Connect with us

Ongoing News

കേന്ദ്ര സേന എത്തിത്തുടങ്ങി; തലസ്ഥാനം 'യുദ്ധ'ത്തിന് ഒരുങ്ങുന്നു

Published

|

Last Updated

തിരുവനന്തപുരം: തിങ്കളാഴ്ച തുടങ്ങുന്ന എല്‍ ഡി എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം നേരിടാന്‍ കേന്ദ്ര സേന സംസ്ഥാനത്ത് എത്തിത്തുടങ്ങി. ഇന്ന് പുലര്‍ച്ചെയാണ് കേന്ദ്ര സേനയുടെ ആദ്യ സംഘം തിരുവനന്തപുരത്ത് എത്തിയത്. ബോര്‍ഡര്‍ സെക്യുരിറ്റി ഫോഴ്‌സ്, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, സിആര്‍പിഎഫ്, സിഐഎസ്എഫ് എന്നിവയുടെ സായുധ സംഘങ്ങളാണ് തിരുവനന്തപുരത്തെത്തിയത്. സായുധരായ 10 കമ്പനി കേന്ദ്രസേന തിരുവനന്തപുരത്ത് മാത്രമായി തമ്പടിക്കും. ഇതിന് പുറമെ 5000 പോലീസുകാരെ നഗരത്തിന് പുറത്ത് നിന്ന് ഇറക്കും.  125 ഡിവൈഎസ്പിമാരുടെയും 300 സിഐമാരുടെയും നേതൃത്വത്തിലാകും ഇത്.

യുദ്ധസമാന സാഹചര്യമാണ് തിരുവനന്തപുരത്ത് ഒരുങ്ങുന്നത്. സ്റ്റണ്‍ ഗ്രനേഡുകള്‍ അടക്കം സജ്ജീകരിച്ച വാഹനങ്ങള്‍ സമരത്തെ നേരിടാന്‍ തയ്യാറായിക്കഴിഞ്ഞു. ഉപരോധത്തെ നേരിടാന്‍ ഇറങ്ങുന്ന ഓരോ പൊലീസ് വാഹനത്തിലും സജ്ജീകരിക്കേണ്ട സന്നാഹങ്ങളെക്കുറിച്ച് കര്‍ശന നിര്‍ദേശമാണ് നല്‍കിയത്. കണ്ണീര്‍ വാതക സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ എല്ലാ വാഹനത്തിലും ഉണ്ടായിരിക്കണമെന്നും നിര്‍ദേശമുണ്ട്.

സമരക്കാരെ താമസിപ്പിക്കുന്ന ലോഡ്ജ് ഉടമകളെയും സൗകര്യം ഒരുക്കുന്ന മറ്റുള്ളവരെയും കേസില്‍ പ്രതിയാക്കും. ഇത് സംബന്ധിച്ച് രേഖാമൂലമുള്ള നിര്‍ദേശം പോലീസ് നല്‍കിക്കഴിഞ്ഞു. സമരക്കാരെ കൊണ്ടുവരുന്ന ലോറികളുടെയും ബസുകളുടെയും പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും മോട്ടോര്‍ വാഹന വകുപ്പ് രൂപംനല്‍കിയിട്ടുണ്ട്.