ആഹ്ലാദം തിരതല്ലി പെരുന്നാള്‍

Posted on: August 11, 2013 1:19 am | Last updated: August 11, 2013 at 1:19 am
SHARE

eid_mubarakഅബുദാബി: ഒരു മാസം നീണ്ട പ്രാര്‍ഥനക്കും ആത്മസംസ്‌ക്കരണത്തിനും പരിസമാപ്തി കുറിച്ച് രാജ്യത്തെ പൗരന്‍മാരും പ്രവാസി സമൂഹവും ചെറിയപെരുന്നാള്‍ സമുചിതമായി ആഘോഷിച്ചു. വിവിധ പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരത്തിനായി വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. ഒട്ടുമിക്ക സ്ഥലങ്ങളിലും പള്ളികള്‍ നിറഞ്ഞു കവിഞ്ഞതിനാല്‍ വിശ്വാസി സമൂഹം റോഡുകളിലും സമീപത്തെ ഫുട്പാത്തുകളിലുമായിരുന്നു പ്രാര്‍ഥനക്കായി സ്ഥലം കണ്ടെത്തിയത്. രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ അബുദാബി ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദില്‍ 40,000 പേരാണ് പ്രാര്‍ഥനക്ക് എത്തിയത്. ഇതോടൊപ്പം പള്ളിക്ക് പുറത്തും ആയിരങ്ങള്‍ നമസ്‌കാരത്തിനും പെരുന്നാള്‍ ഖുതുബക്കും സാക്ഷിയായി.
അബുദാബി കിരീടാവകാശിയും സായുധസേന ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എിവര്‍ക്കൊപ്പം മറ്റ് ശൈഖ്മാരും മുതിര്‍ ഉദ്യോഗസ്ഥരുമെല്ലാം ശൈഖ് സായിദ് മസ്ജിദില്‍ പ്രാര്‍ഥനക്ക് എത്തിയിരുന്നു. പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷം ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ നേതൃത്വത്തില്‍ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ ഖബറിടത്തില്‍ പ്രാര്‍ഥനയും നടന്നു. രാഷ്ട്രനേതാക്കളും മറ്റ് പ്രമുഖരും പ്രാര്‍ഥനക്ക് എത്തുന്നതിനാല്‍ പള്ളിയിലും പരിസരങ്ങളിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. പള്ളിയിലേക്കുള്ള എല്ലാ കവാടങ്ങളിലും പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ സുരക്ഷാ സംഘങ്ങള്‍ നിലയുറപ്പിച്ചിരുന്നു. സ്‌കാനര്‍ ഘടിപ്പിച്ച സുരക്ഷാ സംവിധാനത്തിലൂടെയായിരുന്നു വിശ്വാസികളെ പള്ളിയിലേക്ക് കടത്തിവിട്ടത്. സഊദിയില്‍ നിന്നും ഈദ് ആഘോഷിക്കാന്‍ എത്തിയ സംഘങ്ങളും പള്ളിയില്‍ പ്രാര്‍ഥനക്ക് സാക്ഷിയായി.
ദുബൈ: പെരുന്നാള്‍ നിസ്‌കാരത്തിന് പുലര്‍ച്ചെ തന്നെ മിക്കവരും പള്ളിയിലോ ഈദ്ഗാഹിലോ എത്തിയിരുന്നു. അതിനുശേഷം, ബന്ധുമിത്രാദികള്‍ പരസ്പരം ആശംസകള്‍ കൈമാറി. കേരളത്തിലും വ്യാഴം പെരുന്നാള്‍ ആയതിനാല്‍ മലയാളികളില്‍ സന്തോഷം ഇരട്ടിയായിരുന്നു. ഫോണ്‍ മുഖേന വിളിയും സന്ദേശം കൈമാറലും തകൃതിയായി നടന്നു.
യു എ ഇ ഭരണാധികാരികള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കുകൊണ്ടു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സബീല്‍ മസ്ജിദില്‍ നിസ്‌കാരത്തില്‍ പങ്കെടുത്തു.