Connect with us

Editorial

വൈദ്യുതി നിരക്ക് കുറക്കണം

Published

|

Last Updated

കനത്ത മഴയെത്തുടര്‍ന്ന് കെ എസ് ഇ ബിയുടെ അഞ്ചെണ്ണമൊഴികെ സംസ്ഥാനത്തെ മറ്റു അണക്കെട്ടുകളെല്ലാം തുറന്നിടേണ്ടി വന്നു. കെ എസ് ഇ ബിയുടെ അണക്കെട്ടുകളില്‍ വൈദ്യുതി ഉത്പാദനം പരമാവധി വര്‍ധിപ്പിച്ചാണ് ഡാം തുറക്കേണ്ട സാഹചര്യം ഒഴിവാക്കുന്നത്. ഇതുമൂലം സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉത്പാദനം വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ദിനം പ്രതി 3.60 കോടി യൂനിറ്റ് വൈദ്യുതി വരെ ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നു. ഇതൊരു സര്‍വകാല റെക്കാര്‍ഡാണ്. സംസ്ഥാനത്തെ അണക്കെട്ടുകളിലെല്ലാം കൂടി ഇപ്പോള്‍ 375.8 കോടി യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലമുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേകാലത്ത് 90.8 കോടി യൂനിറ്റ് ഉത്പാദിപ്പിക്കാനുള്ള ജലമേ ഉണ്ടായിരുന്നുള്ളു.
ജലവൈദ്യുത നിലയങ്ങളില്‍ നിന്നുള്ള ഉത്പാദനം കൂടുമ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ ചെലവ് കുറയുന്നു. ഡാമുകളില്‍ വെള്ളം കുറവായത് മൂലം ജലവൈദ്യുതോത്പാദനം കുറഞ്ഞതിനാല്‍ കൂടിയ വിലക്ക് പുറമെ നിന്നും താപനിലയങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങുന്നതാണ് ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതിക്ക് യൂനിറ്റിന് നാല് രൂപയും താപനിലയങ്ങളില്‍ നിന്നുള്ളതിന് 11 രൂപയും വില വരുമ്പോള്‍ ജലവൈദ്യുത നിലയങ്ങളിലേതിന് ഒന്നര രൂപയില്‍ താഴെയാണ് വില. കൂടിയ വിലക്ക് വൈദ്യതി വാങ്ങുന്നത് ബോര്‍ഡ് ഇപ്പോള്‍ നിര്‍ത്തിയിട്ടുണ്ട്. ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം കെ എസ് ഇ ബി വൈദ്യുതി പുറത്തേക്ക് വില്‍ക്കാനും തുടങ്ങി. 2005-06 വര്‍ഷത്തിലാണ് ഇതിന് മുമ്പ് ബോര്‍ഡ് വൈദ്യുതി വിറ്റത്. ഇതിലൂടെ 900 കോടി രൂപ വരുമാനമുണ്ടാക്കിയിരുന്നു ഈ വര്‍ഷം വില്‍പ്പനയിലൂടെയുള്ള വരുമാനം ആയിരം കോടിയില്‍ കവിയുമെന്നാണ് പ്രതീക്ഷ.
വൈദ്യുതി ബോര്‍ഡിന് അപ്രതീക്ഷിതമായി ഇത്രയേറെ വരുമാനമുണ്ടായ സാഹചര്യത്തില്‍ കഴിഞ്ഞ മെയ് മുതല്‍ വര്‍ധിപ്പിച്ച നിരക്ക് കുറക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഡാമുകളില്‍ വെള്ളം കുറഞ്ഞ കാലത്തുണ്ടായ അധികച്ചെലവിന്റ ഭാരം ജനങ്ങളുടെ മേല്‍ കെട്ടിയേല്‍പ്പിച്ച ബോര്‍ഡിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ അതൊഴിവാക്കാനുള്ള ബാധ്യതയുണ്ട്. എന്നാല്‍ നിരക്ക് കുറക്കാനാകില്ലെന്നാണ് വകുപ്പ് മന്ത്രി അറയിച്ചത്. മാത്രമല്ല, മെയിലെ നിരക്ക് വര്‍ധനയില്‍ നിന്ന് 120 യൂനിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്‌സിഡിയുടെ കാലാവധി അവസാനിച്ചതിനാല്‍ ഈ മാസം മുതല്‍ അവരില്‍ നിന്ന് ഉയര്‍ന്ന നിരക്ക് ഈടാക്കാന്‍ ബോര്‍ഡ് യോഗം നിര്‍ദേശം നല്‍കിയിരിക്കയുമാണ്. മൂന്ന് മാസത്തേക്കാണ് സബ്‌സിഡി പ്രഖ്യാപിച്ചിരുന്നത്. ഇത് തുടരേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്ന 55 ലക്ഷം സാധാരണക്കാരുടെ കുടുംബങ്ങള്‍ ഈ മാസം മുതല്‍ ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരുമെന്നതാണ് ഇതിന്റെ ഫലം. ഈയിനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡിന് നല്‍കിയിരുന്ന സബ്‌സിഡി മാസാന്തം 35 കോടി രൂപയാണ്. വൈദ്യുതി ചാര്‍ജ് മൊത്തം കുറക്കാന്‍ ഒരുക്കമല്ലെങ്കില്‍ നിരക്ക് വര്‍ധനയില്‍ നിന്ന് ഈ വിഭാഗത്തെയെങ്കിലും ഒഴിവാക്കാനുള്ള സന്മനസ്സ് കാണിച്ചാല്‍ ബോര്‍ഡിന് വരുന്ന അധിക ബാധ്യത മാസം പ്രതി 35 കോടിയാണ്. വരുമാനം കുത്തനെ ഉയര്‍ന്നിരിക്കെ ഈ സംഖ്യ ബോര്‍ഡിനിപ്പോള്‍ സഹിക്കാകുന്നതേയുള്ളു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ബോര്‍ഡിന്റെ കമ്മി നികത്താനാണ് മെയില്‍ നിരക്ക് കൂട്ടിയത്. ഇലക്ട്രിക്‌സിറ്റി റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച കണക്ക് പ്രകാരം 1050 കോടിയാണ് ബോര്‍ഡിന്റെ കമ്മി. നിരക്ക് വര്‍ധനയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിട്ടത് 640 കോടിയും. എന്നാല്‍ ഉത്പാദനച്ചെലവിലുണ്ടായ കുറവും വൈദ്യുതി വില്‍പ്പനയും വഴി ബോര്‍ഡിന് ജൂണ്‍ മുതല്‍ മാസാന്തം 500 കോടിയില്‍ പരം രൂപ അധിക വരുമാനമുണ്ടായ കാര്യം അധികൃതര്‍ മനഃപൂര്‍വം വിസ്മരിക്കുന്നു.
സാധാരണക്കാരോടുള്ള വൈദ്യുതി ബോര്‍ഡിന്റെ മനോഭാവമിതാണെങ്കില്‍ വന്‍കിട ഉപഭോക്താക്കളോട് അനുഭാവ പൂര്‍വമാണ് സമീപനം. ബോര്‍ഡിന് കുടിശ്ശിക ഇനത്തില്‍ മാര്‍ച്ച് വരെയായി 1383 കോടി രൂപ പിരിഞ്ഞു കിട്ടാനുള്ളതില്‍ 601.23 കോടി രൂപ സ്വകാര്യ മേഖലയിലെ വന്‍കിട ഉപഭോക്താക്കളുടെതും 733.44 കോടി കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങുടേതുമാണ്. ഇത് പിരിച്ചെടുക്കാന്‍ ബോര്‍ഡ് യാതൊരു താത്പര്യവുമെടുക്കുന്നില്ല. പാവപ്പെട്ടവന്‍ ചാര്‍ജടക്കാന്‍ അല്‍പ്പം വൈകിപ്പോയാല്‍ വൈദ്യുതി വിച്ഛേദിക്കുന്നതില്‍ ശുഷ്‌കാന്തി കാണിക്കുന്ന അധികൃതര്‍ക്ക് കോടികള്‍ കുടിശ്ശിക വരുത്തിയ താപ്പാനകള്‍ക്കെതിരെ അനങ്ങാപ്പാറ നയം!

Latest