന്നു. ഇതിന് ആന്റണി നല്‍കിയ മറുപടി ‘തനിക്ക് ലഭ്യമായ വിവരം ഇതാണെന്നായിരുന്നു. തുടര്‍ന്ന് രണ്ട് ദിവസം പാര്‍ലിമെന്റിന്റെ ഇരു സഭകളുടെയും പ്രവര്‍ത്തനം സ്തംഭിച്ചു. അടുത്ത ദിവസം തന്നെ കരസേനാ മേധാവി ജനറല്‍ ബിക്രം സിംഗ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, പാക് സേന തന്നെയാണ് പൂഞ്ചില്‍ റോന്ത് ചുറ്റുകയായിരുന്ന ഇന്ത്യന്‍ ഭടന്മാരെ ആക്രമിച്ചതെന്ന് പ്രതിരോധ മന്ത്രി ആന്റണി മാറ്റിപ്പറഞ്ഞു. ‘അതിര്‍ത്തിയില്‍ ഇന്ത്യ പുലര്‍ത്തുന്ന ആത്മസംയമനം ശേഷിക്കുറവായി കാണരുതെന്നും പാക് സൈന്യത്തിന്റെ നേരിട്ടുള്ള ഇടപെടലോ, സഹായമോ പിന്തുണയൊ ഇല്ലാതെ നിയന്ത്രണരേഖയില്‍ ഒന്നും സംഭവിക്കില്ലെന്ന് നമുക്കറിയാമെന്നും’ ആന്റണി വളച്ചുകെട്ടൊന്നുമില്ലാതെ പറഞ്ഞു. ഇതോടെ ഈ സംഭവത്തില്‍ പ്രതിപക്ഷം പുലര്‍ത്തിയിരുന്ന നിലപാട് മാറ്റി. രാജ്യത്തിന്റെ ഭദ്രതയും അഖണ്ഡതയും സംബന്ധിച്ച പ്രശ്‌നമായതിനാല്‍ മന്ത്രി അടക്കമുള്ളവര്‍ക്ക് സംഭവം സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ അല്‍പ്പം സമയമെടുക്കാവുന്നതായിരുന്നു. അബദ്ധങ്ങള്‍ കെട്ടി എഴുന്നള്ളിക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കുമായിരുന്നു. ഇന്ത്യന്‍ ജവാന്മാര്‍ അതിര്‍ത്തിയില്‍ അതിസാഹസത്തിന് മുതിര്‍ന്നിട്ടില്ലെന്നത് ഒരു വസ്തുതയാണ്. പ്രത്യാക്രമണത്തിന് പോലും ഇന്ത്യന്‍ സേന മുതിര്‍ന്നില്ല. എന്നിട്ടും ഇന്ത്യന്‍ ഭടന്മാര്‍ മരിച്ചത് ആരുടെ ആക്രമണത്തിലായിരുന്നുവെന്ന് ഊഹിക്കാന്‍ അസാമാന്യ ബുദ്ധിയൊന്നും ആവശ്യമില്ല. ഇന്നലേയും അതിര്‍ത്തിയില്‍ പാക് പട്ടാളം ഇന്ത്യന്‍ ജവാന്മാര്‍ക്ക് നേരെ വെടിവെച്ചു. ആക്രമണം ഏഴ് മണിക്കൂര്‍ നീണ്ടുനിന്നുവെങ്കിലും ആര്‍ക്കും അപായമില്ലെന്നാണ് വിവരം.
ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ യു എന്‍ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് അടുത്ത മാസം ന്യൂയോര്‍ക്കില്‍ നടത്താനിരുന്ന കൂടിക്കാഴ്ച ഇതോടെ അനിശ്ചിതത്വത്തിലായി. ഇരു പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയെക്കുറിച്ച് എന്തെങ്കിലും പറയാന്‍ പറ്റിയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദും വ്യക്തമാക്കിക്കഴിഞ്ഞു. ഇന്ത്യയോടുള്ള പാക് നിലപാട് എന്നും ഇങ്ങനെയൊക്കെ ആയിരുന്നു. തുറന്നമനസ്സോടെ ഉള്ള് തുറന്നുള്ള ചര്‍ച്ചകള്‍ക്കൊന്നും പാക്കിസ്ഥാന്‍ ഒരിക്കലും തയ്യാറായിരുന്നില്ല. പാക് പട്ടാളത്തിന് ഭരണകൂടത്തിലുള്ള പിടിമുറുക്കമാണ് രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തെ പലപ്പോഴും പിന്നോട്ട് വലിക്കുന്നത്. ഈ അവസ്ഥയില്‍ ഒരു മാറ്റം വരണമെങ്കില്‍ പാക് ജനത ശക്തമായ നിലപാടെടുക്കണം. ഏറ്റുമുട്ടലിന്റെ പാതയും സൈനിക നടപടികളും ഉപേക്ഷിക്കാന്‍ പാക് ഭരണകര്‍ത്താക്കള്‍ക്ക് കഴിയണം. ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നതും ഇതാണ്.